തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ സഹായികള്‍ക്കും സി.പി.ഐ.എം ഏറണാകുളം മുന്‍ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനും ഏറണാകുളത്തെ വി.എസ് പക്ഷ നേതാക്കള്‍ക്കും സി.പി.ഐ.എമ്മിന്റെ വിശദീകരണ നോട്ടീസ്. വാര്‍ത്ത ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയതിന് വി.എസ്സിന്റെ അഡീഷണല്‍ പ്രവൈറ്റ് സെക്രട്ടറി വി.കെ ശശിധരന്‍, പേഴ്‌സണല്‍ അസിസ്റ്റന്റെ എ. സുരേഷ്, പ്രസ് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ്.

ഒളിക്യാമറ വിവാദത്തില്‍ സി.പി.ഐ.എം സംസ്ഥാന നേതൃത്വം ഗോപി കോട്ടമുറിക്കലിനോടും വിശദീകരണം തേടി. എം.പി പത്രോസ്, കെ.എ ചാക്കോച്ചന്‍ തുടങ്ങിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കും ഓഫീസ് സഹായികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

വി.എസിന്റെ അനുയായികള്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തചോര്‍ത്തി നല്‍കിയതായി സി.പി.ഐ.എം നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ സംസ്ഥാന സെക്രട്ടറിയേറ്റില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ലൈംഗിക അപവാദക്കേസില്‍ കുടുങ്ങിയ ഗോപികോട്ടമുറക്കലിനെ പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കാനും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചിരുന്നു.