പാരീസ്: ഫ്രാന്‍സില്‍ ആണവനിലയത്തില്‍ സ്‌ഫോടനം. സ്‌ഫോടനത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട. ദക്ഷിണ ഫ്രാന്‍സിലെ മാര്‍ക്കോള്‍ ആണവനിലയത്തിലാണ് സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനത്തെ തുടര്‍ന്ന് ആണവനിലയത്തില്‍ തീ പടര്‍ന്നു. പ്രദേശത്ത് വന്‍തോതില്‍അണുവികിരണ ഭീഷണി നിലനില്‍ക്കുന്നുണ്ട്. റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍ സൂക്ഷിക്കുന്നിടത്ത് ഉണ്ടായ തീപിടുത്തമാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

എന്നാല്‍, ആണവനിലയത്തില്‍ നിന്നു ഇതുവരെ ചോര്‍ച്ചയുണ്ടായിട്ടില്ലെന്ന് ഫ്രഞ്ച് ആണവോര്‍ജ കമ്മീഷന്‍ വക്താവ് അറിയിച്ചു.

സംഭവത്തെതുടര്‍ന്ന് എല്ലാ അടിയന്തിര സുരക്ഷാനടപടികളും സ്വീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ദക്ഷിണ ഫ്രാന്‍സില്‍ മെഡിറ്ററേനിയന്‍ കടലിന് സമീപത്തായി ലാങ്ഗഡോക്ക് റോസിലിയണിലാണ് മാര്‍ക്കോള്‍ ആണവനിലയം.

ഫ്രാന്‍സിലെ മൊത്തം ഊര്‍ജ്ജ ഉപഭോഗത്തിന്റെ 75 ശതമാനവും ആണവ നിലയങ്ങള്‍ വഴിയാണ് ഉത്പാദിപ്പിക്കുന്നത്. 58 ആണവ നിലയങ്ങളാണ് ഫ്രാന്‍സില്‍ ആകെയുള്ളത്.