എഡിറ്റര്‍
എഡിറ്റര്‍
2009ലെ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയില്ല; പിഴനല്‍കാത്തതിന് കാരണം കാണിക്കാന്‍ കമ്മീഷന്‍ നിര്‍ദേശം
എഡിറ്റര്‍
Monday 4th June 2012 9:00am

ചെന്നൈ: വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ട കാര്യം പറഞ്ഞ സമയത്ത് നല്‍കാതിരിക്കുകയും പിഴയൊടുക്കാനുള്ള കമ്മീഷന്‍ നിര്‍ദേശം അവഗണിക്കുകയും ചെയ്തതിന് വിശദീകരണം നല്‍കാന്‍ മദ്രാസ് ഹൈക്കോടതി പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നിര്‍ദേശം.

ഹൈക്കോടതി രജിസ്ട്രിയിലുള്ള രജിസ്റ്ററുകളുടെയും, ഫോമുകളുടെയും ലെഡ്ജറുകളുടെയും രേഖകളുടെയും ലിസ്റ്റ് ആവശ്യപ്പെട്ട് പി. കല്യാണസുന്ദരം 2009ല്‍ നല്‍കിയ വിവരാവകാശ അപേക്ഷയാണ് നടപടിക്കാധാരം. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വിവരാവകാശ അപേക്ഷയ്ക്ക് മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കല്യാണസുന്ദരം സംസ്ഥാന വിവരാവകാശ കമ്മീഷന് പരാതി നല്‍കി. കല്യാണസുന്ദരത്തിന് നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

ഏത് തരത്തിലുള്ള വിവരങ്ങളാണ് അപേക്ഷയില്‍ പറയുന്നത് എന്നത് സംബന്ധിച്ച് ആശയക്കുഴപ്പമുള്ളതിനാലാണ് മറുപടി നല്‍കാന്‍ വൈകിയതെന്നാണ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ വിശദീകരണം. വകതിരിവില്ലാത്ത രീതിയിലാണ് ഇയാള്‍ വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് വിവരാവകാശ നിയമത്തിന്റെ ലക്ഷ്യം തന്നെ തകര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം ആവശ്യപ്പെട്ട വിവരങ്ങള്‍ ഹൈക്കോടതിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.

ഏത് തരം വിവരങ്ങളാണ് ആവശ്യപ്പെട്ടതെന്ന് ആദ്യഘട്ടത്തില്‍ തന്നെ അധികൃതര്‍ക്ക് മനസിലായിരുന്നെന്നും, കൃത്യമായ വിശദാംശങ്ങള്‍ അപേക്ഷയ്്‌കൊപ്പം നല്‍കിയിരുന്നെന്നും ഇരുവിഭാഗങ്ങളുടെയും ഭാഗം കേട്ടശേഷം വിവരാവകാശ കമ്മീഷന്‍ കെ.പി ശ്രീപതി പറഞ്ഞു. സമയപരിധിക്കുള്ളില്‍ മറുപടി നല്‍കാന്‍ കഴിഞ്ഞോയെന്ന കാര്യം മാത്രമാണ് അധികതൃതര്‍ വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രണ്ടര വര്‍ഷത്തിനുശേഷവും മറുപടി നല്‍കാന്‍ കഴിയാത്ത വിവരാവകാശ നിയമത്തിന്റെ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 20(1), പ്രകാരം 25,000 രൂപ പിഴയടക്കാത്തതിന് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് വിവരാവകാശ കമ്മീഷന്റെ നിര്‍ദേശം.

Advertisement