വാഴ്‌സ: ചെക്ക് റിപ്പബ്ലിക്കിനെ തറപറ്റിച്ച് പോര്‍ച്ചുഗല്‍ യൂറോകപ്പിന്റെ സെമിഫൈനലില്‍ കടന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോള്‍ മികവിലാണ് പോര്‍ച്ചുഗല്‍ വിജയം പിടിച്ചുവാങ്ങിയത്.
കളിയിലുടനീളം വ്യക്തമായ തിരിച്ചടി നല്‍കിയാണ് പോര്‍ച്ചുഗല്‍ കളിച്ചുപോന്നത്. എഴുപത്തൊമ്പതാം മിനിറ്റില്‍ വലതുവിങില്‍ നിന്ന്  മൗറിഞ്ഞോ നല്‍കിയ നീളന്‍ ക്രോസിനു തലവെച്ചാണ് റൊണാള്‍ഡോയുടെ ഗോള്‍ പിറന്നത്.ചെക്ക് റിപ്പബ്ലിക്കിന്റെ  ഗോളി  പീറ്റര്‍ ചെക്കിന് അത് തടുക്കാനായില്ല.

പോര്‍ച്ചുഗലിന്റെ കളിയെ ശക്തമായി പ്രതിരോധിക്കുകയായിരുന്നു ചെക്ക് തന്ത്രം. തുടക്കത്തില്‍ ഇതു ഫലിച്ചു. പോര്‍ച്ചുഗല്‍ താരം നാനിയും ലിംബേര്‍സ്‌കിയും തമ്മിലുള്ള നിരന്തര ഏറ്റുമുട്ടലിനൊടുവില്‍ നാനി മഞ്ഞക്കാര്‍ഡു കണ്ടു.

കളിയുടെ തുടക്കത്തില്‍ തന്നെ ക്രിസ്റ്റിയാനോ കടുത്ത മാര്‍ക്കിങിനു വിധേയനായിരുന്നു. കളിയുടെ ആദ്യ മുപ്പതു മിനിറ്റില്‍ നല്ല നീക്കങ്ങളുണ്ടായില്ല. കിട്ടുന്ന അവസരങ്ങളില്‍ ഗബ്രിസലാസിയിലൂടെയും പീറ്റര്‍ ജിറാസിക്കിലൂടെയും അതിവേഗ മുന്നേറ്റത്തിലൂടെ തിരിച്ചടിക്കാനാണ് ചെക്ക് ശ്രമിച്ചത്.

നാല്‍പ്പത്തഞ്ചാം മിനിറ്റില്‍ റൊണാള്‍ഡോ മെയ്‌റിലെസിന്റെ ഡയഗണല്‍ പാസ് നെഞ്ചിലെടുത്ത് വെട്ടിത്തിരിഞ്ഞ് ഗോളിലേക്കു തൊടുത്തു. പന്ത് പോസ്റ്റില്‍ തട്ടി. കളി തീരാന്‍ പതിനൊന്നു മിനിറ്റ് ബാക്കി   നില്‍ക്കേയാണ് റൊണാള്‍ഡോയുടെ  ഗോള്‍ പിറന്നത്.