എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയില്‍ മൂന്ന് ദിവസം കൂടുമ്പോള്‍ ഒരാള്‍ക്ക് വധശിക്ഷ വിധിക്കുന്നു
എഡിറ്റര്‍
Friday 15th February 2013 12:09pm

ഗുവാഹത്തി: ഇന്ത്യയില്‍ മൂന്ന് ദിവസം കൂടുമ്പോള്‍ ഒരാള്‍ക്ക് വധശിക്ഷ വിധിക്കുന്നുണ്ടെന്ന് ഏഷ്യന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (എ.സി.എച്ച്.ആര്‍) റിപ്പോര്‍ട്ട്.

Ads By Google

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വധശിക്ഷ വിധിച്ച സംസ്ഥാനം ഉത്തര്‍ പ്രദേശാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 370 പേര്‍ക്കാണ് ഉത്തര്‍പ്രദേശ് സംസ്ഥാനത്ത് വധശിക്ഷ വിധിച്ചത്.

2001 മുതല്‍ 2011 വരെയുള്ള കാലയളവില്‍ 1455 കുറ്റവാളികള്‍ക്ക് വധശിക്ഷ വിധിച്ചിട്ടുണ്ടെന്നാണ് നാഷണല്‍ ക്രൈംസ് റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഏറ്റവും കുറവ് വധശിക്ഷ വിധിച്ചത് ഗോവയിലാണ്. ഒരാള്‍ക്കാണ് ഗോവയില്‍ വധശിക്ഷ നല്‍കിയത്. ബീഹാറില്‍ പത്ത് വര്‍ഷത്തിനിടയില്‍ 370 പേര്‍ക്കും മഹാരാഷ്ട്രയില്‍ 125 പേര്‍ക്കും വധശിക്ഷ വിധിച്ചു.

34 പേര്‍ക്കാണ് കേരളം പത്ത് വര്‍ഷത്തിനുള്ളില്‍ വധശിക്ഷ നല്‍കിയത്. തമിഴ്‌നാട്ടില്‍ 95 ഉം മധ്യപ്രദേശില്‍ 87 ഉം പേര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. അതേസമയം, അരുണാചല്‍പ്രദേശ്, മിസോറാം, നാഗാലന്‍ഡ്, സിക്കിം എന്നിവിടങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ദാദ്ര നാഗര്‍ഹവേലി, ലക്ഷദ്വീപ് എന്നീ ദ്വീപുകളിലും ആര്‍ക്കും വധശിക്ഷ വിധിച്ചിട്ടില്ല.

പത്ത് വര്‍ഷത്തിനിടയില്‍ 4321 പേരുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2011ല്‍ ജനസംഖ്യ 121 കോടിയായി ഉയര്‍ന്നെങ്കിലും കൊലപാതകങ്ങളുടെ എണ്ണം 34,305 ആയി കുറഞ്ഞതായി കണക്കുകള്‍ പറയുന്നു.

അതേസമയം, വധശിക്ഷ കാത്ത്  നില്‍ക്കുന്നവരുടെ ഏഴ് ദയാഹരജികള്‍ കൂടി രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൈമാറിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

Advertisement