ലണ്ടന്‍: യൂറോപോ ലീഗിലെ ആദ്യമത്സരത്തില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് വിജയം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് അയാക്‌സിനേയും സിറ്റിഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പോര്‍ട്ടോയേയും പരാജയപ്പെടുത്തി. ആഷ്‌ലി യംഗ് ജാവിയന്‍ ഹെര്‍നാണ്ടസ് എന്നിവരാണ് യുനൈറ്റഡിനായി ഗോള്‍ അടിച്ചത്.

ആദ്യപകുതിയില്‍ ഗോള്‍ നേടാന്‍ കഴിയാതെ പോയ യുനൈറ്റഡിന് രണ്ടാം പകുതിയിലാണ് ആദ്യത്തെ ഗോളിനുള്ള അവസരം ലഭിച്ചത്. ആ ജയത്തോടെ തന്നെ രണ്ടാം റൗണ്ട് അവര്‍ക്ക് അനുകൂലമായി. ആദ്യ 20 മിനുട്ടില്‍ ആയാക്‌സ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ നല്ല അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. അതേസമയം തുടര്‍ച്ചയായി ആക്രമിക്കാന്‍ യുനൈറ്റഡിന് കഴിയാത്തത് ആദ്യപകുതിയില്‍ അവര്‍ക്ക് നിരാശ സമ്മാനിച്ചു.

രണ്ടാം പകുതിയില്‍ തുടക്കം മുതല്‍ തന്നെ യുനൈറ്റഡ് മികച്ച ഫോമിലായിരുന്നു. 59ാം മിനുട്ടില്‍ യുനൈറ്റഡ് താരങ്ങള്‍ തൊടുത്തുവിട്ട പന്ത് ബ്ലോക്ക് ചെയ്യുന്നതില്‍ ആയാക്‌സ് പ്രതിരോധം പരാജയപ്പെട്ടതോടെ ആഷ്‌ലി യംഗ് പന്തുമായി കുതിച്ച് പന്ത് വലിയിലാക്കുകയായിരുന്നു. ഒരു ഗോള്‍ വഴങ്ങിയതോടെ മത്സരം കൂടുതല്‍ കടുത്തു. സമനില സ്വന്തമാക്കാന്‍ ആയാക്‌സ് പരിശ്രമിച്ചെങ്കിലും യുനൈറ്റഡ് അനുവദിച്ചില്ല. എന്നാല്‍ 85 ാം മിനുട്ടില്‍ ഹെര്‍നാണ്ടസ് പന്ത് വലയിലാക്കി.

ലീഗിലെ തന്നെ മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് പോര്‍ട്ടോയെ പരാജയപ്പെടുത്തി. ആദ്യപകുതിയില്‍ ഗോള്‍ നേടി പോര്‍ട്ടോ സിറ്റിയെ ഞെട്ടിച്ചെങ്കിലും രണ്ടാം പകുതിയില്‍ അവരുടെ താരം സിറ്റിയ്ക്ക് സെല്‍ഫ് ഗോള്‍ സമ്മാനിച്ചത് അവര്‍ക്ക് തിരിച്ചടിയായി.

രണ്ടാം പകുതിയിലെ 55 ാം മിനുട്ടില്‍ പോര്‍ട്ടോ താരത്തിലൂടെ സിറ്റിയ്ക്ക് ഒരു ഗോള്‍ ചുളുവില്‍ കിട്ടിയപ്പോള്‍ അവര്‍ ഒപ്പത്തിനൊപ്പമെത്തി. സമനില വഴങ്ങുമെന്ന് പ്രതീക്ഷിച്ചിരിക്കെ 85 ാം മിനുട്ടില്‍ അഗ്യെറോ വിജയഗോള്‍ സമ്മാനിച്ച് അവരെ വിജയത്തിലെത്തിച്ചു

Malayalam News

Kerala News In English