അംബാല(പഞ്ചാബ്): പഞ്ചാബിലെ അംബാല കാന്റ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും സ്‌ഫോടക വസ്തുശേഖരം പോലീസ് പിടിച്ചെടുത്തു. റെയില്‍വേ സ്‌റ്റേഷനു സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ സൂക്ഷിച്ച നിലയിലാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. അഞ്ചുകിലോ ആര്‍.ഡി.എക്‌സും ടൈമറും ഡിറ്റണേറ്ററുകളും കണ്ടെത്തിയത്.

Subscribe Us:

കന്റ് റെയില്‍വേ സ്‌റ്റേഷനില്‍ തീവ്രവാദ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യ സൂചന ലഭിച്ചതിനെ തുടര്‍ന്ന് സ്‌പെഷല്‍ പോലീസ് ഓഫീസര്‍മാര്‍ നടത്തിയ പരിശോധനയിലാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം 6.30 ഓടുകൂടിയാണ് പോലീസ് സംഘം സ്‌റ്റേഷനിലെത്തിയത്.

രഹസ്യസൂചനയില്‍ പറഞ്ഞ നമ്പറിലുള്ള ഇന്റിക്ക കാര്‍ റെയില്‍വേ സ്റ്റേഷനടുത്ത് സംഘം കണ്ടെത്തി. കാറിന്റെ അവകാശിയെന്ന് പറഞ്ഞ് ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയില്‍ പോലീസ് കുറേ നേരം അതിനടുത്ത് നിന്നു. എന്നാല്‍ അര്‍ധരാത്രിയായിട്ടും ആരും എത്താതിരുന്നതിനെ തുടര്‍ന്ന് കാര്‍ പരിശോധിക്കാന്‍ പോലീസ് സംഘം തീരുമാനിക്കുകയായിരുന്നു.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ (HR 03 0054) വ്യാജമാണെന്ന് കണ്ടെത്തി. ചണ്ഡീഗഢിനടുത്തുള്ള പാഞ്ച്കുല സ്വദേശിയായ ബിസിനസുകാരന്‍ രാഹുലിന്റെ കാറാണിതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഭീകരാക്രമണത്തിനു കൊണ്ടുവന്നതാകാം സ്‌ഫോടകവസ്തുക്കളെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ദേശീയ സുരക്ഷാ ഏജന്‍സിയുടെയും സുരക്ഷാ സേനയുടെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്‌ഫോടക വസ്തുശേഖരം പരിശോധിച്ചു.