ezra

 

ഡൂള്‍ തിയറ്റര്‍ റേറ്റിങ്: ★★★☆☆☆

സംവിധാനം: ജെയ്.കെ
അഭിനേതാക്കള്‍: പൃഥ്വിരാജ്, പ്രിയ ആനന്ദ്, ടൊവീനോ തോമസ്, സുദേവ് നായര്‍, വിജയരാഘവന്‍
കഥ: ശ്രീജിത്ത്
ഛായാഗ്രഹണം: സുജിത്ത് വാസുദേവ്
സംഗീതം: രാഹുല്‍ രാജ്


മലയാള സിനിമയിലെ ഹൊറര്‍ ചിത്രങ്ങളുടെ ശൈലിയെ ആകെ മാറ്റാന്‍ പോകുന്ന ചിത്രം എന്നായിരുന്നു പൃഥ്വിരാജ് ചിത്രം എസ്രയെക്കുറിച്ച് പറഞ്ഞിരുന്നത്. കാത്തിരിപ്പിനൊടുവില്‍ ചിത്രം തിയ്യറ്ററുകളിലേക്ക് എത്തിയപ്പോള്‍ ആ പ്രതീക്ഷ കാക്കാന്‍ ചിത്രത്തിനും സംവിധായകന്‍ ജെയ്.കെയ്ക്കും സാധിച്ചുവോ? തന്റെ ഉദ്യമത്തില്‍ ഒരുപരിധിവരെ സംവിധായകന്‍ വിജയിച്ചു എന്ന് വേണം പറയാന്‍.

മലയാള സിനിമയില്‍ കണ്ട് പരിചിതമില്ലാത്ത പ്രേതസിനിമയാകാന്‍ എസ്രയ്ക്ക് സാധിക്കുന്നുണ്ട്. തുടക്കക്കാരന്റെ സഭാകമ്പമില്ലാതെ തന്റെ ജോലി ഭംഗിയായി ചെയ്യാന്‍ ജെയ്.കെയ്ക്ക് സാധിച്ചിട്ടുണ്ട്. തുടക്കം മുതല്‍ അവസാനം വരെ ബോറടിക്കാതെ പ്രേക്ഷകരെ തിയ്യറ്ററില്‍ പിടിച്ചിരുത്താന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. തുടക്കത്തിലെ ക്ലീഷേ സീനുകളും ഡയലോഗുകളുമെല്ലാം ഒഴിച്ച് നിര്‍ത്തിയാല്‍ ക്ലൈമാക്‌സിലേക്ക് എത്തുമ്പോഴേക്കും ചിത്രം പ്രേക്ഷകനെ സ്വാധീനിക്കുന്നുണ്ട്.

എടുത്തു പറയേണ്ട ഘടകം ചിത്രത്തിലെ താരങ്ങളുടെ പ്രകടനമാണ്. പതിവു പോലെ പൃഥ്വിരാജ് തന്റെ റോള്‍ അനായാസ മികവോടെ തന്നെ ചെയ്തു വച്ചു. പ്രിയാ ആനന്ദും സുദേവുമെല്ലാം ഭംഗിയായി തന്നെ കഥാപാത്രമായി മാറിയിട്ടുണ്ട്. കുറഞ്ഞ സീനുകളില്‍ മാത്രമാണ് പ്രത്യക്ഷപ്പെടുന്നുള്ളുവെങ്കില്‍ കൂടി തന്റെ പ്രതിഭ തെളിയിക്കാന്‍ ടോവിനോയ്ക്കും ഒറ്റ സീനില്‍ തന്നെ അഭിനയകലയിലെ തന്റെ അനുഭവ സമ്പത്ത് തെളിയിക്കാന്‍ അലന്‍സിയറിനും സാധിച്ചിട്ടുണ്ട്. റാബി മാര്‍ക്കേസായെത്തുന്ന സുജിത്ത് ശങ്കറും മോശമാക്കിയില്ല.

ezra-1

ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത ജൂതരുടെ കഥ പറയുന്നു എന്നതാണ്. ജൂത മതത്തിന്റെ പശ്ചാത്തലത്തില്‍ മലയാളത്തില്‍ അധികം ചിത്രങ്ങള്‍ ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. ഡിബുക്ക് ബോക്‌സും അതിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതയും നിലനിര്‍ത്താന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ട്.

മലയാള സിനിമയുടെ സ്ഥിരം പ്രേത കഥയല്ലെങ്കില്‍ കൂടി ഒരുപാട് ക്ലീഷേ രംഗങ്ങള്‍ എസ്രയില്‍ കടന്ന് വരുന്നുണ്ട്. കണ്ണാടിയിലെ പ്രേതം, അലമാരയിലെ പ്രേതം, രാത്രി ലൈറ്റ് തനിയെ തെളിയിക്കുന്ന പ്രേതം, ടിവിയുടേയും ലാപ് ടോപ്പിന്റേയും സ്‌ക്രീനിലെ പ്രേതം തുടങ്ങി ഇംഗ്ലീഷ് ചിത്രങ്ങളിലും മറ്റും കാലങ്ങളായി കാണുന്ന പേടിപ്പിക്കല്‍ രംഗങ്ങള്‍ എസ്രയിലും ഉണ്ട്. ഒച്ചവെച്ചുള്ള ഹൊറര്‍ ശ്രമങ്ങളും കല്ലുകടിയാകുന്നു.

എസ്രഭയത്തിന്റെ പുതിയ പേര്, എന്നായിരുന്നു ചിത്രത്തിന്റെ ടാഗ് ലൈന്‍. എന്നാല്‍ അത് പൂര്‍ണ്ണാര്‍ത്ഥത്തിലെത്തിക്കാന്‍ ചിത്രത്തിന് സാധിച്ചിട്ടില്ല. ക്ലൈമാക്‌സിലെ ട്വിസ്റ്റൊഴിച്ചാല്‍ മറ്റെല്ലാ സീനുകളിലും തൊട്ടടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്ന് പറയാന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഞെട്ടലോ അമ്പരപ്പോ ഉണ്ടാകുന്നില്ല. മുമ്പ് ഒരുപാട് ചിത്രങ്ങളില്‍ കണ്ടതാണെങ്കില്‍ കൂടി ക്ലൈമാക്‌സാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇതേ തരത്തിലുള്ള ക്ലൈമാക്‌സ് രംഗങ്ങള്‍ പൃഥ്വിയുടെ തന്നെ പല ചിത്രങ്ങളിലും നാം കണ്ടിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

ezra-3

 

ചിത്രത്തില്‍ ഒരിടത്ത് ‘ ശരീരം മുക്തമായ എബ്രഹാം എസ്രയുടെ ആത്മാവ് ‘ എന്ന് എഴുതി കാണിക്കുന്നുണ്ട്. ചിത്രത്തിന്റെ ആത്മാവ് ഈ വാക്കുകളാണ്. എസ്രയുടെ പ്രതികാരമാണ് സിനിമ. എന്നാല്‍ ഡിബുക്ക് ബോക്‌സും ഈ ഡയലോഗുമുള്‍പ്പടെ സൃഷ്ടിക്കുന്ന നിഗൂഢതയോട് നീതി പുലര്‍ത്താന്‍ എസ്രയുടെ ഫഌഷ് ബാക്ക് കഥയ്ക്ക് സാധിക്കുന്നില്ല. ഒരു സിനിമയുടെ ആത്മാവ് അതിന്റെ തിരക്കഥയാണ്. എന്നാല്‍ ആത്മാവ് ശോഷിച്ചു പോയ ചിത്രത്തെ ബോറടിപ്പിക്കാത്ത രീതിയില്‍ തന്നെ ജെയ്.കെയ്ക്ക് അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ശരാശരിയില്‍ നില്‍ക്കുകയാണ്. ഛായാഗ്രഹണം ഭേതപ്പെട്ടതാണ്.  തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ പൃഥ്വിയ്ക്ക് സാധിച്ചെങ്കിലും നടനെന്ന നിലയില്‍ അദ്ദേഹത്തിന് ഒരു ദിശാമാറ്റം അനിവാര്യമാണ്. സെവന്‍ത് ഡേയിലും മുംബൈ പൊലീസിലും മെമ്മറീസിലും ഉള്‍പ്പടെ നാം കണ്ട് മടുത്ത മാനറിസങ്ങള്‍ തന്നെയാണ് രഞ്ജനിലും കാണുന്നത്. കൂടുതല്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ തേടി അദ്ദേഹം പോകേണ്ട കാലം അടുത്തു എന്ന് വേണം കരുതാന്‍.

Final Verdict

സ്ഥിരമായി ഹൊറര്‍ ജോണറിലുള്ള വിദേശ സിനിമകള്‍ കാണുന്ന സിനിമാ പ്രേമികള്‍ക്ക് ഒരുപക്ഷെ എസ്ര ദഹിച്ചെന്ന് വരില്ല. എങ്കില്‍ കൂടി മലയാള സിനിമയില്‍ ഇതുപോലൊരു ഹൊറര്‍ സിനിമാ അനുഭവം സാധ്യമാകാത്തവര്‍ക്ക് എസ്ര പൊരിക്കും. സിനിമയുടെ മൂഡ് സെറ്റ് ചെയ്യാന്‍ സാധിച്ചിട്ടുണ്ടെങ്കിലും നല്ലൊരു കഥയുടെ അഭാവം മുഴച്ച് നില്‍ക്കുന്നു.