ചികിത്സിച്ച് ഭേദമാക്കാവുന്ന അന്ധതയുമായി 1.25 കോടി ആളുകള്‍ ഇന്ത്യയില്‍ ജീവിക്കുന്നുണ്ടെന്നാണ് കണക്ക്. 2.5 ലക്ഷം നേത്രദാനം വര്‍ഷത്തില്‍ ആവശ്യമുള്ള ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം നടന്നത് 41,000 നേത്രദാനങ്ങള്‍ മാത്രമാണ്. മുംബൈ പോലുള്ള നഗരങ്ങളില്‍ പോലും സാമ്യമുള്ള കോര്‍ണ്ണിയക്കായി പലര്‍ക്കും രണ്ട് വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുന്നുണ്ട്. സര്‍ക്കാര്‍ നേത്രദാന രംഗത്ത് വേണ്ട രീതിയിലുള്ള ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് വേണം കരുതാന്‍. നേത്രദാന ദിനാചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നേത്രദാന പ്രതിഞ്ജ എടുത്തതെല്ലാം നാം കണ്ടതാണ്. പക്ഷേ ഒരു പ്രധാന പ്രശ്‌നം നേത്രദാന രംഗത്ത് നിലനില്‍ക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം നടന്ന നേത്രദാനത്തില്‍ 70 ശതമാനവും പാഴായി പോവുകയാണുണ്ടായത് എന്നറിയുക. ദാനം ചെയ്യപ്പെടുന്ന കോര്‍ണിയകളില്‍ മിക്കവയും കൈമാറ്റം ചെയ്യപ്പെടാന്‍ പറ്റാത്തതാണെന്നതു തന്നെ കാരണം. എച്ച്.ഐ.വി, കാന്‍സര്‍, കടുത്ത പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ പിടിപ്പെട്ടവരുടെ കോര്‍ണിയ കൈമാറ്റം ഉപകാരപ്രദമാകാതെ പോകുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഒരു ശതമാനത്തില്‍ താഴെ നേത്രദാനം മാത്രമേ ശരിയായ രീതിയില്‍ നടക്കുന്നുള്ളുവത്രെ!