Categories

‘സി.പി.ഐ.എം സമ്മേളനം നടത്തിയത് ഐ.2.ഐ ഇവന്റ് മാനേജ്‌മെന്റ്’

തിരുവനന്തപ്പുരം: സി.പി.ഐ.എം സംസ്ഥാന സമ്മേളനം നടത്തിയത് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണെന്ന ചന്ദ്രപ്പന്റെ ആരോപണത്തില്‍ പുതിയ വഴിത്തിരിവ്. സി.പി.ഐ.എം സംസ്ഥാന സമ്മേളനം നടത്തിയവരില്‍ തിരുവനന്തപ്പുരത്തെ ഐ.2.ഐ എന്ന ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് ഉണ്ടോ എന്ന് പിണറായി അന്വേഷിക്കട്ടെ എന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം. ആ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനവുമായിട്ട് സമ്മേളനവുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിലെ ആരെങ്കിലും ബന്ധം വെച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കട്ടെയെന്നും ബിനോയ് വിശ്വം പറഞ്ഞു. സ്ഥാപനവുമായി ബന്ധപ്പെട്ടതിന് രേഖകളുണ്ടാവില്ല, പക്ഷേ ധാരണകളുണ്ടാവാം എന്നും ബിനോയ് വിശ്വം വെളിപ്പെടുത്തി.

ബിനോയ് വിശ്വത്തിന്റെ വെളിപ്പെടുത്തലിനോട് രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം നേതൃത്വം രംഗത്തെത്തി. സി.പി.ഐ.എമ്മിന് സമ്മേളനം നടത്താന്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ആവശ്യമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ പേര് നേരിട്ട് പറഞ്ഞാല്‍ അന്വേഷിക്കുമെന്നും കമ്പനിയെ കുറിച്ച് അറിയുന്നത് ആരോപണം ഉന്നയിക്കുന്നവര്‍ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിയായിരുന്നപ്പോള്‍ നടത്തിയ ഞെട്ടിക്കുന്ന കാര്യങ്ങളുടെ ഓര്‍മ്മയിലാണ് ബിനോയ് വിശ്വം സംസാരിക്കുന്നതെന്ന് സി.പി.ഐ.എം നേതാവ് ഇ.പി ജയരാജന്‍ പറഞ്ഞു. ബിനോയ് വിശ്വത്തെ പോലോത്ത അഴിമതിക്കാരനും സ്വജനപക്ഷപാതിയുമായി ആള്‍ പറയുന്നത് ഞങ്ങള്‍ വിലക്കെടുക്കില്ലെന്നും ഇ.പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ഐ.ടു.ഐ എന്ന സ്ഥാപനത്തിന് സി.പി.ഐ.എമ്മുമായി യാതൊരു ബന്ധവുമില്ലെന്നും ഈ സ്ഥാപനം സി.പി.ഐ.എമ്മിന്റെ ശത്രുപക്ഷത്താണെന്നും വാര്‍ത്തയോട് പ്രതികരിച്ച് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ബിനോയ് വിശ്വത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐ.ടു.ഐ എന്ന സ്ഥാപനത്തെക്കുറിച്ച് കേട്ടിട്ടു പോലുമില്ലെന്നും അങ്ങിനെയൊരു സ്ഥാപനം തിരുവനന്തപ്പുരത്ത് ഉണ്ടോ എന്ന് അറിയില്ലെന്നും സി.പി.ഐ.എം തിരുവനന്തപ്പുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.

അതേസമയം, ബിനോയ് വിശ്വത്തിന്റെ വെളിപ്പെടുത്തല്‍ ഐ.2.ഐ ഇവന്റ് മനേജ്‌മെന്റ് നിഷേധിച്ചു. ബിനോയ് വിശ്വത്തിന്റെ വെളിപ്പെടുത്തല്‍ സത്യസന്ധമായ വസ്തുതയല്ലെന്നും സി.പി.ഐ.എമ്മിന്റെ സമ്മേളനവുമായി ബന്ധപ്പെട്ട് ആരും തങ്ങളെ സമീപിച്ചിട്ടില്ലന്നും ഐ.2.ഐ ഇവന്റ് മനേജ്‌മെന്റ് സ്ഥാപനത്തിന്റെ സി.ഇ.ഓ സുനില്‍ മാത്യു പ്രതികരിച്ചു.

കഴിഞ്ഞ ദിവസം, സി.പി.ഐ.എം സമ്മേളനം ഇവന്റ് മാനേജ്‌മെന്റ് ആണ് നടത്തിയതെന്ന് തെളിയിക്കാന്‍ പിണറായി വിജയന്‍ വെല്ലുവിളിച്ചപ്പോള്‍ ഇനിയും ദിവസങ്ങള്‍ ഉണ്ടല്ലോയെന്നായിരുന്നു ചന്ദ്രപ്പന്റെ മറുപടി. ഇതും കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ ഇപ്പോള്‍ ബിനോയം വിശ്വം വെളിപ്പെടുത്തിയ കാര്യം രാഷ്ട്രീയമായി ഏറെ കോലാഹലങ്ങള്‍ക്ക് വഴിവെക്കുമെന്നുറപ്പാണ്.

Malayalam News

Kerala News In English

One Response to “‘സി.പി.ഐ.എം സമ്മേളനം നടത്തിയത് ഐ.2.ഐ ഇവന്റ് മാനേജ്‌മെന്റ്’”

  1. MANJU MANOJ.

    സി.പി.ഐ.എമ്മിന്റെ ശത്രുപക്ഷത്താണെന്നും വാര്‍ത്തയോട് പ്രതികരിച്ച്

    സംഭാവന കിട്ടിയാല്‍ ഇവരും നമ്മുടെ പക്ഷതാകും സഖാവെ…..

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.