ന്യൂദല്‍ഹി: സൈന്യത്തില്‍നിന്ന് വിരമിച്ചവര്‍ക്ക് ഒരു റാങ്കിന് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച ശുപാര്‍ശ അംഗീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സംസ്ഥാനങ്ങളിലെ വൈദ്യുതിവിതരണക്കമ്പനികളെ സാമ്പത്തികമായി രക്ഷപ്പെടുത്തുന്നതിനുള്ള സാമ്പത്തിക പുന:സംഘടനയും മന്ത്രിസഭ അംഗീകരിച്ചു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ക്ഷാമബത്ത ഏഴ് ശതമാനം വര്‍ധിപ്പിക്കാനും ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

Ads By Google

പ്രതിരോധസര്‍വീസിലെ ശമ്പളം, പെന്‍ഷന്‍ തുടങ്ങിയകാര്യങ്ങളും വിമുക്തഭടന്മാരുടെ ആവശ്യങ്ങളും പരിഗണിക്കാന്‍ ഇക്കഴിഞ്ഞ ജൂലായിലാണ് സര്‍ക്കാര്‍ കമ്മിറ്റി രൂപവത്കരിച്ചത്.

വിവിധ തസ്തികകളില്‍ നിന്ന് വിരമിച്ചവരുടെ കാര്യത്തില്‍ പുതിയ ശമ്പള കമ്മീഷന്‍ ശുപാര്‍ശ  നടപ്പാക്കിയപ്പോള്‍ മുതല്‍ നിലനില്‍ക്കുന്ന അപാകത പരിഹരിക്കാന്‍ ഉതകുന്ന തീരുമാനം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് നടപ്പാക്കുന്നത്.

ഒരേ കാലയളവില്‍ ഒരേ റാങ്കിലുണ്ടായിരുന്നവര്‍ക്ക് ഒരേ പെന്‍ഷന്‍ നല്‍കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പെന്‍ഷന്‍ വര്‍ധിപ്പിക്കുമ്പോള്‍ അതിന്റെ ആനുകൂല്യം നേരത്തേ പെന്‍ഷന്‍ പറ്റിയവര്‍ക്കും ലഭിക്കും. 2,300 കോടിരൂപയാണ് ഇതിന് വേണ്ടിവരിക.

കേന്ദ്രമന്ത്രിസഭാ തീരുമാനപ്രകാരം, ജോലിയില്‍ ചേര്‍ന്നതും വിരമിച്ചതുമായ തീയതികള്‍ കണക്കിലെടുക്കാതെ തന്നെ, വിമുക്തഭടന്മാര്‍ക്ക് ഒരേ റാങ്കില്‍ ഒരേ പെന്‍ഷന്‍ ലഭിക്കും. റിട്ടയര്‍ ചെയ്ത സമയത്ത് ഒരേ പദവിയും സേവനകാലവുമുള്ളവര്‍ക്ക് ഒരേ പെന്‍ഷന്‍ എന്നതാണ് ഇപ്പോഴത്തെ തീരുമാനത്തിന്റെ ഗുണം. 13 ലക്ഷത്തോളം വരുന്ന സൈനികള്‍ക്കും വിമുക്തഭടന്മാര്‍ക്കും പുതിയ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും.