വെസ്റ്റ് ബാങ്ക്: ഫലസ്തീന്‍ വിമോചന നേതാവ് യാസര്‍ അറഫാത്തിന്റെ മരണം സംബന്ധിച്ച ദുരൂഹതയുടെ ചുരുളഴിക്കാന്‍ മൃതദേഹം സംസ്‌കരിച്ച് 8 വര്‍ഷത്തിന് ശേഷം കബര്‍ ഇന്ന് പുറത്തെടുത്ത് പരിശോധിക്കും.

അറഫത്തിന്റെ മരണത്തിന് കാരണം വിഷപദാര്‍ത്ഥമായ പൊളോണിയത്തിന്റെ സാന്നിധ്യമാണെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പരിശോധന. അറഫാത്തിന് ഇസ്രയേല്‍ വിഷം നല്‍കി കൊലപ്പെടുത്തിയെന്ന ആരോപണം നേരത്തെ നിലവിലുണ്ടായിരുന്നു.

Ads By Google

2004 ഒക്‌ടോബര്‍ അവസാനത്തിലാണ് അറഫാത്ത് രോഗബാധിതനാകുന്നത്. ഒരു യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ പെട്ടെന്ന് ഛര്‍ദിച്ച് അവശനായി. ചെറിയ പനിയെന്നായിരുന്നു ആദ്യ വിവരങ്ങള്‍. പെട്ടെന്നു രോഗം ഗുരുതരമായി. ഒടുവില്‍ പാരിസിലെ സൈനിക ആശുപത്രിയിലേക്കു വിദഗ്ധ ചികില്‍സയ്ക്കായി കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

ഹൃദയാഘാതമെന്നായിരുന്നു ആദ്യനിഗമനം. പക്ഷേ, അറഫാത്തിന് ആരോ വിഷം നല്‍കിയെന്ന സംശയം പിന്നീട് ഉയര്‍ന്നു.

എന്നാല്‍ അറഫാത്തിന്റെ മരണസമയത്ത് അദ്ദേഹത്തിന്റെ ശരീരത്തില്‍ റേഡിയോ ആക്റ്റീവ് പദാര്‍ത്ഥമായ പൊളോണിയത്തിന്റെ സാന്നിധ്യമുണ്ടായിരിന്നുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ജൂലൈയിലാണ് പുറത്തുവന്നത്. അല്‍ ജസീറ ടെലിവിഷനാണ് ഇത് വ്യക്തമാക്കുന്ന ലബോറട്ടറി പരിശോധനാ ഫലം ആദ്യം പുറത്തുവിട്ടത്.

2004 മുതല്‍ ഈ ആരോപണം ഉയരുന്നുണ്ടെങ്കിലും ഈ വര്‍ഷം സ്വിസ് അന്വേഷണസംഘമാണ് ഇതു സ്ഥിരീകരിച്ചത്. രക്തം, ഉമിനീര്, വിയര്‍പ്പ്, മൂത്രം തുടങ്ങിയവയും പരിശോധിച്ചു. തുടര്‍ന്ന്, അറഫാത്തിന്റെ ഭാര്യ സുഹയുടെ ആവശ്യപ്രകാരം ഫ്രാന്‍സ് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കൊലപാതകക്കേസ് അന്വേഷണം തുടങ്ങി. മൃതദേഹം പുറത്തെടുത്തു പരിശോധിക്കാനും അനുമതി നല്‍കുകയായിരുന്നു.

അറഫാത്തിന് ഇസ്രയേല്‍ വിഷം നല്‍കിയെന്നാണ് ആരോപണം. ആണവശേഷിയുള്ള രാജ്യങ്ങള്‍ക്കോ അതിവൈദഗ്ധ്യമുള്ള ശാസ്ത്രജ്ഞര്‍ക്കോ മാത്രമേ  പൊളോണിയം – 210 ഇത്തരത്തില്‍ ഉപയോഗിക്കാന്‍ കഴിയുള്ളൂ എന്നതും വസ്തുതയാണ്.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം മേരി ക്യൂറി കണ്ടെത്തിയ മൂലകമാണു പൊളോണിയം. അന്തരീക്ഷത്തില്‍ ഇതു സ്വാഭാവികമായി ഉണ്ട്. പക്ഷേ, ഒരാളെ കൊലപ്പെടുത്താന്‍ മാത്രം പൊളോണിയം വേര്‍തിരിച്ചെടുക്കണമെങ്കില്‍ അതിവൈദഗ്ധ്യം വേണം. മേരി ക്യൂറിയുടെ മകള്‍ ഐറിന്‍ മരിച്ചതും പൊളോണിയം കാരണമാണ്.