Categories

കൂടംകുളം: പരാതി പഠിക്കാന്‍ 15 അംഗ വിദഗ്ധ സമിതി

ചെന്നൈ: കൂടംകുളം ആണവ നിലയം സംബന്ധിച്ച പരാതി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിച്ചു. 15 അംഗങ്ങളാണു സമിതിയില്‍ ഉള്ളത്. കേന്ദ്ര സര്‍ക്കാരാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്. ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ സമിതി പരിശോധിക്കും. സമിതി അംഗങ്ങള്‍ ആണവനിലയം സന്ദര്‍ശിക്കും.ആണവ നിലയത്തിനെതിരെ ജനകീയ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണു വിദഗ്ധ സമിതി രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

റേഡിയേഷന്‍ സുരക്ഷ, റിയാക്ടര്‍ സുരക്ഷ, ഓണ്‍കോളജി, മത്സ്യമേഖല, ആണവമാലിന്യ നിര്‍മാര്‍ജനം എന്നീ മേഖലയിലെ വിദഗ്ധര്‍ കൂടംകുളത്തെ പ്രതിഷേധക്കാരുമായി കൂടിക്കാഴ്ച നടത്തും.

ജനങ്ങളുടെ ആശങ്ക മാറുന്നതുവരെ നിലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നാണു തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാട്. കൂടംകുളത്തെ പ്രതിസന്ധിക്കു കാരണം കേന്ദ്ര സര്‍ക്കാരാണെന്നു മുഖ്യമന്ത്രി ജയലളിത കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു.

കൂടംകുളത്തെ പ്രശ്‌നത്തെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയമിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി വാഗ്ദാനം പാലിക്കാതായതോടെ കൂടംകുളം സമരം വീണ്ടും ശക്തമായി. പ്രതിഷേധക്കാര്‍ കരാര്‍ തൊഴിലാളികളെ തടഞ്ഞുവയ്ക്കുകയും ശാസ്ത്രജ്ഞന്‍മാരെ ഉപരോധിക്കുകയും ചെയ്തിരുന്നു.

തമിഴ്‌നാട്ടിലെ തീരപ്രദേശമായ കൂടംകുളത്ത് ആണവനിലയം സ്ഥാപിക്കുന്നത് അവിടങ്ങളിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ സമരം തുടങ്ങിയത്. അടുത്തിടെ ജപ്പാനിലെ ഫുക്കുഷിമ ആണവനിലയത്തിലുണ്ടായ ദുരന്തങ്ങള്‍ ഇവരുടെ ഭീതിക്ക് ആക്കം കൂട്ടി. ഇന്ത്യന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര നിരീക്ഷകരും കൂടംകുളം നിലയത്തിന്റെ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും ഉണ്ടായിട്ടും ആണവദുരന്തത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ജപ്പാന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ജനജീവിതത്തിന് ഭീഷണി നിലനിര്‍ത്തിക്കൊണ്ട് ഇവിടെയൊരു ആണവനിലയം വേണ്ടെന്നാണ് സമരക്കാരുടെ ആവശ്യം.

ആണവനിലയത്തിലുള്‍പ്പെട്ട ആദ്യ രണ്ട് ന്യൂക്ലിയര്‍ റിയാക്ടറുകളുടെ പ്രവര്‍ത്തനം ഈ മാസം ആരംഭിക്കാനാണ് നീക്കം. ഇന്ത്യയിലെ ഏറ്റവും വലിയ ആണവോര്‍ജ്ജ കേന്ദ്രമാക്കി കൂടംകുളത്തെ മാറ്റാനാണ് സര്‍ക്കാര്‍ ശ്രമം. എന്നാല്‍ സര്‍ക്കാര്‍ നീക്കം എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് പ്രദേശവാസികള്‍ അറിയിച്ചിട്ടുണ്ട്.

One Response to “കൂടംകുളം: പരാതി പഠിക്കാന്‍ 15 അംഗ വിദഗ്ധ സമിതി”

  1. Manojkumar.R

    എത്ര എത്ര സമിതികലെയാണ് ഗവന്മേന്ടു പഠിക്കാന്‍ വിടുന്നത്.സത്യത്തില്‍ പദ്ധതി ആസൂത്രണം ചെയ്യുമ്പോഴേ ഈ പഠനം നടക്കേണ്ടതല്ലേ?അപ്പോള്‍ യാതൊരു മുന്‍ വിധിയും ഇല്ലാതെയാണോ നമ്മള്‍ ഓരോ പദ്ധതിയും നടപ്പിലാക്കുന്നത്?ആത്യന്തികമായി ഓരോ പദ്ധതിയും പൊതുജനത്തെ ഉദ്ദേശിച്ചാണ് എന്നാണ് വെപ്പ്. പദ്ധതിയുടെ യഥാര്‍ത്ഥ ഉന്നം പോതുജനക്ഷേമാമാകുമ്പോള്‍ അത് മൂലം അവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളും ദുരന്തങ്ങളും ഉണ്ടാകുമെന്ന് മുന്‍കൂട്ടി പഠിച്ചരിയാന്‍ ഒരു സംവിധാനവും നമുക്കില്ലേ? പദ്ധതി വിഭാവനം ചെയ്ത ശേഷം എതിര്‍പ്പ് ഉണ്ടാകുമ്പോള്‍ മാത്രം സമിതി കളെ വെച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന ആത്മര്തത ശ്ലാഖനീയം തന്നെ! പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ പൊതുജനത്തെ മുന്നില്‍ കാണാന്‍ കഴിയാതെ പോകുന്നത് നമ്മുടെ ജനാധിപത്യത്തിന്റെ പോരായ്മയാണ്.പകരം പണച്ചക്കുകളെയും അവര്‍ മുഖേന തങ്ങളുടെ ബാങ്ക് ബാലന്‍സിന്റെ ഉയര്‍ന്നു പൊങ്ങുന്ന ഗ്രാഫും മാത്രമാണ് ഭരണകര്താക്കളുടെ കണ്ണിന്റെ റെറ്റിനയില്‍ പതിയുന്നത് എന്നത് നമ്മുടെ മാത്രം ഗതി കേടാണ്.വെറുതെയല്ല “അംബാനി സിംഗ് ” എന്ന് വിളിക്കുന്നത്‌.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.