തൃശൂര്‍: എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അനധികൃത സ്വത്ത് സമ്പാദനത്തിന്റെ രേഖകള്‍ പുറത്ത്.  ആദായനികുതി വകുപ്പിന്റെ രേഖകളാണ് പുറത്തായിരിക്കുന്നത്.

ഇന്ത്യാവിഷനാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിട്ടിരിക്കുന്നത്. എസ്.എന്‍ ട്രസ്റ്റ് സെക്രട്ടറിയാകുന്നതിന് മുമ്പ് ഒരു ലക്ഷത്തില്‍ താഴെ മാത്രം വാര്‍ഷികവരുമാനമുണ്ടായിരുന്ന വെള്ളാപ്പള്ളിയുടെ സ്വത്തില്‍ പിന്നീട് ക്രമാതീതമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

Ads By Google

1990-91 കാലത്ത് 65000 രൂപ മാത്രമാണ് വാര്‍ഷികവരുമാനമെന്ന് വെള്ളാപ്പള്ളി തന്നെ ആദായ നികുതി വകുപ്പിനെ ബോധിപ്പിച്ചിരുന്നു. 1995 ല്‍ എസ്.എന്‍ സെക്രട്ടറിയായും പിന്നീട് ജനറല്‍ സെക്രട്ടറിയാവുകയും ചെയ്തതോടെ വെള്ളാപ്പള്ളിയുടെ വരുമാനം കുത്തനെ ഉയരുകയായിരുന്നു.

അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയെ തുടര്‍ന്ന് വെള്ളാപ്പള്ളിക്കെതിരെ കഴിഞ്ഞ ദിവസം വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആലപ്പുഴ അരൂരുള്ള ജെ.എസ്.എസിന്റെ മണ്ഡലം സെക്രട്ടറി സി.പി ബാബു നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

മകന്റെയും മകളുടെയും പേരില്‍ 35 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍കിട ഹോട്ടലുകള്‍ വെള്ളാപ്പള്ളി വാങ്ങിയെന്നും ഹരജിയില്‍ പറഞ്ഞിരുന്നു. ഇടപാടുകളുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പില്‍ നിന്നുള്ള ചില രേഖകളും പരാതിക്കാരന്‍ ഹരജിക്കൊപ്പം ഹാജരാക്കുകയും ചെയ്തിരുന്നു.

ഇരുപത് വര്‍ഷത്തിനിടയിലാണ് വെള്ളാപ്പള്ളിയുടെ സ്വത്തില്‍ ഇത്രയധികം വര്‍ധനവുണ്ടായിരിക്കുന്നത്. ട്രസ്റ്റിന്റെ സമ്പാദ്യം വെള്ളാപ്പള്ളി സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുകയായിരുന്നെന്ന് ബാബു ആരോപിക്കുന്നു.

ഏക്കര്‍ കണക്കിന് സ്ഥലവും ആഡംബര ഫ്‌ളാറ്റുകളും വെള്ളാപ്പള്ളി വാങ്ങിയിട്ടുണ്ടെന്നും എസ്.എന്‍.ഡി.പി യോഗത്തിന്റെ പണവും ഇതിനായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ഹരജിയില്‍ ആരോപിക്കുന്നു.

നാല് മാസങ്ങള്‍ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ അന്വേഷണം വരട്ടെയെന്നും അന്വേഷണത്തെ താന്‍ ഭയപ്പെടുന്നില്ലെന്നുമാണ് വെള്ളാപ്പള്ളിയുടെ നിലപാട്. തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും ആര്‍ക്ക് വേണമെങ്കിലും വിജിലന്‍സ് കോടതിയില്‍ കേസ് നല്‍കാനുള്ള അധികാരമുണ്ടെന്നും തുടര്‍നടപടികള്‍ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.