Administrator
Administrator
മത്സ്യത്തൊഴിലാളികളുടെ മരണം: എഫ്.ഐ.ആര്‍ ശക്തമെന്ന് ഉമ്മന്‍ചാണ്ടി
Administrator
Friday 24th February 2012 10:20am

തിരുവനന്തപുരം:കടലില്‍ രണ്ടു ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ പോലീസ് തയാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ട്‌ (എഫ്.ഐ.ആര്‍) ശക്തമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്ലാവശങ്ങളും പരിശോധിച്ച ശേഷമാണ് എഫ്‌.ഐ.ആര്‍ തയാറാക്കിയത്. പോലീസ് തയാറാക്കിയ എഫ്.ഐ.ആര്‍ ദുര്‍ബബലമാണെന്ന വാദം തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോലീസ് കാര്യക്ഷമമായാണ് നടപടി സ്വീകരിക്കുന്നത്. ഇറ്റലിയും ഇപ്പോള്‍ നമ്മുടെ വാദം അംഗീകരിച്ച മട്ടാണെന്നും കേസുമായി ശക്തമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ നടപടി സ്‌റ്റേചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി  ഹൈക്കോടതി തള്ളി. കടലില്‍ വെടിയേറ്റ് മരിച്ച അജീഷ് പിങ്കിയുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹരജിയില്‍ കപ്പല്‍ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 25 ലക്ഷം രൂപ സെക്യൂരിറ്റി തുക കെട്ടിവെക്കും വരെയാണ് അറസ്റ്റ്.

നിയമനടപടി റദ്ദാക്കണമെന്ന ഹരജിക്കാരുടെ ആവശ്യം സംബന്ധിച്ച് സര്‍ക്കാറും മറ്റ് എതിര്‍കക്ഷികളും നിലപാടറിയിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഈ മാസം 28ന് കേള്‍ക്കുമെന്ന് ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ അറിയിച്ചു. എന്നാല്‍ ഇതിനകം വിചാരണ പൂര്‍ത്തിയാക്കില്ലെന്ന് സര്‍ക്കാറിന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസിഫ് അലിയില്‍ നിന്ന് ഉറപ്പുവാങ്ങിയിട്ടുണ്ട്. കോടതി അന്വേഷണം തടയാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ഉത്തരവിടണമെന്ന ഹരജിക്കാരുടെ ആവശ്യം നിരാകരിച്ചത്.

പ്രതികളെ തടവില്‍ പാര്‍പ്പിക്കേണ്ടിവന്നാല്‍ നിലവില്‍ ലഭിക്കുന്ന സൗകര്യങ്ങളോടെ താമസിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും ഹരജിക്കാര്‍ ഉന്നയിച്ചെങ്കിലും കോടതി ഇടപെട്ടില്ല.അന്വേഷണം ആരംഭിച്ചിട്ടേയുള്ളൂവെന്ന് ഡി.ജി.പി കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് കോടതി സര്‍ക്കാറടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് വിശദീകരണം നല്‍കാനായി കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.

Malayalam News

Kerala News In English

Advertisement