Administrator
Administrator
കൂടംകുളം നിലയം വന്നാല്‍ മത്സ്യസമ്പത്ത് കൂടും, റേഡിയേഷന്‍ കുറയും:വിദഗ്ധസമിതി
Administrator
Tuesday 7th February 2012 12:07pm

കോഴിക്കോട്: കൂടംകുളം ആണവനിലയം വന്നാല്‍ മത്സ്യസമ്പത്ത് കൂടുമെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട്. ആണവ റിയാക്ടറില്‍ നിന്ന് പുറന്തള്ളുന്ന ചുടേറിയ ജലം കടലിലേക്ക് ഒഴുകുന്നത് വഴി മത്സ്യസമ്പത്ത് വര്‍ധിക്കുമെന്നാണ് കൂടംകുളം വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടംകുളം ആണവനിലയത്തിന്റെ സാധ്യതകളും ആശങ്കകളും പഠിക്കാനായി കേന്ദ്രം നിയോഗിച്ച വിദഗ്ധസമിതിയാണ് ആവാസ വ്യവസ്ഥയെക്കുറിച്ചുള്ള അടിസ്ഥാന തത്വങ്ങള്‍ക്ക് പോലും വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഈ റിപ്പോര്‍ട്ട് തമിഴിലേക്കും മലയാളത്തിലേക്കും മൊഴിമാറ്റി ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നുമുണ്ട്.

നിലയത്തിന്റെ പരിസ്ഥിതി പ്രത്യാഘാതം വിവരിക്കുന്നതിടത്താണ് മത്സ്യസമ്പത്തിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്. പരിസ്ഥിതി ആഘാതം ഏറ്റവും കുറഞ്ഞ ആണവനിലയമാണ് കൂടംകുളത്ത് പ്രവര്‍ത്തന സജ്ജമാകാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടംകുളത്തിനോട് ചേര്‍ന്ന സമുദ്രഭാഗത്ത് വര്‍ഷകാലത്തെ ശരാശരി താപനില 23ഡിഗ്രി സെല്‍ഷ്യസാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. വേനല്‍ക്കാലത്ത് അത് 29ഡിഗ്രി സെല്‍ഷ്യസും. ആണവനിലയം തുടങ്ങിയാല്‍ പ്രതിദിനം 70 ടണ്‍ വെള്ളം കടലിലേക്ക് ഒഴുക്കേണ്ടിവരും. ആണവനിലയത്തിലെ ശീതീകരണ പ്രക്രിയക്ക് ഉപയോഗിച്ച വെള്ളമാണിത്. നിലയത്തിലേക്ക്  വരുമ്പോഴുള്ളതിനേക്കാള്‍ ഏഴ് ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്ന ഊഷ്മാവുള്ള വെള്ളമാണ് പുറത്തുപോകുന്നതെന്ന് വിദഗ്ധ സമിതി സമ്മതിക്കുന്നു. ഈ ഊഷ്മാവ് വ്യത്യാസത്തിന് സാങ്കേതികമായി ഡെല്‍റ്റാ ടി എന്നാണ് പറയുന്നത്.

കൂടംകുളത്തെ സമുദ്രഭാഗത്തെ പരമാവധി ജലതാപനില 29 ഡിഗ്രിയാണെന്ന് വെച്ചാല്‍, നിലയത്തിലെ വെള്ളം ചെല്ലുമ്പോള്‍ താപനില 35 ഡിഗ്രിസെല്‍ഷ്യസാകും. ഇത് മൂലം ഇവിടുത്തെ മത്സ്യ സമ്പത്തിന് ഒരു ഭീഷണിയുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട് ആണയിടുന്നത്. മനോന്‍മണിയം സര്‍വകലാശാല, അണ്ണാ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യല്‍ മാനേജ്‌മെന്റ് എന്നിവയുടെ പഠനമാണ് ഇതിന് ആധാരമായി ചൂണ്ടിക്കാട്ടുന്നത്.

കൂടംകുളത്തിന് സമീപത്തെ സമുദ്രമേഖലയിലുള്ള ചില മത്സ്യങ്ങളും ചെമ്മീന്‍ വിഭാഗങ്ങളും 38.2 മുതല്‍ 42.2വരെ ഡിഗ്രിസെല്‍ഷ്യസ് ഉള്ള ഊഷ്മനിലാവരത്തില്‍ വളരുന്നവയാണഎന്ന് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. എന്നാല്‍ ഈ ചിലയിനങ്ങളൊഴിച്ച് ബാക്കിയുള്ളവയെക്കുറിച്ച് മൗനം മാത്രമാണുള്ളത്.

മത്സ്യങ്ങള്‍ക്ക് ശീതരക്തമായതിനാല്‍ ജലത്തിന്റെ താപവ്യത്യാസത്തിനനുസരിച്ച് അവയുടെ ശരീരോഷ്മാവ് ക്രമപ്പെടുത്താന്‍ അവക്ക് സാധിക്കുമെന്ന് റിപ്പോര്‍ട്ടിന്റെ 40ാം പേജില്‍ പറയുന്നു. മാത്രമല്ല അങ്ങനെ ചുറ്റുപാടിനോട് യോജിക്കുന്ന താപനില സാധ്യമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകുന്നു. അതുവഴി അവയുടെ വളര്‍ച്ചയും പ്രജനനശേഷിയും കൂടുമെന്നും വിദഗ്ധസമിതി കണ്ടെത്തുന്നു. എന്നാല്‍ ഇതിന് തൊട്ടടുത്തായി പറയുന്ന കാര്യങ്ങള്‍ ഈ കണ്ടെത്തലുകളെ ഇല്ലാതാക്കുന്നതാണ്. താപനിലയിലെ വ്യത്യാസം പെട്ടെന്ന് മനസ്സിലാക്കി അതില്‍ നിന്ന് രക്ഷപ്പെട്ട് മറ്റൊരിടത്തേക്ക് രക്ഷപ്പെടാന്‍ മത്സ്യങ്ങള്‍ക്ക് സാധിക്കുമെന്നാണ് തുടര്‍ന്ന് പറയുന്നത്.

ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ച് ചൂടിനെ തരണം ചെയ്യാനാവുമെങ്കില്‍ എന്തിനാണ് മത്സ്യങ്ങള്‍ രക്ഷപ്പെടുന്നതെന്ന ചോദ്യം ഇവിടെ ഉയരുന്നു. മത്സ്യസമ്പത്ത് വര്‍ധിക്കുമെങ്കില്‍ കടലില്‍ ചൂടേറിയ വെള്ളം പമ്പ് ചെയ്താല്‍ പോരേയെന്നതാണ് അടുത്ത സംശയം.

കേരളത്തിന്റെയും തമിഴ്‌നാടിന്റെയും വലിയൊരു മേഖലയില്‍ വന്‍വികിരണ പ്രത്യാഘാതമുണ്ടാക്കുന്ന ആണവനിലയത്തിന്റെ വികിരണ സാധ്യത ചര്‍ച്ച ചെയ്യുന്നിടത്ത്  ഉപയോഗിച്ച കണക്കിലും പട്ടികയിലും ഗുരുതരമായ പിഴവുണ്ട്. ബാക്ക് ഗ്രൗണ്ട് റേഡിയേഷന്‍ അല്ലെങ്കില്‍ ഫ്രീ ഓപറേഷന്‍ റേഡിയേഷന്‍ എന്നിവ താരതമ്യപ്പെടുത്തുമ്പോള്‍ വന്‍ മണ്ടത്തരമാണ് വിദഗ്ധസമിതിയുടേതെന്ന് വ്യക്തമാകും. തമിഴ്‌നാട്ടിലെ തന്നെ കല്‍പ്പാക്കം നിലയത്തിന്റെ ആണവവികിരണത്തെക്കുറിച്ചാണ് പട്ടിക.

പട്ടികയില്‍ രണ്ട് കോളങ്ങള്‍. ഒന്നാം കോളത്തില്‍ സാധാരണയുള്ള റേഡിയേഷനും രണ്ടാം കോളത്തില്‍ നിലയം പ്രവര്‍ത്തിച്ചാലുണ്ടാകുന്ന റേഡിയേഷനും പറയുന്നു. നിലയത്തോട് ചേര്‍ന്ന് കിടക്കുന്ന 1.6 മുതല്‍ എട്ട് കിലോമീറ്റര്‍ വരെ ചുറ്റളവില്‍ സ്വതവേയുള്ള റേഡിയേഷന്‍ 2.79നും 3.20 ഇടയിലായിരുന്നുവെന്ന് പട്ടിക പറയുന്നു. നിലയം പ്രവര്‍ത്തിച്ചപ്പോള്‍ 2.49നും 2.99നും ഇടയിലേക്ക് താഴ്ന്നുവത്രേ. നിലയം പ്രവര്‍ത്തിക്കുമ്പോള്‍ അത് പ്രവര്‍ത്തിക്കാത്തപ്പോഴുള്ളതിനേക്കാള്‍ വികിരണതോത് കുറയുകയെന്നത് തീര്‍ത്തും അസാധ്യമായ കാര്യമാണ്.

Malayalam News

Kerala News In English

Advertisement