ഭോപ്പാല്‍: ഇലക്ട്രോണിക് വോട്ടിങ് മെഷീനെതിരെ ആരോപണങ്ങളുമായി വിവിധ നേതാക്കള്‍ രംഗത്തുവരുമ്പോള്‍ 2013ലെ മധ്യപ്രദേശ് ഇലക്ഷനിടെ സമാനമായ പരാതി നല്‍കിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കോടതിയെ സമീപിക്കാനൊരുങ്ങുന്നു.

2013ലെ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പു വേളയില്‍ സാഗറിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ നിന്നും ഒരു ചിപ്പ് കണ്ടെടുത്തിരുന്നു. ഇക്കാര്യം അന്നു തന്നെ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ഇതിനെതിരെ പരാതി നല്‍കുകയും ചെയ്ത കമലേഷ് ബാംഗലാണ് ഈ വിഷയത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇതുവരെ അന്വേഷണം നടന്നിട്ടില്ലെന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന ഈ ഘട്ടത്തില്‍ തന്റെ പരാതിയുമായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Also Read: യു.പിയില്‍ ബി.എസ്.പി നേതാവ് മുഹമ്മദ് ഷാമി കൊല്ലപ്പെട്ടു: കൊലപാതകം യു.പിയില്‍ ക്രമസമാധാനം പാലിക്കുമെന്ന യോഗി ആദിത്യനാഥിന്റെ ഉറപ്പുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍


മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ സുക്രി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്നു ബാംഗല്‍. 2013 നവംബര്‍ 26ന് തെരഞ്ഞെടുപ്പ് പുരോഗമിക്കവെ തന്റെ മണ്ഡലത്തിലെ 56ാം നമ്പര്‍ ബൂത്തിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം സംശയാസ്പദമായ രീതിയില്‍ ഒരു ചിപ്പ് ഘടിപ്പിച്ചതായി ശ്രദ്ധയില്‍പ്പെട്ടെന്നും ഇതേത്തുടര്‍ന്നാണ് പരാതി നല്‍കിയതെന്നും ബാംഗല്‍ പറയുന്നു.

പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഈ കേസില്‍ പൊലീസിനോ ജില്ലാ ഭരണകൂടത്തിനും യാതൊരു തുമ്പും കണ്ടെത്താനായിട്ടില്ലെന്നാണ് തങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.

‘ചിപ്പ് ഫോറന്‍സിക്, ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. ഈ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതായും അറിയില്ല. അവര്‍ എളുപ്പത്തില്‍ അന്വേഷണം അവസാനിപ്പിക്കുകയാണുണ്ടായത്. ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും സമാനമായ പരാതികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ചിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഞാന്‍ കോടതിയെ സമീപിക്കും.’ ബാംഗല്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.

മൊബൈല്‍ സിം കാര്‍ഡിനേക്കാള്‍ അല്പം വലിയ ഒരു ഡിവൈസാണ് തനിക്കു ലഭിച്ചത്. ഇതിനു പുറമേ ഇ.വി.എമ്മിന് അടിഭാഗത്തായി കറുത്ത തുണിയില്‍ ചുറ്റി മൂന്ന് ചെറു ബാറ്ററികളുമുണ്ടായിരുന്നു. സംഭവത്തിനു പിന്നില്‍ പ്രദേശവാസിയായ സി.പി സിങ് ആണെന്നാരോപിച്ചാണ് ബാംഗല്‍ പൊലീസിനെ സമീപിച്ചത്.

പണം നല്‍കിയാല്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിക്കാമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പിന് മുന്നോടിയായി സിങ് തന്നെ സമീപിച്ചിരുന്നു എന്നും ഇതുകൊണ്ടാണ് അദ്ദേഹത്തെ സംശയിച്ചതെന്നുമാണ് ബാംഗല്‍ പറയുന്നത്.

‘നവംബര്‍ 21ന് സിങ് അപ്പോയിന്‍മെന്റ് ആവശ്യപ്പെട്ട് എന്നെ വിളിച്ചിരുന്നു. ഒരൊറ്റ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് മൂന്ന് ഇ.വി.എം അട്ടിമറിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ ആ ഓഫര്‍ സ്വീകരിച്ചില്ല. പോളിങ് ദിവസം ചിപ്പ് കണ്ടെത്തിയപ്പോള്‍ എനിക്ക് ആദ്യം ഓര്‍മ്മ വന്നത് ഈ ഓഫറാണ്.’ ബാംഗല്‍ പറഞ്ഞു.

ഇ.വി.എം അട്ടിമറിക്കാമെന്നവകാശപ്പെട്ട് സിങ് തനിക്ക് ഒട്ടേറെ എസ്.എം.എസുകള്‍ അയച്ചിരുന്നെന്നും ഒരു ഇ.വി.എമ്മിലെ എല്ലാ വോട്ടുകളും ഡിലീറ്റ് ചെയ്യാന്‍ ഈ ഉപകരണം വഴി സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടെന്ന് ബാംഗല്‍ പറയുന്നു.

‘കൃത്രിമം ഇപ്പോഴും ചെയ്യാന്‍ സാധിക്കും. ഇ.വി.എം മെമ്മറി ഫോര്‍മാറ്റ് ചെയ്യാം. പക്ഷെ അത് ചിലപ്പോള്‍ തിരിച്ചടിയാവും. ഞാനൊരു ഇ.വി.എം നിര്‍മ്മാണ കമ്പനിയില്‍ജോലി ചെയ്തിരുന്നു.’ എന്നാണ് ഒരു എസ്.എം.എസ് സന്ദേശത്തില്‍ ഇയാള്‍ അവകാശപ്പെടുന്നത്. ഇത്തരത്തില്‍ പത്തിലേറെ സന്ദേശങ്ങള്‍ സിങ് അയച്ചിരുന്നു. ബാംഗല്‍ ഇത് അന്വേഷണ സംഘത്തിന് ഫോര്‍വേര്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

‘100മീറ്റര്‍ അകലത്തുനിന്നുള്ള റേഡിയോ സിഗ്നല്‍ ഈ ചിപ്പിന് സ്വീകരിക്കാന്‍ കഴിയുമെന്ന് തന്നെ വിളിച്ച വ്യക്തി അവകാശപ്പെട്ടിരുന്നു.’ എന്നും ബാംഗല്‍ പറയുന്നു.