Categories

ലൈംഗികാരോപണം :തരുണ്‍ തേജ്പാലിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

tarun-tejapal

ന്യൂദല്‍ഹി: ലൈംഗികാരോപണത്തെത്തുടര്‍ന്ന് രാജി വച്ച തെഹല്‍കയുടെ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെതിരെ ഗോവ പോലീസ് മാനഭംഗക്കുറ്റത്തിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

പത്രപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ തേജ്പാലിനോട് പോലീസ് ആവശ്യപ്പെട്ടു. അന്വേഷണത്തോട് സഹകരിക്കുമെന്ന് തേജ്പാല്‍ തന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.

മാനഭംഗശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ഗോവ പോലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയിരിക്കുന്നത്.

എന്നാല്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ഔദ്യോഗികമായി പോലീസില്‍ പരാതി നല്‍കാതെ അന്വേഷണവുമായി സഹകരിക്കില്ലെന്ന് തെഹല്‍കയുടെ മാനേജിങ് എഡിറ്റര്‍ ഷോമ ചൗധരി പറഞ്ഞതായി  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഗോവയില്‍ സംഭവിച്ചത് ബലാത്സംഗം തന്നെയാണെന്നും കോണ്‍ഗ്രസ് തേജ്പാലിനെ സംരക്ഷിക്കുകയാണെന്നും തേജ്പാലിനെ ഉടന്‍ അറസ്റ്റ്‌ചെയ്യണമെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.

തെഹല്‍ക ഗോവയില്‍ സംഘടിപ്പിച്ച തിങ്ക് ഫെസ്റ്റിവല്‍ എന്ന സാഹിത്യ സാംസ്‌കാരിക പരിപാടിക്കിടെ ലിഫ്ടില്‍ വച്ച് രണ്ട് തവണ തരുണ്‍ തേജ്പാല്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് മാധ്യമപ്രവര്‍ത്തക ഷോമ ചൗധരിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്ത് വന്നത്.

തരുണ്‍ തേജ്പാലിന്റെ മകളുടെ സുഹൃത്തും ഉറ്റസുഹൃത്തായ പത്രപ്രവര്‍ത്തകന്റെ മകളുമാണ് പരാതിക്കാരിയായ യുവതി.

സംഭവം നടന്നത് ഗോവയില്‍ വച്ചായതിനാല്‍ ഗോവ മുഖ്യമന്ത്രി തന്നെയാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. ഗോവ ഡി.ഐ.ജി ഒ.പി മിശ്ര കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.

ആരോപണത്തെത്തുടര്‍ന്ന് ഇന്നലെയാണ് തേജ്പാല്‍ രാജിവച്ചത്. രാജിക്കത്തില്‍ തന്റെ കണക്കുകൂട്ടലിലെ പിഴവെന്നുള്ള തേജ്പാലിന്റെ പരാമര്‍ശം വിവാദമായിരുന്നു.

അതേസമയം തെഹല്‍കയുടെ നടപടിയില്‍ പരാതിക്കാരി തൃപ്തയാണെന്നാണ് കരുതുന്നതെന്ന ഷോമ ചൗധരിയുടെ പ്രസ്താവനയും വിവാദമായി. തെഹല്‍കയുടെ നടപടിയില്‍ താന്‍ നിരാശയാണെന്നും തൃപ്തയല്ലെന്നും പരാതിക്കാരി പറഞ്ഞു.

Tagged with: |