വാഴ്‌സ : യൂറോക്കപ്പ് ഫൈനലില്‍ ഇറ്റലിയെ തറപറ്റിക്കുമെന്ന് സ്പാനിഷ് താരം ഫാബ്രിഗോസ്.

പ്രാഥമിക മത്സരത്തില്‍ ഇറ്റലി- സ്‌പെയിന്‍ മത്സരം സമനിലയില്‍ അവസാനിച്ചത് കണക്കിലെടുക്കേണ്ട, പ്രാഥമിക മത്സരം പോലെയല്ല ഫൈനല്‍- ഫാബ്രിഗോസ് പറഞ്ഞു.

കരുത്തരായ ജര്‍മ്മനിയെ തകര്‍ത്താണ് ഇറ്റലിയുടെ വരവ്. മരിയോ ബെലോട്ടെല്ലിയുടെ എണ്ണം പറഞ്ഞ രണ്ട് ഗോളുകളാണ് ജര്‍മ്മനിയുടെ ഫൈനല്‍ സ്വപ്‌നങ്ങളെ തകര്‍ത്തെറിഞ്ഞത്. അത് കൊണ്ടു തന്നെ ഇറ്റലിയെ നിസ്സാരന്മാരായി കാണുന്നില്ലെന്നും ഫാബ്രിഗോസ് പറഞ്ഞു. യൂറോ കപ്പിലെ ആദ്യ കളികളില്‍ നിന്നും ഇറ്റലിയും സ്‌പെയിനും ഏറെ മുന്നേറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സെമിഫൈനലില്‍ കൃസ്റ്റിയാനോയുടെ പറങ്കിപ്പടയെ തോല്‍പ്പിച്ച ആത്മവിശ്വാസവുമായാണ് സ്‌പെയിന്‍ ഫൈനലിലിറങ്ങുന്നത്. ഫൈനലില്‍ ജയിച്ചാല്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടമാണ് സ്‌പെയിനിനെ കാത്തിരിക്കുന്നത്. 1968 ന് ശേഷം യൂറോ കപ്പ് നേടുകയെന്ന ലക്ഷ്യത്തില്‍ കുറഞ്ഞതൊന്നും ഇറ്റലിയും പ്രതീക്ഷിക്കുന്നില്ല.

ഞായറാഴ്ച്ച നടക്കുന്ന ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം. യൂറോയുടെ രാജാക്കന്മാര്‍ ആരെന്ന് അന്നറിയാം. അസൂറികളോ അതോ സ്‌പെയിനോ.