തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധിയുടെ കണക്കെടുപ്പുമായി ബന്ധപ്പെട്ടു പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം.

കണക്കെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയ അദ്ദേഹം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും രാജകുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി.

Ads By Google

അമൂല്യ നിധിശേഖരത്തിന്റെ കണക്കെടുപ്പു നടത്തുന്ന വിദഗ്ധ സമിതിക്കുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകാന്‍ അഭിഭാഷകന്‍ ഇല്ലാതിരുന്നതിനാലാണ്‌ മുന്‍ സോളിസിറ്റര്‍ ജനറലായ ഗോപാല്‍ സുബ്രഹ്മണ്യത്തെ അമിക്കസ് ക്യൂറിയായി നിയമിച്ചത്.

ക്ഷേത്രത്തിലെ സ്വത്ത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും കണക്കെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദഗ്ധസമിതി ഇതുവരെ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടേയും വിവിധ കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജികളുടേയും സത്യവാങ്മൂലങ്ങളുടേയും പകര്‍പ്പുകള്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിനു കൈമാറിയിട്ടുണ്ട്.

ക്ഷേത്രത്തിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതടക്കം സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ നടപ്പാക്കിയോ എന്ന് അദ്ദേഹം പരിശോധിക്കും. സമിതി പ്രവര്‍ത്തനത്തിനു സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്ന പണം പൂര്‍ണമായി നല്‍കാത്തതിന്റെ വിശദീകരണം ബന്ധപ്പെട്ടവര്‍ നല്‍കേണ്ടിവരുമെന്നും സൂചനയുണ്ട്.