എഡിറ്റര്‍
എഡിറ്റര്‍
എം.കെ സാനുമാസ്റ്റര്‍ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം
എഡിറ്റര്‍
Friday 1st November 2013 7:26pm

m-k-sanu

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രൊഫ. എം. കെ. സാനുവിന് നല്‍കും.

സാഹിത്യരംഗത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. ഒന്നര ലക്ഷം രൂപയും പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഭാഷാപിതാവിന്റെ പേരിലുള്ള പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സാനുമാഷ് പ്രതികരിച്ചു.

വ്യത്യസ്തവും ഭാവനാസമ്പന്നവുമായ എഴുത്തിലൂടെ മലയാളസാഹിത്യ ചരിത്രത്തില്‍ സ്വന്തം പാത വെട്ടിത്തെളിച്ച അദ്ദേഹം ഒട്ടേറെ നിലകളില്‍ പ്രസിദ്ധനാണ്.

റിട്ടയേഡ് അധ്യാപകന്‍, നിരൂപകന്‍, ജീവചരിത്രകാരന്‍, വിവര്‍ത്തകന്‍, പ്രഭാഷകന്‍ തുടങ്ങി ഒട്ടേറെ മേഖലകളില്‍ അദ്ദേഹം കൈയൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.

ജീവചരിത്രം, നിരൂപണം, വ്യാഖ്യാനം തുടങ്ങിയ വിഭാഗങ്ങളിലായി 40-ല്‍ അധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ബാലസാഹിത്യത്തിലും അദ്ദേഹം രചനകള്‍ നടത്തിയിട്ടുണ്ട്.

മണ്ണിന് മണ്ണിന്റെ ഗുണം, രാജവീഥി, എന്റെ വഴിയമ്പലങ്ങള്‍, എഴുത്തിന്റെ നാനാര്‍ത്ഥങ്ങള്‍, തുറന്ന ജാലകം, അനുഭവങ്ങള്‍ പ്രത്യാശകള്‍, അസ്തമിക്കാത്ത വെളിച്ചം, ഇവര്‍ ലോകത്തെ സ്‌നേഹിച്ചവര്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ രചനകളില്‍ ചിലതാണ്.

1985-ല്‍ അവധാരണം എന്ന കൃതിയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1992-ല്‍ ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം എന്ന ജീവചരിത്രത്തിന് വയലാര്‍ അവാര്‍ഡും1997-ല്‍ മൃതഞ്ജയം കാവ്യജീവിതം എന്ന കൃതിയ്ക്ക് ആശാന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

2003-ല്‍ എം. ഗോവിന്ദന്റെ ജീവചരിത്രത്തിന് വൈലോപ്പിള്ളി അവാര്‍ഡും 2005-ല്‍ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും 2011-ല്‍ ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്‍ എന്ന രചനയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി.

എറണാകുളം ജില്ലയിലെ മുളന്തുരുത്തിയില്‍ മാനസികവൈകല്യങ്ങളുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന മിത്രത്തിന്റെ സ്ഥാപകന്‍ കൂടിയാണ് ഇദ്ദേഹം.

1928 ഒക്ടോബര്‍ 27-ന് ആലപ്പുഴയിലാണ്  സാനുമാഷ് ജനിച്ചത്. കൊല്ലം എസ്്.എന്‍ കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.

1987-ല്‍ എറണാകുളം നിയോജകമണ്ഡലത്തില്‍ നിന്നും എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Advertisement