ഏഥന്‍സ്: മുങ്ങിത്താഴുന്ന ഗ്രീസിന് ഒരു കൈസഹായം നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്റെ തീരുമാനം. യൂറോയുടെ മൂല്യം ഇടിയുകയും ഗ്രീസിലെ കടക്കെണി മറ്റു രാജ്യങ്ങളിലേക്കു വ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നടന്ന യൂറോപ്യന്‍ യൂണിയന്റെ നിര്‍ണ്ണായക യോഗത്തിലാണ് ഈ തീരുമാനം. ഗ്രീസിന് കൂടുതല്‍ കടം നല്‍കാനും ലോണുകള്‍ അനുവദിക്കാനും തീരുമാനമാനിച്ചിട്ടുണ്ട്.

ഗ്രീസിന്റെ മൊത്തം ആളോഹരി വരുമാനത്തിന്റെ 180 ശതമാനത്തോളമുള്ള കടം 120 ശതമാനമാക്കി കുറച്ചു കൊണ്ടുവരാനാണ് പുതിയ സഹായങ്ങളിലൂടെ ലക്ഷ്യമിടുന്നത്. യൂറോപ്യന്‍ യൂണിയന്റെ മാരത്തണ്‍ ചര്‍ച്ചക്കു ശേഷം യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഹെര്‍മന്‍ വാന്‍ റോംപിയാണ് ഇക്കാര്യം അറിയിച്ചത്.

Subscribe Us:

ഗ്രീസിന് നല്‍കുന്ന സഹായം മേഖലയില്‍ രണ്ടു വര്‍ഷമായി സാമ്പത്തിക പ്രതിസന്ധിയനുഭവിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും ആത്മവിശ്വസമേകുമെന്ന് കരുതിയാണ് യൂറോപ്യന്‍ യൂണിയന്റെ തീരുമാനം. ബാങ്കുകള്‍ക്ക് 50 ശതമാനത്തോളം നഷ്ടമുണ്ടാക്കുന്ന നടപടിയാണിതെന്ന് വിമര്‍ശനം ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്.

പൊതുമേഖലാ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വെട്ടിക്കുറക്കല്‍, ആനുകൂല്യങ്ങള്‍ എടുത്തുമാറ്റല്‍, നികുതി വര്‍ധിപ്പിക്കല്‍ തുടങ്ങിയ സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ ഗ്രീസില്‍ വമ്പിച്ച പ്രക്ഷോഭം നടന്നു കൊണ്ടിരിക്കുകയാണ്.

ഗ്രീസിനു പുറമെ അയര്‍ലന്‍ഡും പോര്‍ച്ചുഗലും ഏറ്റവും ഒടുവില്‍ ഇറ്റലിയും സാമ്പത്തിക പ്രശ്‌നങ്ങളില്‍ ശ്വാസം മുട്ടുകയാണ്. കൂടുതല്‍ കടങ്ങള്‍ എഴുതിത്തള്ളണമെന്ന അവസ്ഥയിലാണു മേഖലയിലെ കാര്യങ്ങള്‍ ഇപ്പോള്‍.

English News
Malayalam News