കോയമ്പത്തൂര്‍: നീലഗിരി ജില്ലയില്‍ ഊട്ടിക്കടുത്ത് അറുവങ്കാട്ടുള്ള പ്രതിരോധ ഗവേഷണ കേന്ദ്രം കോര്‍ഡിയററ് ഫാക്ടറിയില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ അഞ്ച്‌പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാശനഷ്ടങ്ങള്‍ വ്യക്തമായിട്ടില്ല. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

7 പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്തെ റിപ്പോര്‍ട്ടുണ്ട്. ഉച്ചക്ക് ശേഷം 3.20 ഓടെയാണ് സ്‌ഫോടനം നടന്നതെന്നും ആസിഡ് ടാങ്കാണ് അപടത്തില്‍പ്പെട്ടതെന്നും അധികൃതര്‍ പറഞ്ഞു. പ്രദേശം പൂര്‍ണമായും സൈനിക നിയന്ത്രണത്തിലാണ്. പ്രതിരോധ സേനയ്ക്കുവേണ്ടി രാസവസ്തുക്കളും സ്‌ഫോടക വസ്തുക്കളും നിര്‍മിക്കുന്നത് ഇവിടെനിന്നാണ്.

തമിഴ്‌നാട് സ്വദേശികളായ രവി സുബ്രഹ്മണ്യം, ജയരാജ്, ഗോപി, ആനന്ദ്, സുബ്രഹ്മണ്യം എന്നിവരാണ് മരിച്ചത്. മലയാളികളടക്കം നിരവധിപേര്‍ ഇവിടെ ജോലിചെയ്യുന്നുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ ഫാക്ടറിയുടെ പ്രധാന കവാടം അടച്ചതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. നിരവധിപേര്‍ക്ക് പരിക്കേറ്റതായും രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്നതായും സൂചനയുണ്ട്. പരിക്കേറ്റവരെ ഊട്ടിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.