ന്യൂദല്‍ഹി: സ്ത്രീകള്‍ക്കു പിന്നാലെ നടന്ന് പ്രണയിക്കാന്‍ നിര്‍ബ്ബന്ധിക്കുന്നത് പോലും അന്തസ്സോടെ ജീവിക്കാനുള്ള അവരുടെ മൗലികാവകാശത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ദിപക് മിശ്ര, എ.കെ ഖാന്‍വില്‍കര്‍, എം.എം ശാന്താഗൗണ്ടര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി.

Subscribe Us:

‘സംസ്‌കാര സമ്പന്നമായ ഈ സമൂഹത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും പാര്‍ക്കുകളിലും റെയില്‍വേ സ്റ്റേഷനുകളിലും മറ്റ് പൊതുയിടങ്ങളിലും സ്ത്രീകള്‍ നേരിടേണ്ടിവരുന്ന പൂവാലശല്യം വളരെ വേദനിപ്പിക്കുന്നതാണ്. സ്ത്രീകളോട് അല്പം പോലും ആദരവ് കാണിക്കുന്നില്ല എന്നാണ് ഇത് കാണിക്കുന്നത്.


Also Read: ‘വെജിറ്റേറിയന്‍’ സമൂഹത്തെ നിര്‍മ്മിക്കുന്നത് അവസാനിപ്പിക്കൂ; മുംബൈക്കാരോട് രാജ് താക്കറെ


പുരുഷനെപ്പോലെ സ്ത്രീകള്‍ക്കും അവരുടേതായ ഇടങ്ങളുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍14 അനുസരിച്ച് പുരുഷനു തുല്യമാണ് സ്ത്രീ. പൂവാലശല്യം പോലുള്ള മോശം പ്രവൃത്തികളിലൂടെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍21 ഉറപ്പുനല്‍കുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ലംഘിക്കരുത്.’ ബെഞ്ച് നിരീക്ഷിച്ചു.

പ്രണയത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സ്ത്രീയ്ക്ക് അവകാശമുണ്ട്. നിയമപരമായിസ്ത്രീയ്ക്ക് അവരുടെ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. ഇത് സമൂഹം ബഹുമാനിക്കേണ്ടതുമാണ്. ആര്‍ക്കും സ്ത്രീകളെ പ്രണയിക്കാന്‍ നിര്‍ബ്ബന്ധിക്കാനാകില്ലെന്നും പ്രണയാഭ്യര്‍ത്ഥന തള്ളിക്കളയാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും പറയുന്നു.

പൂവാല ശല്യത്തിലൂടെ യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്ന കേസില്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ഏഴു വര്‍ഷം തടവ് ശിക്ഷിച്ചതിനെതിരേ ഒരു ഹിമാചല്‍ പ്രദേശുകാരന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.