pakisthan

ഇസ്ലാമാബാദ്: ഇസ്ലാമാബാദിലെ ബിസിനസുകാരനായ മുഹമ്മദി (യഥാര്‍ത്ഥ പേരല്ല)ന്റെ വീട്ടില്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ ബ്രൗണ്‍  നിറത്തിലുള്ള ഒരു കവര്‍ ഏല്‍പ്പിച്ചു. കേള്‍ക്കുമ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നണമെന്നില്ല.

എന്നാല്‍ ആ കവര്‍ മുഹമ്മദിന് സമ്മാനിച്ചത് ദു:സ്വപ്‌നങ്ങളുടെ മൂന്ന് മാസമാണ്.

പാക്കിസ്ഥാനി താലിബാനിന്റേതായി രേഖപ്പെടുത്തിയിരുന്നതായിരുന്നു ആ കത്ത്. മുഹമ്മദിന്റെ ജീവിതം ഇസ്ലാമിക നിയമങ്ങള്‍ക്കനുസരിച്ചല്ല എന്ന് താലിബാന്‍ ജഡ്ജിമാര്‍ കണ്ടെത്തിയിരിക്കുന്നു.

കുറ്റക്കാരനായതിനാല്‍ അഞ്ച് മില്യണ്‍ രൂപ (50,000 ഡോളര്‍) പിഴയടയ്ക്കണം, പൊലീസിനെ അറിയിച്ചാല്‍ അനന്തരഫലങ്ങള്‍ അനുഭവിക്കാന്‍ തയ്യാറായിരിക്കണം എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം.

‘അവിശ്വാസികളെ നരകത്തിലേയ്ക്ക് പറഞ്ഞയയ്ക്കാന്‍ ഞങ്ങളുടെ ചാവേറുകള്‍ എപ്പോഴും തയ്യാറാണ്.’ കത്തില്‍ പറയുന്നു.

കത്തിന്റെ അവസാനം ജനങ്ങള്‍ ഏറെ ഭയപ്പെടുന്ന തെഹ്‌രിക് – ഇ – താലിബാന്‍ പാക്കിസ്ഥാന്റെ തലവന്‍ ഹക്കീമുള്ള മഹ്‌സൂദിന്റെ പേരും പേരിനോട് സാമ്യത പുലര്‍ത്തുന്ന ഒപ്പും.

ഒപ്പ് വ്യാജമാണെന്ന് മനസ്സിലാക്കാന്‍ മുഹമ്മദിന് യാതൊരു വഴിയുമില്ല.

സമ്പന്നരില്‍ നിന്നും പണം തട്ടാനായി പാക്കിസ്ഥാനിലെ സാമൂഹ്യവിരുദ്ധര്‍ പാക്കിസ്ഥാനി താലിബാന്റെ കുപ്രസിദ്ധി മുതലെടുക്കുന്നതിന്റെ ഉദാഹരണമാണിത്. ഇസ്ലാമാബാദിലെയും റാവല്‍പിണ്ടിയിലെയും ബിസിനസുകാരാണ് ഇതിന്റെ പ്രധാന ിരകള്‍.

ഒരു ലക്ഷം ഡോളര്‍ വരെയുള്ള തുകകള്‍ ആവശ്യപ്പെട്ട്് കൊണ്ട് ഭീഷണിക്കത്തുകളും മറ്റും അംഗങ്ങള്‍ക്ക് ലഭിക്കാറുണ്ടെന്ന് റാവല്‍പിണ്ട്ി ചേംബര്‍ ഓഫ് കൊമേഴ്‌സ് വെളിപ്പെടുത്തുന്നു. കഴിഞ്ഞ മാസം പണം നല്‍കാന്‍ വിസമ്മതിച്ച ഒരു ഭൂമിക്കച്ചവടക്കാരന് അടുത്ത ദിവസം കാണാന്‍ കഴിഞ്ഞത് തന്റെ ഓഫീസിന്റെ വാതിലില്‍ തൂക്കിയിട്ടിരിക്കുന്ന സ്‌ഫോടകവസ്തുക്കളാണ്.

അടുത്തിടെ വരെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ശക്തമായിരുന്നപ്പോഴും തലസ്ഥാനം ഏറെക്കുറെ ശാന്താമായിരുന്നു. വിദേശ രാജ്യങ്ങളുടെ എംബസികളും അന്താരാഷ്ട്ര സംഘടനകളുടെ ഓഫീസുകളും കൂടാതെ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളും ഇവിടെ ധാരാളമായുണ്ട്.

എന്നാല്‍ കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാനി താലിബാന്‍ രാജ്യത്തിനെതിരെ നടത്തിയ രക്തരൂഷിതമായ അക്രമങ്ങള്‍ക്കിടയില്‍ കൊല്ലപ്പെട്ട ആയിരങ്ങളെ കുറിച്ചുള്ള ഓര്‍മ്മകളെയും ഭയത്തെയും മുതലെടുക്കുകയാണ് മറ്റ് സാമൂഹ്യവിരുദ്ധര്‍.

സെക്യൂരിറ്റി ഏജന്‍സികളും പട്ടാളക്കാരും മുഹമ്മദിന് ലഭിച്ച കത്തിലുള്ളത് മെഹസൂദിന്റെ ഒപ്പല്ല എന്ന് ഉറപ്പിച്ച് പറയുന്നു.

യു.എസിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ മെഹ്‌സൂദ് കൊല്ലപ്പെട്ടെങ്കിലും ആ പേര് മാത്രം മതി മുഹമ്മദിനെ ഭയപ്പെടുത്താന്‍.

‘എന്റെ ജീവിതത്തില്‍ ഇത്രയേറെ ഭയപ്പെട്ട മറ്റൊരു സംഭവമില്ല. എന്താണ് ചെയ്യേണ്ടതെന്ന് തന്നെ അറിയില്ലായിരുന്നു.’ മുഹമ്മദ് പറഞ്ഞു.

‘വീടിന് പുറത്തിറങ്ങാനോ ജോലിക്ക് പോകാനോ പോലും ഭയപ്പെട്ടു. കുടുംബത്തിന്റെ സുരക്ഷയും കുട്ടികളുടെ വിദ്യാഭ്യാസവും എന്നെ ആശങ്കപ്പെടുത്തി.’

കത്ത് ഭാര്യയെ കാണിച്ചെങ്കിലും അവരും പൊലീസിനെ അറിയിക്കാന്‍ ഭയപ്പെട്ടു.

‘പൊലീസിനെയും സുരക്ഷാ ഏജന്‍സികളെയും പോലും അവര്‍ ആക്രമിക്കുന്നു. നമ്മളെ സംരക്ഷിക്കാന്‍ പൊലീസിന് കഴിയില്ല.’ ഭാര്യ പറഞ്ഞു.

കത്തില്‍ ഒരു ഫോണ്‍ നമ്പറും വിളിക്കേണ്ട സമയവും നല്‍കിയിട്ടുണ്ടായിരുന്നു. ഫോണ്‍ അറ്റന്റ് ചെയ്ത വ്യക്തിയുടെ ഉച്ചാരണം പാഷ്തൂണ്‍ ശൈലിയിലായിരുന്നതും താലിബാന്‍ വിശ്വാസം ഉറപ്പിച്ചു. അഫ്ഗാനിസ്ഥാനിലെയും താലിബാന്റെ ശക്തികേന്ദ്രമായ വടക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെയും ഉച്ചാരണ ശൈലി ഇതാണ്.

തുടര്‍ന്ന് പല പല അപരിചിത നമ്പറുകളില്‍ നിന്നും കോളുകള്‍ വന്നു തുടങ്ങി. താലിബാന്‍ സ്വാധീനത്തിലുള്ള അഫ്ഗാനിസ്ഥാനിലും വസീരിസ്ഥാനിലും നിന്നാണ് ഇവയെന്ന് പിന്നീടറിഞ്ഞു.

ഇതില്‍ നിന്ന് രക്ഷപെടാന്‍ മുഹമ്മദിന് മൂന്ന് മാസങ്ങള്‍ വേണ്ടി വന്നു. എന്നാല്‍ പണം എങ്ങനെ കൈമാറിയെന്ന് പറയാന്‍ അദ്ദേഹം വിസമ്മതിച്ചു.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ പണം നല്‍കാത്തതിന്റെ പേരില്‍ നാല് ബിസിനസുകാരെങ്കിലും കൊല്ലപ്പെട്ടതായാണ് കരുതപ്പെടുന്നത്. ഭീഷണി കാര്യമായെടുക്കാത്തവര്‍ക്കുള്ള സ്വാഭാവിക വിധിയാണിതെന്ന് ഒരു മുതിര്‍ന്ന ഇന്റലിജന്‍സ് ഓഫീസര്‍ പറഞ്ഞു.

‘പാക്കിസ്ഥാനി താലിബാനിലെ അംഗമായി അഭിനയിക്കുന്നതാണ് ജനങ്ങളെ ഭയപ്പെടുത്താന്‍ ഏറ്റവും എളുപ്പം. പൊലീസിനെ അറിയിക്കാന്‍ അവര്‍ ഭയപ്പെടും. ക്രിമിനലുകളുമായി സഹകരിക്കാന്‍ നിര്‍ബന്ധിതരാകും. ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഈ വര്‍ഷം ഇതുവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് പേരില്‍ 17 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ഇസ്ലാമാബാദ് പൊലീസ് പറഞ്ഞു. ഭയം കാരണം റിപ്പോര്‍ട്ട് ചെയ്യാത്ത കേസുകള്‍ ഇതിലെത്രയോ അധികമായിരിക്കുമെന്നും അവര്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഇത്തരത്തിലുള്ള ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

സ്ഥിതിഗതികള്‍ വഷളായതിനെ തുടര്‍ന്ന് പാക്കിസ്ഥാനി താലിബാന്‍ നേരിട്ട് പ്രസ്താവനയിറക്കി.

‘പെഷവാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും തെഹ്‌രീക് – ഇ – താലിബാന്റെ പേരില്‍ സമ്പന്നരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതായി അറിയുന്നു.

മുസ്ലിമിന്റെ സ്വത്ത് അവന്റെ ജീവനോളം തന്നെ വിലയേറിയതായാണ് ഞങ്ങള്‍ കരുതുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങളിലുള്ള അസംതൃപ്തി അറിയിക്കുന്നു.’

എല്ലാ കത്തുകളും ഭീഷണിയല്ല. ഇസ്ലാമാബാദിലെ ഒരു അഭിഭാഷകന് ലഭിച്ച കത്തില്‍ മതത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ ഒരു ദിവസത്തെ ഭക്ഷണത്തിന് 30,000 ഡോളറാണ് ചെലവ് എന്നാണ് പറഞ്ഞിരിക്കുന്നത്.

‘ നിങ്ങളെ പോലെ ദൈവഭയമുള്ള മുസ്ലിങ്ങളുടെ സഹായത്തിലാണ് ഇത് നടന്നുപോകുന്നത്. ജിഹാദിനെ സഹായിക്കാനായി നിങ്ങള്‍ക്ക് ഒരു അവസരം ദൈവം നല്‍കിയിരിക്കുകയാണ്’ കത്തില്‍ പറയുന്നത് ഇങ്ങനെ.

‘രണ്ട് ദിവസത്തേയ്ക്ക് ഇവര്‍ക്കുള്ള ഭക്ഷണത്തിന്റെ ചെലവ് നിങ്ങള്‍ വഹിക്കേണ്ടതാണ്.’

കൈകൊണ്ടെഴുതിയ ഈ കത്തും മെഹ്‌സൂദിന്റെ പേരിലാണ്. ഇതിന തുടര്‍ന്നും ഫോണ്‍ കോളുകളും മറ്റും ഉണ്ടായിരുന്നു.

‘അഡ്വക്കേറ്റിനെ കുറിച്ച് എല്ലാ വിവരങ്ങളും അവര്‍ക്ക് അറിയാമായിരുന്നു. കുടുംബം, കുട്ടികള്‍, എപ്പോഴാണ് ഓഫീസില്‍ പോകുന്നത്.. തുടങ്ങി എല്ലാം.’ പൊലീസ് പറയുന്നു.

‘ഏറ്റവും വലിയ ക്ലൂ അതു തന്നെയായിരുന്നു. അഡ്വക്കേറ്റിന്റെ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്നവര്‍ തന്നെയായിരുന്നു പ്രതികള്‍.’

താന്‍ ഭാഗ്യവാനാണെന്ന് ഇദ്ദേഹം പറയുന്നു. കാരണം ഇത്തരം തട്ടിപ്പുകാരെ പൊലീസ് അറസ്റ്റ് ചെയ്യാറില്ല.