ടോക്കിയോ: ജപ്പാനില്‍ കഴിഞ്ഞദിവസമുണ്ടായ സുനാമിയില്‍ കേടുപാടു സംഭവിച്ച ഫുകുഷിമയിലെ ഡയ്ച്ചി ആണവ നിലയത്തില്‍ വന്‍ പൊട്ടിത്തെറി. ആണവ നിലയം ഹൈഡ്രജന്‍ ഉപയോഗിച്ച് തണുപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്.

റിയാക്ടറിലല്ല പൊട്ടിത്തെറിയുണ്ടായതെന്നാണ് ജപ്പാന്‍ ന്യൂക്ലിയര്‍ സേഫ്റ്റി കമ്മീഷന്‍ പറയുന്നത്. റിയാക്ടറിലെ സ്‌ഫോടനത്തിന് ഒദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും ആണവ നിലയത്തിനു ചുറ്റും നേരിയ തോതില്‍ അണുവികിരണമുണ്ടായതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് കൂടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അവര്‍ പറഞ്ഞു.

അതിനിടെ റിയാക്ടറിനകത്തെ സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ നിലയത്തിന്റെ ഓപ്പറേറ്റര്‍മാരായ ടോകിയോ ഇലക്ട്രിക് പവര്‍ കമ്പനി തീവ്രശ്രമം നടത്തുകയാണ്. ഇതിന് സാധിച്ചില്ലെങ്കില്‍ അന്തരീക്ഷത്തില്‍ ആണവ വികിരണങ്ങള്‍ അപകടകരമായ തോതില്‍ വ്യാപിക്കാന്‍ ഇടയുണ്ട്. അങ്ങനെയുണ്ടായാല്‍ മറ്റൊരു വന്‍ ദുരന്തത്തിനുകൂടി ജപ്പാന്‍ സാക്ഷ്യം വഹിക്കേണ്ടിവരും.