ബ്രസല്‍സ്: യൂറോ കറന്‍സിയെ രക്ഷിക്കാന്‍ ശക്തമായ സാമ്പത്തിക രക്ഷാപാക്കേജിനു രൂപം നല്‍കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തീരുമാനിച്ചു. ബ്രസ്സല്‍സില്‍ വിളിച്ചുചേര്‍ത്ത ഉച്ചകോടിയില്‍ 27 അംഗ യൂറോപ്യന്‍ യൂണിയനിലെ 26 രാജ്യങ്ങളും പിന്തുണച്ച തീരുമാനത്തെ ബ്രിട്ടന്‍ മാത്രം എതിര്‍ത്തു.

യൂറോ ഉപയോഗിക്കുന്ന 17 രാജ്യങ്ങളും പാക്കേജിനെ പിന്തുണച്ചു. മറ്റു ഒന്‍പതു രാജ്യങ്ങള്‍ അതാത് പാര്‍ലമെന്റുകളുമായി കൂടിയാലോചിച്ച ശേഷം കരാറില്‍ ഒപ്പുവയ്ക്കുമെന്ന് അറിയിച്ചു. യൂറോ മേഖലയില്‍ കര്‍ശനമായ സാമ്പത്തിക അച്ചടക്കമുണ്ടാക്കുകയാണു പുതിയ കരാറിന്റെ ലക്ഷ്യം. പൊതുചെലവുകള്‍ വെട്ടിച്ചുരുക്കുക, നികുതികള്‍ വര്‍ധിപ്പിക്കുക, ഐ.എം.എഫിലേക്ക് കൂടുതല്‍ തുക വകയിരുത്തുക തുടങ്ങിയവയാണ് കരാറിലെ നിര്‍ദേശങ്ങള്‍.

വിവിധ രാജ്യങ്ങളില്‍ ഹിതപരിശോധന നടത്തിയ ശേഷം മൂന്നു മാസത്തിനകം കരാര്‍ പ്രാബല്യത്തില്‍ വരുത്തുമെന്നാണ് ഉച്ചകോടിയുടെ പ്രഖ്യാപനം.

അതേസമയം, ബ്രിട്ടന്റെ നിസഹകരണം രൂക്ഷ വിമര്‍ശനം നേടിക്കഴിഞ്ഞു. ബ്രിട്ടന്റെ താത്പര്യങ്ങള്‍ക്കു എതിരായതിനാലാണ് പാക്കേജിനെ എതിര്‍ത്തതെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വ്യക്തമാക്കി. 26 രാജ്യങ്ങളുടെ സാമ്പത്തിക കൂട്ടായ്മ രൂപപ്പെട്ടാല്‍ ബ്രിട്ടിനു അത് തിരിച്ചടിയാകും. ബ്രിട്ടന്റെ വ്യാപാരത്തില്‍ പകുതിയിലേറെയും യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളുമായാണ്

യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക കടപ്രതിസന്ധികള്‍ മറികടക്കുന്നതിനും യൂറോയുടെ ശോഷണം തടയുന്നതിനും വിളിച്ചുചേര്‍ത്തതാണ് ഉച്ചകോടി. യൂറോ കറന്‍സിയായുള്ള 17 രാജ്യങ്ങളും ഈ നിരയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ഒന്‍പതു രാജ്യങ്ങളും പുതിയ സാമ്പത്തിക രക്ഷാ കരാറിലൂടെ യൂറോപ്പില്‍ വ്യാപക മാറ്റങ്ങള്‍ക്കു സന്നദ്ധത പ്രകടിപ്പിച്ചിരിക്കുകയാണ്.

Malayalam News