എഡിറ്റര്‍
എഡിറ്റര്‍
പ്രവാസിമന്ത്രിക്കുണ്ടായ അനുഭവം ജനവിരുദ്ധസര്‍ക്കാറിനുള്ള പാഠമാണെന്ന് നവധാര സെക്രട്ടറിയേറ്റ്
എഡിറ്റര്‍
Friday 16th November 2012 5:26pm

ജിദ്ദ: ഗള്‍ഫ് പ്രവാസികള്‍ അവര്‍ നേരിടേണ്ടിവരുന്ന അവഗണനക്കെതിരെ ഉയര്‍ത്തിയ പ്രതിഷേധകൊടുങ്കാറ്റ് കണ്ട് തിരിച്ചുപോകേണ്ടിവന്ന പ്രവാസിവകുപ്പ് മന്ത്രിയുടെ അനുഭവം ജനവിരുദ്ധ ഭരണാധികാരികള്‍ക്കും അവരുടെ പാദസേവകര്‍ക്കും പാഠമായിരിക്കുമെന്ന് നവധാര സെക്രട്ടറിയേറ്റ് വിലയിരുത്തി.

യാത്രാരംഗത്തും തൊഴില്‍രംഗത്തും കടുത്ത അനീതി നേരിടേണ്ടിവരുന്ന പ്രവാസികള്‍ കിട്ടിയ അവസരം വിനിയോഗിച്ചത, നേതാക്കളുടെ പര്യടനങ്ങള്‍ കേമമാക്കാന്‍ കച്ചകെട്ടിയിരിക്കുന്ന സ്വീകരണതൊഴിലാളികളായ പ്രവാസി സംഘടനാനേതാക്കളുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.

Ads By Google

ജിദ്ദയിലെ ‘സംഘടനാപൊതുവേദിയെന്ന’ കമ്പനി പിളരുകയും അതിന്റെ അമരത്തിരിക്കുന്ന സംഘടന പത്രസമ്മേളനം വിളിച്ച് ബഹിഷ്‌കരണ തീരുമാനം മാറ്റി പ്രതിഷേധമാക്കി ചുരുക്കുകയും ചെയ്തത് സംയുക്തവേദിയുടെ അജണ്ടക്ക് വിരുദ്ദമാണ്. നാട്ടില്‍നിന്നെത്തുന്ന നേതാക്കളുടെ പരിപാടിക്ക് കസേര നിറക്കാനും, മുന്‍വരിയില്‍ ഇരിപ്പിടം കിട്ടാനും തട്ടിക്കൂട്ടിയ വേദിയില്‍ മറ്റ് ചെറിയ സംഘടനകളേയോ, വൈവിധ്യമുള്ള കൂട്ടായ്മകളേയോ ഇതുവരെ അടുപ്പിക്കാത്തത് തല്‍പ്പരകക്ഷികളുടെ ഇംഗിതം നടപ്പാവില്ല എന്ന ആശങ്കയാണെന്ന് നവധാര മുമ്പേ ആരോപിച്ചതാണ്.

നിശ്ചയദാര്‍ഢ്യവും ലക്ഷ്യബോധവുമുള്ള മറ്റുസംഘടനകള്‍ ഉയര്‍ത്തുന്ന എതിര്‍പ്പ് മറികടക്കാന്‍ ബാലിശമായ കാരണങ്ങള്‍ പറഞ്ഞ് ഇതര സംഘടനകളെ മാറ്റിനിര്‍ത്തിയത് സംയുക്തവേദിയുടെ പ്രവര്‍ത്തനത്തെ ഒരു സര്‍ക്കസ്സ് കമ്പനിയുടെ നിലവാരത്തിലെത്തിച്ചതായും നവധാര കുറ്റപ്പെടുത്തി.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ബഹിഷ്‌കരണ സമരായുധം വിജയകരമായി ഉപയോഗിച്ച ചരിത്രം അറിയാത്ത കൂട്ടരാണ് അങ്ങിനെ എതിര്‍ക്കുകയും അട്ടിമറിശ്രമം നടത്തുകയും ചെയ്തത്. മാധ്യമങ്ങള്‍ക്ക് കമ്യൂണിസ്റ്റുസമരവീര്യം ചാര്‍ത്തി ആക്രോശിച്ച മന്ത്രിയും സമരചരിത്രം കേട്ടുകേള്‍വിയില്ലാത്ത കെ.എം.സി.സി. യും പ്രവാസി പ്രതിഷേധത്തെ നിസ്സാരവല്‍ക്കരിക്കുകയാണ്.

സ്വന്തം മന്ത്രിയെ നിരുപദ്രവകുറ്റപ്പെടുത്തല്‍ നടത്തി തടിതപ്പിയ സംഘടന മുകളില്‍നിന്നുളള സമ്മര്‍ദ്ദവും ഗള്‍ഫിലെ സ്ഥിരസാന്നിധ്യവുമായ കേന്ദ്രമന്ത്രിക്കെതിരെ ഘടകക്ഷികളില്‍നിന്നുണ്ടാവുന്ന തിക്താനുഭവത്തിന്റെ പ്രഹരശേഷിയും തിരിച്ചറിഞ്ഞിട്ടാവണം കളംമാറ്റിച്ചവിട്ടിയതെന്നും നവധാര ചൂണ്ടിക്കാട്ടി.

അപമൃത്യു സംഭവിച്ച സംയുക്തവേദി ഇടതും വലതുമായി പരകായപ്രവേശം നടത്തുമ്പോള്‍ എന്താണ് ലക്ഷ്യം വെക്കുന്നതെന്നും, സാധാരണാ പ്രവാസികള്‍ക്ക് എന്ത് ഗുണമെന്ന് വ്യക്തമാക്കണമെന്നും നവധാര ആവശ്യപ്പെട്ടു. കേന്ദ്ര സെക്രട്ടറി നാസ്സര്‍ അരിപ്ര അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഷാജു ചാരുമ്മൂട്, ഏരിയ പ്രസിഡന്റ് നാസ്സര്‍ ആഞ്ഞിലങ്ങാടി, ഗഫൂര്‍ ചുങ്കത്തറ, സഹീര്‍ വലപ്പാട്, റസാക്ക് മമ്പാട്, രാംദാസ് പെരിന്തല്‍മണ്ണ, മുജീബ് വാപ്പന്‍ എന്നിവരും സംബന്ധിച്ചു.

Advertisement