മാലി: കഴിഞ്ഞദിവസം രാജിവെച്ച മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദ് ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. അനുയായികള്‍ക്കൊപ്പം തലസ്ഥാനത്ത് ഒരു റാലിയില്‍ പങ്കെടുക്കുന്നതിനിടെ പോലീസ് അദ്ദേഹത്തെ ആക്രമിച്ചതെന്ന് നഷീദിന്റെ ബന്ധു പറഞ്ഞു.

ആക്രമണത്തില്‍ പരുക്കേറ്റ നഷീദിനെയും മാലിദ്വീപിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകരെയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബന്ധുവും പാര്‍ട്ടി പ്രവര്‍ത്തകയുമായ ഇവ അബ്ദുള്ള പറഞ്ഞു.

Subscribe Us:

‘അദ്ദേഹത്തെ തല്ലി. ഇപ്പോള്‍ അദ്ദേഹം സുരക്ഷിതനായി വീട്ടിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്’ അവര്‍ പറഞ്ഞു.

എം.ഡി.പിയുടെ ചെയര്‍മാന്‍ റീകോ മൂസ മാനിക്കിനെയും മുന്‍ എം.ഡി.പി ചെയര്‍പേഴ്‌സണ്‍ മരിയ ഡിഡിയെയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നഷീദിനെ അനുകൂലിച്ചുകൊണ്ട് മുദ്രാവാക്യങ്ങള്‍ വിളിച്ച് തെരുവിലിറങ്ങിയ ആയിരക്കണക്കിന് അനുയായികളെ മധ്യമാലിയില്‍ വച്ച് പോലീസ് തടഞ്ഞതോടെ പ്രതിഷേധം ആക്രമാസക്തമാവുകയായിരുന്നു. പ്രതിഷേധക്കാര്‍ പോലീസിനുനേരെ കല്ലെറിഞ്ഞു. പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ജനങ്ങളെ ബാറ്റണ്‍ ഉപയോഗിച്ച് അടിക്കുകയും ചെയ്തു.

പ്രതിഷേധക്കാര്‍ക്കെതിരായ പോലീസ് ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി എം.ഡി.പി ഒരു പ്രസ്താവനയില്‍ അറിയിച്ചു.

അതിനിടെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണു തന്നെ രാജിവയ്പിച്ചതെന്ന് നഷീദ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. അട്ടിമറിക്ക് പിന്നില്‍ തന്റെ പിന്മാഗിയായ വൈസ് പ്രസിഡന്റ് മുഹമ്മദ് വഹീദ് ഹസന്‍ മാനിക്കിന്റെ കരങ്ങളും ഉണ്ടെന്ന് ആരോപിച്ച നഷീദ് അദ്ദേഹത്തോട് അധികാരം ഒഴിയാനും അഭ്യര്‍ഥിച്ചു. എന്നാല്‍ അട്ടിമറിയില്‍ താന്‍ പങ്കാളിയല്ലയെന്ന് വഹീദ് വിശദീകരിച്ചു. അട്ടിമറിശ്രമമെന്നു വിശേഷിപ്പിക്കപ്പെട്ട പോലീസ് ലഹളയെ തുടര്‍ന്നാണു നഷീദ് രാജിവെച്ചത്.

രാജിവെച്ചില്ലെങ്കില്‍ തോക്കുകള്‍ ഗര്‍ജിക്കുമെന്നായിരുന്നു ഭീഷണിയെന്നു പറഞ്ഞ നഷീദ് ആരാണു തോക്കിന്‍ മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയതെന്ന് വ്യക്തമാക്കിയില്ല. എന്നാല്‍ സൈന്യമാണ് പ്രസിഡന്റിനെ പുറത്താക്കിയതെന്നു നഷീദിന്റെ സഹായി പറഞ്ഞു. ‘അട്ടിമറിക്കു പിന്നില്‍ ആരാണെന്നു പരിശോധിക്കണമെന്നു ഞാന്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടുന്നു. നിയമപരമായി സര്‍ക്കാരിനെ തിരികെ കൊണ്ടുവരാന്‍ കഴിയുന്നതൊക്കെ ചെയ്യും’- നഷീദ് പറഞ്ഞു.

Malayalam News

Kerala News In English