കയ്‌റോ: ഈജിപ്തില്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് നവംബര്‍ 21 ന് ആരംഭിക്കും. പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്കും അധോസഭയിലേക്കും മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക.

അധോസഭയായ പീപ്പിള്‍സ് അസംബ്ലിയിലേക്ക് നവംബര്‍ 21 മുതല്‍ ജനുവരി 3 വരെയാണ് തെരഞ്ഞെടുപ്പ് നടക്കുക. ഉപരിസഭയായ ഷൂര കൗണ്‍സിലിലേക്ക് ജനുവരി 22 മുതല്‍ മാര്‍ച്ച് നാലു വരെ തിരഞ്ഞെടുപ്പ് നടക്കും.

ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഹോസ്‌നി മുബാറക്ക് രാജിവച്ച ശേഷം സൈന്യത്തിന്റെ നേതൃത്വത്തിലുള്ള പരമോന്നത കൗണ്‍സിലാണ് ഈജിപ്തിന്റെ ഭരണം നിയന്ത്രിക്കുന്നത്. പ്രക്ഷോഭകരുടെ ആവശ്യത്തെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്.