കൊല്‍ക്കത്ത: ചില്ലറ മേഖലയില്‍ വിദേശ നിക്ഷേപം കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണയുമായി മുന്‍ പ്രസിഡന്റ് അബ്ദുള്‍ കലാം രംഗത്ത്. വികസ്വര രാജ്യം വികസിതമാകണമെങ്കില്‍ മത്സരാന്തരീക്ഷം ഉണ്ടായേ തീരുവെന്നും അദ്ദേഹം വ്യക്തമാക്കി.

Ads By Google

ചില്ലറ മേഖലയില്‍ വിദേശ നിക്ഷേപം കൊണ്ടുവരുന്നത് അപകടമുണ്ടാക്കുന്ന കാര്യമല്ല. ഇത് ആഗോളവത്കൃത ലോകമാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. മറ്റ് രാഷ്ട്രങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കേണ്ട ആവശ്യം നമുക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

250 മില്യണ്‍ ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഉല്പാദിപ്പിക്കാന്‍ കഴിഞ്ഞ ഇന്ത്യ സ്വയം പര്യാപ്തമാകും. എന്നാല്‍ 400 മില്യണ്‍ ടണ്‍ ഉല്പാദിപ്പിക്കപ്പെടുകയാണെങ്കില്‍ അത് രാജ്യത്തിന് പുറത്ത് വിറ്റഴിക്കേണ്ട അവസ്ഥവരും. അതുകൊണ്ടുതന്നെ മറ്റ് രാജ്യങ്ങളുമായി സഹകരിക്കുകയും യോജിക്കുകയും ചെയ്യേണ്ട ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്‌നാട്ടിലെ കൂടംകുളം ആണവോര്‍ജ നിലയത്തെ കലാം പിന്തുണയ്ക്കുകയും ചെയ്തു. രാജ്യത്തെ സുരക്ഷിതമായ ആണവനിലയങ്ങളിലൊന്നാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഫോസില്‍ ഇന്ധനങ്ങള്‍ക്ക് എതിരാണ്. ഇത് പരിസ്ഥിതി മലിനീകരണമുണ്ടാക്കും. ആണവ, സൗര, ജല ഊര്‍ജങ്ങള്‍ക്കുവേണ്ടിയാണ് താന്‍ വാദിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.