വിവാ വിഗാന്‍...
DSport
വിവാ വിഗാന്‍...
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th May 2013, 3:19 pm

 

കീഴടക്കാനാവാതെ കുതിക്കുന്നവരെ കുറിച്ചുള്ള പതിവ് ഗീര്‍വാണങ്ങള്‍ വായനക്കാരില്‍ ചെറുതായെങ്കിലും മടുപ്പുണ്ടാക്കും. എന്നാലിത്തരം ടീമുകളുടെയും താരങ്ങളുടെയും കാലൊന്നിടറിയാല്‍ ആ വാര്‍ത്തയ്ക്കുള്ള സ്വീകാര്യത വളരെയധികമാണ്. ഫുട്‌ബോളില്‍ ബ്രസീലിനും അര്‍ജന്റീനയ്ക്കുമേല്‍ക്കുന്ന പരാജയവും അത്‌ലറ്റിക്‌സില്‍ ഉസൈന്‍ ബോള്‍ട്ടിനേല്‍ക്കുന്ന തോല്‍വിയുമൊക്കെ ഈ ഗണത്തില്‍ പെടുത്താം.

line

ഹോക്ക് ഐ /വിബീഷ് വിക്രം

line

vibish-vikramകായികരംഗത്ത് മുന്‍നിര ടീമുകളുടെയും താരങ്ങളുടെയും വിജയവാര്‍ത്തകള്‍ക്ക് പലപ്പോഴും വലിയ പുതുമയില്ലാതാവുന്നത് പ്രസ്തുത മേഖലയിലെ അവരുടെ അപ്രമാദിത്യം കൊണ്ടാണ്.[]

കീഴടക്കാനാവാതെ കുതിക്കുന്നവരെ കുറിച്ചുള്ള പതിവ് ഗീര്‍വാണങ്ങള്‍ വായനക്കാരില്‍ ചെറുതായെങ്കിലും മടുപ്പുണ്ടാക്കും. എന്നാലിത്തരം ടീമുകളുടെയും താരങ്ങളുടെയും കാലൊന്നിടറിയാല്‍ ആ വാര്‍ത്തയ്ക്കുള്ള സ്വീകാര്യത വളരെയധികമാണ്. ഫുട്‌ബോളില്‍ ബ്രസീലിനും അര്‍ജന്റീനയ്ക്കുമേല്‍ക്കുന്ന പരാജയവും അത്‌ലറ്റിക്‌സില്‍ ഉസൈന്‍ ബോള്‍ട്ടിനേല്‍ക്കുന്ന തോല്‍വിയുമൊക്കെ ഈ ഗണത്തില്‍ പെടുത്താം.

ഇംഗ്ലണ്ടിന്റെ ദേശീയ സ്റ്റേഡിയമായ വെംബ്ലിയില്‍ ശനിയാഴ്ച വിഗാന്‍ അത്‌ലറ്റിക്‌സ് എന്ന ചെറു ക്ലബ്ബ് എഫ് എ കപ്പില്‍ മുത്തമിട്ട് പുതുചരിത്രമെഴുതിയപ്പോള്‍ അതിന് അമിത പ്രാധാന്യം ലഭിച്ചതും ഇക്കാരണങ്ങള്‍ കൊണ്ടാണ്.  പ്രശസ്തി നഷ്ടപ്പെട്ട് തുടങ്ങിയ ടൂര്‍ണ്ണമെന്റിന് പുത്തനുണര്‍വ്വേകുന്ന ഒന്നായിരുന്നു വിഗാന്റെ വിജയമെന്നാണ് ഇംഗ്ലണ്ടിലെ ചില മാധ്യമങ്ങള്‍ വിലയിരുത്തിയത്. ഇത്രമാത്രം പ്രകീര്‍ത്തിക്കാന്‍ ഈ വിജയത്തിലെന്തിരിക്കുന്നു എന്നാവും. അതിന് വ്യക്തമായ കാരണമുണ്ട്.[]

ലോകത്തേറ്റവും പഴക്കം ചെന്ന നോക്കൗട്ട് ടൂര്‍ണ്ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിക്കൊടുവിലാണ് വിഗാന്റെ കിരീടധാരണം.

പ്രതിയോഗികള്‍ ചില്ലറക്കാരായിരുന്നില്ല. കഴിഞ്ഞ തവണത്തെ പ്രീമിയര്‍ ലീഗ് ചാംമ്പന്യന്മാരും അതിന് മുന്‍പത്തെ വര്‍ഷം എഫ്. എ.കപ്പുമുയര്‍ത്തിയ മഞ്ചസ്റ്റര്‍ സിറ്റി. വിഗാനോ, കഴിഞ്ഞ മുന്ന് സീസണിലും പ്രീമിയര്‍ ലീഗിലെ തരം താഴ്ത്തല്‍ ഭീഷണിയില്‍ നി്ന്ന് കഷ്ടിച്ച രക്ഷപ്പെട്ട്, രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ഇത്തവണയും സ്ഥാനം നിലനിര്‍ത്താന്‍ പാടുപെടുന്ന ഒരു ചെറിയ ടീം.

പണത്തിന് മീതേ വിഗാനും പറക്കും

സോക്കറില്‍ ലോകത്തേറ്റവുമധികം പണമൊഴുകുന്നത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലാണ്. ഫോര്‍ബ്‌സിന്റെ ലോകത്തെ ഏറ്റവും ധനികരായ ഫുട്‌ബോള്‍ ക്ലബ്ബുകളുടെ ലിസ്റ്റ് പരിശോധിച്ചാല്‍, അതിലിടം പിടിച്ച ആദ്യ പത്തെണ്ണത്തില്‍ പകുതിയും ഇംഗ്ലീഷ് ക്ലബ്ബുകളാണെന്ന് കാണാം.

പണക്കൊഴുപ്പിന്റെ ഹുങ്കില്‍ മുന്‍നിര താരങ്ങളെ സ്വന്തം തട്ടകത്തിലെത്തിച്ച്  കിരീടനേട്ടങ്ങളുടെ എണ്ണം കൂട്ടാനുള്ള വ്യഗ്രത. ചെല്‍സിയക്കായി റഷ്യന്‍ കോടീശ്വരന്‍ റോമന്‍ അബ്രാമോവിച്ച തുടക്കമിട്ട ഈ പ്രവണത പിന്നീട് മഞ്ചസ്റ്റര്‍ സിറ്റിയും ക്യൂന്‍സ് പാര്‍ക്ക് ഓവലുമൊക്കെ പിന്തുടരുകയായിരുന്നു. എന്നാല്‍ പലപ്പോഴുമിതൊരു ചൂതാട്ടമായി പരിണമിച്ചെന്നതാണ് സത്യം. മഞ്ചസ്റ്റര്‍ സിറ്റിയുടെ സ്ഥിതിയും വ്യത്യസ്തമല്ല.

wigan1കലാശപ്പോരാട്ടത്തിനായി വെംബ്ലിയിലെ മൈതാനത്ത് സിറ്റിയും വിഗാനും അണിനിരപ്പോള്‍ ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം ചെറുതായിരുന്നില്ല.

1500 ഓളം കോടി രൂപയ്ക്ക് സൗദി രാജകുടുംബാംഗം മന്‍സൂര്‍ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍ 2008ല്‍ സ്വന്തമാക്കിയ സിറ്റിയുടെ മൂല്യം ഇന്ന്, വാങ്ങിയതിന് ഇരട്ടിയാണ്. ഫോര്‍ബ്‌സിന്റെ ലോകത്തെ ധനികരായ ഫുട്‌ബോള്‍ ക്ലബ്ബുകളുടെ ഏറ്റവും പുതിയ ലിസ്റ്റില്‍ ഒന്‍പതാം സ്ഥാനത്താണ് സിറ്റി.

അതേ സമയം വിഗാനോ, കഴിഞ്ഞ സീസണില്‍ താരങ്ങളുടെ ട്രാന്‍സ്ഫറിനായി ആകെ ചിലവഴിച്ചത് 17 മില്ല്യ യു.എസ് ഡോളര്‍ മാത്രമാണ്. ഏകദേശം 93 കോടിയോളം ഇന്ത്യന്‍ രൂപ.

സിറ്റി നിരയില്‍ അണിനിരന്ന 11 താരങ്ങളില്‍ ഒരാള്‍ക്കുള്ള വിലയേക്കാള്‍ കുറവാണിത്. എന്നിട്ടൊടുക്കം എന്തായി. പണക്കൊഴുപ്പിന്റെ ഫണം വിടര്‍ത്തിയെത്തിയ സിറ്റിയുടെ പത്തിയില്‍ കയറി വിഗാന്‍ താരങ്ങള്‍ ആഹ്ലാദ നൃത്തം വച്ചില്ലേ. അതാ നേരത്തെ പറഞ്ഞത് പണത്തിന് മീതേ വിഗാനും പറക്കാന്‍ കഴിയുമെന്ന്.
അടുത്ത പേജില്‍ തുടരുന്നു


ഇത്രയും ധനികനായ വ്യക്തിക്ക് ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താനാനായി കുറച്ച്കൂടി അധികം പണം ചിലവഴിച്ച് കൂടെ എന്ന്. വെലാനത് ചെയ്യുന്നുണ്ട്. പണമെറിഞ്ഞ് പ്രമുഖരെ പാളയത്തിലെത്തിച്ചല്ല എന്ന് മാത്രം. പകരം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും മികച്ച പരിശീലനത്തിന് കളമൊരുക്കിയുമാണത്. സ്വന്തമായൊരു സ്റ്റേഡിയമെന്ന വിഗാന്റെ ദീര്‍ഘകാല സ്വപ്‌നം സാക്ഷാത്കരിച്ചത് വെലാനാണ്.


wigan-victoryവെലാനാണ് താരം

വിഗാന്‍ അത്‌ലറ്റിക് എഫ് സി എന്ന 81 വര്‍ഷം പഴക്കമുള്ള ക്ലബ്ബിന്റെ ആദ്യ പ്രമുഖ കിരീടധാരണത്തിലൂടെ സഫലമായത് ഡേവ് വെലാനെന്ന ക്ലബ്ബ് ഉടമസ്ഥന്റെ ചിരകാല സ്വപ്‌നം കൂടിയാണ്. മുന്‍ പ്രെഫഷണല്‍ ഫുട്‌ബോള്‍ താരമായ വെലാന്‍ 1960ല്‍ എഫ്.എ കപ്പ് ഫൈനല്‍ കളിച്ച ബ്ലാക്ക് ബോണ്‍ റോവേര്‍സ് ടീമിലംഗമായിരുന്നു.[]

എന്നാല്‍ ആ മത്സരം വെലാനും ബ്ലാക്കബോണും കണ്ണീരില്‍ കുതിര്‍ ഓര്‍മ്മകളാണ് സമ്മാനിച്ചത്. 3-0ന് ബ്ലാക്ക്‌ബോണ്‍ തോറ്റ മത്സരത്തില്‍ ആദ്യ പകുതിയില്‍ കളിക്കിടെ മാരകമായ പരിക്ക് പറ്റിയ വെലാനെ സ്ട്രച്ചറിലാണ് ആശുപത്രിയിലേക്ക് നീക്കിയത്.

പരിക്കില്‍ നി്ന്ന് മോചിതനായി തിരിച്ചെത്തിയെങ്കിലും ബ്ലാാക്ക് ബോണ്‍ നിരയില്‍ വെലാന് സ്ഥാനമുണ്ടായിരുന്നില്ല. പിന്നീട് കുറച്ച് കാലം കൂടി ഫുട്‌ബോള്‍ കളി തുടര്‍ന്ന വെലാന്‍ വിരമിച്ച ശേഷം സമ്പൂര്‍ണ്ണമായി ബിസിനസ്സിലേക്ക് തിരിഞ്ഞു.

അവിടെയും വെന്നിക്കൊടി പാറിച്ച വെലാന്‍ കോടിക്കണക്കിന് ആസ്തിയുള്ള വ്യവസായ പ്രമുഖനായി മാറി. യുകെ യിലെ ഏറ്റവും ധനികരായ സ്‌പോര്‍ട്‌സ് താരങ്ങളുടെ പട്ടികയില്‍ രണ്ടാമതാണ് ഇന്ന് വെലാന്റെ സ്ഥാനം. മുന്നിലുള്ളതോ സാക്ഷാന്‍ ഡേവിഡ് ബെക്കാം.

velan2അപ്പോഴൊരു ചോദ്യമുയരാം. ഇത്രയും ധനികനായ വ്യക്തിക്ക് ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താനാനായി കുറച്ച്കൂടി അധികം പണം ചിലവഴിച്ച് കൂടെ എന്ന്. വെലാനത് ചെയ്യുന്നുണ്ട്. പണമെറിഞ്ഞ് പ്രമുഖരെ പാളയത്തിലെത്തിച്ചല്ല എന്ന് മാത്രം.

പകരം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും മികച്ച പരിശീലനത്തിന് കളമൊരുക്കിയുമാണത്. സ്വന്തമായൊരു സ്റ്റേഡിയമെന്ന വിഗാന്റെ ദീര്‍ഘകാല സ്വപ്‌നം സാക്ഷാത്കരിച്ചത് വെലാനാണ്. 25000ത്തിലധകം പേരെ ഉള്‍ക്കൊള്ളുന്ന ഡി.ഡബ്ല്യൂ സ്റ്റേഡിയമാണ് 1999 മുതല്‍ വിഗാന്റെ സ്വന്തം മൈതാനം.

ഇംഗ്ലീഷ് ഡിവിഷന്‍ ത്രീ ടീമായ വിഗാനെ 1995ലാണ് ഡേവ് വാങ്ങുന്നത്. തൊട്ടുപിന്നാലെ പ്രീമിയര്‍ ലീഗ് ടീമായി ക്ലബ്ബിനെ മാറ്റുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് വെലാന്‍ പ്രഖ്യാപിച്ചു. വെലാന്റെ സ്വപ്‌നങ്ങള്‍ക്കൊപ്പം വളര്‍ന്ന ടീം പടിപടിയായി അത് സാക്ഷാത്കരിച്ചു. 1997-98ല്‍ ഡിവിഷന്‍ ത്രീ ചാംമ്പ്യന്‍മാരായി, ഡിവിഷന്‍ രണ്ടിലെത്തിയ വിഗാന്‍ 2002-03ല്‍ അവിടെയും കിരീടനേട്ടമാവര്‍ത്തിച്ചു.

തൊട്ടടുത്ത സീസണിലും മികവ് തുടര്‍ന്ന വിഗാന്‍ രണ്ടാം സ്ഥാനം നേടി. സ്ഥിരതയാര്‍ന്ന പ്രകടനം ടീമിന്റെ പ്രീമിയര്‍ ലീഗിലേക്കുള്ള വഴിതുറന്ന് കൊടുത്തു. അങ്ങിനെ 2005ല്‍ വിലാന്‍ പ്രീമിയര്‍ ലീഗ് ടീമായി മാറി. ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം എഫ്. എ കപ്പെന്ന അപൂര്‍വ്വ നേട്ടവും ടീമിന് സ്വന്തമാക്കാനായി. കളിക്കാരനെന്ന നിലയില്‍ തനിക്ക് ഏറ്റ് വാങ്ങാനാവാതെ പോയ കിരീടത്തില്‍ 50 വര്‍ഷങ്ങള്‍ക്കിപ്പുറം വെലാന്‍ മുത്തമിട്ടു.

ആഘോഷങ്ങള്‍ക്കവധി കൊടുത്ത്….

സ്‌പോര്‍ട്‌സില്‍ വിജയങ്ങള്‍ക്കകമ്പടിയായി ആഘോഷങ്ങള്‍ പതിവുള്ളതാണ്. പ്രത്യേകിച്ച് നഗരവൈരികളായ ക്ലബ്ബുകള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയുള്ള ഇംഗ്ലണ്ടില്‍.

dwഓരോ പ്രമുഖ വിജയങ്ങള്‍ക്കും പിന്നാലെ തുറന്ന ബസ്സില്‍ കപ്പുമായി ടീമംഗങ്ങള്‍ തങ്ങളുടെ നഗരം ചുറ്റിക്കറങ്ങും. റോഡിനിരുവശത്തും തിങ്ങിനിറഞ്ഞ് ആര്‍പ്പു വിളികളുമായി ആരാധകരും. എന്നാല്‍ എഫ്.എ കപ്പ് കിരീടം നേടി തൊട്ടുപിന്നാലെ വിഗാന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ വന്ന പ്രസ്താവന ഉടനടി വിജയാഘോഷങ്ങള്‍ നടത്താന്‍ ക്ലബ്ബ് മുതിരുന്നില്ല എന്നറിയിച്ചുള്ളതായിരുന്നു.

കാരണം പ്രീമിയര്‍ ലീഗില്‍ ഇത്തവണയും പതിവിന് വ്യത്യസ്തമല്ല ടീമിന്റെ നില. 36 കളികളില്‍ നിന്നായി 35 പോയന്റ് മാത്രം നേടിയ ക്ലബ്ബ് പുറത്താകലിന്റെ വക്കിലാണ്. പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന 20 ടീമുകളില്‍ പോയന്റ് നിലയില്‍ പതിനെട്ടാം സ്ഥാനത്താണ് നിലവില്‍ വിഗാന്റെ സ്ഥാനം. ലീഗില്‍ സ്ഥാനം നിലനര്‍ത്തണമെങ്കില്‍ ശേഷിക്കുന്ന രണ്ട് മത്സരവും ജയിച്ചേ തീരൂ.

ചൊവ്വാഴ്ച ആര്‍സലിനെതിരെയും ഞായറാഴ്ച ആസ്റ്റണ്‍ വില്ലയ്‌ക്കെതിരെയുമാണ് ഇനിയുള്ള മത്സരങ്ങള്‍. മുന്നിലെ പ്രതിസന്ധിയുടെ ആഴമറിയുമ്പോള്‍ എങ്ങിനെ മനസ്സ തുറന്നാഘോഷിക്കാന്‍ കഴിയും. അത് കൊണ്ട് തന്നെ ലീഗിലെ സ്ഥാനമുറപ്പിക്കുതിനോടൊപ്പം ക്ലബ്ബിന്റെ 81 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടവും ഒന്നിച്ചാഘോഷിക്കാന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് ആരാധകരും താരങ്ങളും ക്ലബ്ബധികൃതരും…..