സെപ്റ്റംബറില്‍ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് ഈജിപ്തില്‍ ജനരോഷം ആളിക്കത്തിയത്. ആറുമാസം കൂടി കഴിഞ്ഞാല്‍ മറ്റൊരു തിരഞ്ഞെടുപ്പു പ്രഹസനത്തിലൂടെ മുബാറക്ക് തന്നെ അധികാരത്തിലെത്തുമോ, അല്ലെങ്കില്‍ വലതുകാലിലെ മന്ത് ഇടതുകാലിലേക്കെന്നപോലെ അദ്ദേഹത്തിന്റെ മകന്‍ അധികാരം കൈയടക്കുമോ തുടങ്ങിയ ചിന്തകളായിരുന്നു ഈജിപ്ഷ്യന്‍ ജനതയുടെ ഉള്ളില്‍. ഈ ഘട്ടത്തിലാണ് ഇതൊരു പൊട്ടിത്തെറിയായി മാറിയത്.

എന്തായാലും ഈജിപ്ഷ്യന്‍ ജനതയ്ക്ക് പിഴച്ചിട്ടില്ല. ജനാധിപത്യത്തിലേക്ക് തിരിച്ചുവരുന്നതായുള്ള സൂചനകള്‍ ഈജിപ്ത് കാണിച്ചു തുടങ്ങിയിരിക്കുകയാണ്. പ്രസിഡണ്ട് ഹോസ്‌നി മുബാറക്കിന്റെ ശക്തി പ്രതിദിനം ചോര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രക്ഷോഭം തുടങ്ങിയ സമയത്ത് കണ്ട മുബാറക്കിനെയല്ല ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. അധികാരവും വ്യവസ്ഥകളും കൈപ്പിടിയിലൊതുക്കിയ മുബാറക്കിന് എന്തും നേരിടാമെന്ന ധൈര്യമാണ് തുടക്കത്തിലുണ്ടായത്.

ജനം കൈവിട്ട മുബാറക്കിന്റെ പല്ലുകള്‍ ഓരോന്നോരോന്നായി കൊഴിയുകയായിരുന്നു പിന്നീട്. സൈന്യവും കൈവിടാന്‍ തുടങ്ങിയതോടെയാണ് മുബാറക്ക് തന്റെ നിലപാടുകള്‍ അയക്കാന്‍ തുടങ്ങിയത്. മന്ത്രിസഭ പുനഃക്രമീകരണം എന്ന തന്ത്രം മുബാറക്ക് ആദ്യം പയറ്റിയെങ്കിലും മുബാറക്കിന്റെ വിടുവായത്തം മുപ്പതുവര്‍ഷം സഹിച്ച ജനതയ്ക്ക് അതിനുപിന്നലെ ബുദ്ധി മനസ്സിലാക്കാന്‍ അധിക സമയം വേണ്ട.

ഇത് പാളിപ്പോയപ്പോള്‍ തിരഞ്ഞെടുപ്പിന് മുന്‍പ് രാജിവയ്ക്കാമെന്ന വാഗ്ദാനം നല്‍കി. എന്നാല്‍ ഉടന്‍ രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ നിന്ന് തെല്ലും പിന്നോട്ടുപോകാന്‍ ഈജിപ്ഷ്യന്‍ ജനത തയ്യാറായില്ല.

ഇപ്പോള്‍ മുബാറക്കിന് യാതൊരു രക്ഷയുമില്ല എന്ന സ്ഥിതിയാണ് വന്നിട്ടുള്ളത്. മുബാറക്കിനെ ഇതുവരെ വളര്‍ത്തിയ അമേരിക്കയുടെ ഭാഗത്തുനിന്നുപോലും എത്രയും പെട്ടെന്ന രാജിവയ്ക്കുക എന്ന ആവശ്യമാണ് ഉയരുന്നത്. മുബാറക്ക് രാജിവച്ചു എന്ന വാര്‍ത്ത് ഏത് സമയത്തും പുറത്തുവരാം. മുബാറക്കിന്റെ രാജി ഈജിപ്തില്‍ ജനാധിപത്യത്തിന്റെ തിരിച്ചവരവിലേക്കായിരിക്കും നയിക്കുക.

വെറുമൊരു ഈജിപ്തിന്റെ പ്രശ്‌നം മാത്രമായി ഇതിനെ കാണാനാവില്ല. മുസ്‌ലീം ഭൂരിപക്ഷമുള്ള പല രാജ്യങ്ങളും ഭരണകൂട ക്രൂരകൃത്യങ്ങളുടേയും പരമ്പരാഗത അധികാര കൈമാറ്റത്തിന്റെയും ഇരകളാണ്. ഇവര്‍ക്ക് നല്ലൊരു പ്രചോദനമാകാന്‍ തീര്‍ച്ചയായും ഈജിപ്തിന് കഴിയും. ഒപ്പം കാലാകാലങ്ങളായി അടിച്ചമര്‍ത്തവരുടെ രക്തം ഊറ്റിക്കുടിച്ച് വീര്‍ക്കുന്ന അമേരിക്കക്ക് വലിയൊരു ക്ഷീണവും.