എഡിറ്റര്‍
എഡിറ്റര്‍
മന്‍മോഹന്‍ സര്‍ക്കാര്‍ വക പട്ടിണിപ്പാവങ്ങള്‍ക്ക് സൗജന്യ മൊബൈല്‍ ഫോണും ഫ്രീ കോളും
എഡിറ്റര്‍
Wednesday 8th August 2012 10:50am

ന്യൂദല്‍ഹി: തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പാവപ്പെട്ടവര്‍ക്ക് ടി.വിയും കമ്പ്യൂട്ടറും സാരിയുമൊക്കെ നല്‍കുന്ന പതിവ് പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലുമുണ്ട്. എന്നാല്‍ ഇനി മൊബൈല്‍ ഫോണും ഇക്കൂട്ടത്തിലേക്ക് വരികയാണ്. ഇതിന് തുടക്കമിടുന്നതാവട്ടെ യു.പി.എ സര്‍ക്കാരും.

Ads By Google

2014ലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പട്ടിണിപ്പാവങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ വിതരണം ചെയ്യാനാണ് യു.പി.എ സര്‍ക്കാരിന്റെ പദ്ധതി. 7,000 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാരിന്റെ ആലോചനയിലുള്ളത്.

ഇതിനും ദാരിദ്ര്യ രേഖയാവും മാനദണ്ഡം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഓരോ കുടുംബത്തിനും ഒരു മൊബൈല്‍ ഫോണ്‍ വീതമാണ് നല്‍കുക. മൊബൈല്‍ മാത്രമല്ല അതില്‍ സിം കാര്‍ഡും 200 മിനിറ്റ് ഫ്രീ കോളുമുണ്ടാവും. “ഹര്‍ ഹാത്ത് മേം ഫോണ്‍” എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.

സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പദ്ധതി പ്രഖ്യാപിക്കും. ആറ് മില്യണ്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

രണ്ടാം യു.പി.എ സര്‍ക്കാരിന്റെ പ്രധാന നേട്ടമായി ഇതിനെ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിലെ യു.എസ്.ഒ (യൂണിവേഴ്‌സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍) യുടെ ഫണ്ടും സര്‍ക്കാരിന്റെ ഈ പദ്ധതിക്ക് ലഭിക്കും. 50% ഫണ്ടാണ് യു.എസ്.ഒ നല്‍കുക. ഗ്രാമീണ മേഖലയിലെ ആളുകള്‍ക്ക് കുറഞ്ഞ പദ്ധതിയില്‍ മൊബൈല്‍ ഫോണ്‍ സൗകര്യം ലഭ്യമാക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട് യു.എസ്.ഒയുടെ ഫണ്ടിങ്ങിന് പിന്നില്‍.

പദ്ധതി പ്രകാരം മാസം ഒരു മൊബൈല്‍ കണക്ഷന് 100 രൂപ ചിലവ് വരും. ലേലത്തിലൂടെ സര്‍വീസ് ചാര്‍ജ് കുറയുന്ന സേവനങ്ങള്‍ നേടിയെടുക്കാനുള്ള സാധ്യതയും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.

പദ്ധതിക്ക് രൂപം നല്‍കുന്നതില്‍ ആസൂത്രണ കമ്മീഷനും ടെലികോം മന്ത്രാലയത്തിനുമൊപ്പം പ്രധാനമന്ത്രിയുടെ ഓഫീസും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നാണറിയുന്നത്.

കോണ്‍ഗ്രസിന്റെ പുതിയ പദ്ധതി പ്രതിപക്ഷത്തിന്റെ എതിര്‍പ്പിന് കാരണമാകുമെന്ന കാര്യത്തില്‍ സംശയമില്ല. വിലക്കയറ്റവും ദാരിദ്ര്യവും കൊണ്ട് പൊറുതിമുട്ടുന്ന ഇന്ത്യന്‍ ജനതയ്ക്കുവേണ്ടി കാര്യമായി ഒന്നും ചെയ്യാനാവാത്ത സര്‍ക്കാരാണ് മൊബൈല്‍ ഫോണിനായി കോടികള്‍ ചിലവഴിക്കുന്നതെന്ന ആക്ഷേപം ഉയരുന്നുണ്ട്. പട്ടിണികൊണ്ട് വലയുന്ന പാവങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ കൊണ്ട് വിശപ്പടക്കാനാവില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

Advertisement