തിരുവനന്തപുരം: തുമ്പ റയില്‍വേ ട്രാക്കില്‍ കുളത്തൂര്‍ കഴക്കൂട്ടം റൂട്ടില്‍ സ്‌ഫോടക വസ്തു കണ്ടെത്തി. കടലാസില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ സ്‌ഫോടന വസ്തുക്കള്‍ കാല്‍നടയാത്രക്കാര്‍ ഗേറ്റ് കീപ്പറെ ഏല്പിക്കുകയായിരുന്നു. ഇന്നലെ നാലരയോടുകൂടിയാണ് സംഭവം.

തുമ്പ പോലീസെത്തി സ്‌ഫോടക വസ്തുക്കള്‍ നീക്കം ചെയ്തു. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയശേഷം സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കി.

സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്ത വിഷയം ലോക്കല്‍പോലീസ് ആദ്യഘട്ടത്തില്‍ ഗൗരവമായി എടുത്തില്ലെന്ന് ആക്ഷേപമുണ്ട്. തിരുവനന്തപുരം പരിസരത്ത് നടന്നുവരുന്ന മോക്ക് ഡ്രില്ലിന്റെ ഭാഗമായാണ് സ്‌ഫോടന വസ്തുക്കള്‍ കണ്ടെതെന്നായിരുന്നു പോലീസ് കരുതിയത്. എന്നാല്‍ ഉന്നത വൃത്തങ്ങളുമായി ബന്ധപ്പെട്ടതോടെ മോക്ക് ഡ്രില്ലിന്റെ ഭാഗമല്ല ഇത് എന്ന് വ്യക്തമായി.

സംഭവത്തെക്കുറിച്ച് പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.