endosulfanകോഴിക്കോട്: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്ക് കമ്പനിയുടെ വക്കീല്‍ നോട്ടീസ്. എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദകരായ എക്‌സല്‍ കമ്പനിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.

ഈ മാസം 28ന് മുമ്പ് പഠന റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് നോട്ടീസില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാറിന് വേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിന് ശാസ്ത്രീയ അടിത്തറയില്ലെന്നും കമ്പനി സി.ഇ.ഒ ഗണേഷന്‍ അയച്ച നോട്ടീസില്‍ വ്യക്തമാക്കുന്നു.

കാസര്‍കോട് ജില്ലയിലെ പ്ലാന്‍േറഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടങ്ങള്‍ക്കരികിലെ വിവിധ മാരക രോഗങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാന്‍ കീടനാശിനി രക്തത്തില്‍ കലര്‍ന്നതാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘമാണ് പഠനം നടത്തിയത്.

എന്‍ഡോസള്‍ഫാന്‍ തളിച്ച 11 പഞ്ചായത്തുകളിലെ രോഗികളില്‍ 3.88 പി.പി.ബി (പാര്‍ട്‌സ് പര്‍ ബില്യന്‍) മുതല്‍ 117.18 പി.പി.ബി വരെ എന്‍ഡോസള്‍ഫാന്‍ കലര്‍ന്നിട്ടുണ്ട്. ഇതില്‍ മാരകമായ ആല്‍ഫാ എന്‍ഡോസള്‍ഫാന്‍ 3.83 പി.പി.ബി മുതല്‍ 19.68 പി.പി.ബി വരെ അടങ്ങിയിരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

ഈ പഠന റിപ്പോര്‍ട്ട് സ്വീകരിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചോ (ഐ.സി.എം.ആര്‍) സംസ്ഥാന ആരോഗ്യവകുപ്പോ തയാറായിരുന്നില്ല.