ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വിരമിച്ച ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി സേവനമനുഷ്ഠിച്ചിട്ടുള്ളവരാണ് കത്തെഴുതിയത്. സര്‍ക്കാര്‍ വിരുദ്ധര്‍ എന്നാല്‍ രാജ്യവിരുദ്ധരല്ലെന്ന് കത്തിലൂടെ അവര്‍ പ്രധാനമന്ത്രിയെ ഓര്‍മ്മിപ്പിച്ചു.

രാജ്യത്ത് നിലനില്‍ക്കുന്ന മതപരമായ വേര്‍തിരിവുകള്‍ അവസാനിപ്പിക്കണം. ഇതിനൊപ്പം കന്നുകാലി കശാപ്പ് സംബന്ധിച്ച വിവാദവും അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിരമിച്ച 65 ഉദ്യോഗസ്ഥരുടെ സംഘമാണ് കത്തെഴുതിയത്.


Also Read: കൊച്ചിയ്ക്കും തിരുവനന്തപുരത്തിനും ശേഷം ലുലു മാള്‍ കോഴിക്കോട്ടും; വകുപ്പുകളുടെ എതിര്‍പ്പ് മറികടന്ന് മാളിനായി ഭൂമി വിട്ടുനല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു


അമിത ദേശീയത വിമര്‍ശനങ്ങളെ ഇല്ലാതാക്കും. വിമര്‍ശനം ഉന്നയിക്കുന്നവരെ ദേശസ്നേഹി, ദേശവിരുദ്ധന്‍ എന്നിങ്ങനെ രണ്ട് വിഭാഗത്തിലേക്ക് ഒതുക്കുന്നുവെന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. മുന്‍ സാംസ്‌കാരിക സെക്രട്ടറി ജവഹര്‍ സിര്‍കാര്‍, മുന്‍ വാര്‍ത്താ വിനിമയ സെക്രട്ടറി ഭാസ്‌കര്‍ ഗോസ്, മുന്‍ വിവരാവകാശ കമ്മീഷണര്‍ വജാഹത്ത് ഹബീബുള്ള, മുന്‍ മുംബൈ പോലീസ് മേധാവി ജൂലിയോ റെബീറോ തുടങ്ങി വിരമിച്ച 65 ഉദ്യോഗസ്ഥരാണ് കത്തയച്ചത്.


Don’t Miss: ബീഫ് കഴിക്കുന്നവരെ തൂക്കി കൊല്ലണം; വീടുകളില്‍ ആയുധങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ ഭാവിയില്‍ ഇന്ത്യയില്‍ ഹിന്ദുക്കള്‍ ഇല്ലാതാക്കപ്പെടുമെന്നും സ്വാധി സരസ്വതി


ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് സമയത്ത് രൂക്ഷമായ വര്‍ഗീയ വേര്‍തിരിവാണ് സര്‍ക്കാര്‍ കാണിച്ചത്. വ്യത്യസ്ത മത വിഭാഗങ്ങള്‍ക്ക് ആഘോഷ സമയത്ത് നല്‍കുന്ന വൈദ്യുതിയില്‍ പോലും വ്യത്യാസമുണ്ടെന്നും കത്തില്‍ ആരോപിക്കുന്നു. കശാപ്പ് നിരോധിച്ചത് ന്യൂനപക്ഷങ്ങളെയാണ് ലക്ഷ്യം വെച്ചതെന്നും ഇത് അവരുടെ ജീവനഉപാധികളെ ബാധിച്ചുവെന്നും കത്തില്‍ വ്യക്തമാക്കുന്നു. അധികാര കേന്ദ്രങ്ങളും ഭരണഘടനാ സ്ഥാപനങ്ങളും ഈ പ്രവണതകളെ നിയന്ത്രിക്കണമെന്നും ഭരണഘടനയുടെ ആത്മാവിനെ സംരക്ഷിക്കാനുള്ള തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.