എഡിറ്റര്‍
എഡിറ്റര്‍
ഇംഗ്ലണ്ട് ഫ്രാന്‍സ് പോരാട്ടം സമനിലയില്‍
എഡിറ്റര്‍
Tuesday 12th June 2012 9:19am

ഡോണെസ്‌ക് (യുക്രെയ്ന്‍) : ഇന്നലെ നടന്ന ഗ്രൂപ്പ് ഡി മത്സരത്തില്‍ ഫ്രാന്‍സിനെ നേരിട്ട ഇംഗ്ലണ്ടിന് സമനില. ഇരുടീമും ഓരോ ഗോള്‍ വീതം നേടിയ കളി, കാണികള്‍ക്ക് ആവേശം പകര്‍ന്നു. ഇംഗ്ലണ്ടിനായി ജോലിയോണ്‍ ലെസ്‌കോട്ടും ഫ്രാന്‍സിനായി സമീര്‍ നസ്രിയും ഗോള്‍ നേടി. ഇരുടീമിനും ഓരോ പോയിന്റ്.

കളിയുടെ ഒഴുക്കിനെതിരായിരുന്നു ആദ്യഗോള്‍. വലതു വിങ്ങില്‍നിന്ന് സ്റ്റീവന്‍ ജെറാര്‍ദ് ഉയര്‍ത്തിവിട്ട ഫ്രീകിക്ക് ബോക്‌സിലേക്കു താഴ്ന്നുവന്നതിനൊപ്പം ഓടിയെത്തിയ ഡിഫന്‍ഡര്‍ ജോലിയോണ്‍ ലെസ്‌കോട്ട് ഹെഡ് ചെയ്തു.

മുപ്പതാം മിനിറ്റില്‍ ഇംഗ്ലണ്ട് 1-0ന് മുന്നില്‍. ഇംഗ്ലണ്ടിന് ആധിപത്യം അധികനേരം തുടരാനായില്ല. ജെറാര്‍ദ് നേടിയ സെറ്റ് പീസ് ഗോളിനേക്കാള്‍ മനോഹരമായ മറുപടി

ഫ്രാങ്ക് റിബറി സമീര്‍ നസ്രിക്കു നീട്ടിയ പന്ത് ബോക്‌സിനു തൊട്ടുപുറത്തുനിന്നു നസ്രിയുടെ ഷോട്ട് നേരെ വലയില്‍. ഹാര്‍ടിന്റെ കയ്യിലുരുമ്മിയാണു പന്തു ഗോളിലേക്കു പറപറന്നത്.

സമാനതകള്‍ ഏറെയുള്ളതായിരുന്നു ഇരുടീമുകളുടെയും കളി. ഫ്രഞ്ച് മധ്യനിരയില്‍ ഫ്രാങ്ക് റിബെറിയും മാഞ്ചസ്റ്റര്‍ സിറ്റി താരം സമീര്‍ നസ്രിയും ചേര്‍ന്നു നീക്കങ്ങള്‍ നെയ്‌തെടുത്തു. മുന്നേറ്റനിരയില്‍ റയല്‍ മഡ്രിഡിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ കരിം ബെന്‍സിമയും അവസരത്തിനൊത്തുയര്‍ന്നു.

പൊരുതിക്കളിച്ച ഇംഗ്ലണ്ടും ഫ്രാന്‍സും തുല്യശക്തികളുടെ പോരാട്ടമാണ് പുറത്തെടുത്തത്. ഇടവേളയ്ക്കുപിരിയുമ്പോഴത്തെ സ്‌കോര്‍നില (1-1) മത്സരത്തിന്റെ യഥാര്‍ഥ പ്രതീതി ജനിപ്പിക്കുന്നതായി. ആദ്യ പകുതിയെ അപേക്ഷിച്ച് വിരസമായിരുന്നു രണ്ടാം പകുതിയിലേറെപ്പങ്കും.

കൃത്യതയില്ലാത്ത നീക്കങ്ങളിലൂടെ ഇരുടീമുകളും ഉഴറിയപ്പോള്‍ കളി മധ്യനിരയില്‍ തളച്ചിടപ്പെട്ടു. ചോംബര്‍ലൈനെ പിന്‍വലിച്ച് ജര്‍മൈന്‍ ഡിഫോയെയും സ്‌കോട്ട്പാര്‍ക്കറിന് പകരം ജോര്‍ദന്‍ ഹെന്‍ഡേഴ്‌സണിനെയും പരീക്ഷിച്ച് ഇംഗ്ലണ്ട് ആക്രമണത്തിന് മൂര്‍ച്ച കൂട്ടാന്‍ ശ്രമിച്ചെങ്കിലും കളിക്കളത്തില്‍ അതൊന്നും വിലപ്പോയില്ല.

ബെന്‍സിമ, റിബെറി, നസ്രി എന്നിവരുടെ ഒട്ടേറെ മുന്നേറ്റങ്ങള്‍ ഇംഗ്ലണ്ടിന്റെ പരിചയസമ്പന്നരായ പ്രതിരോധനിരക്കാര്‍ നിഷ്പ്രഭമാക്കി . ജോണ്‍ ടെറിയും ആഷ്‌ലി കോളും ഉള്‍പ്പെടെയുള്ള പ്രതിരോധനിരയ്ക്കു പിഴച്ചപ്പോഴെല്ലാം ഗോളി ജോ ഹാര്‍ടിന്റെ കൈകള്‍ അവര്‍ക്കു രക്ഷയായി. മധ്യനിരയില്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ ജെറാര്‍ദിന്റെ സാന്നിധ്യം പ്രകടമായിരുന്നു.

80ാം മിനിറ്റിലാണ് രണ്ടാം പകുതിയിലെ മികച്ച നീക്കമുണ്ടായത്. ഫ്രാങ്ക് റിബറിയുടെ ഹെഡ്ഡറില്‍നിന്ന് പന്ത് സ്വീകരിച്ച കബായെ ബോക്‌സിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും ഡാനി വെല്‍ബെക്കിന്റെ കാലിലിടിച്ച് പന്ത് പുറത്തേയ്ക്ക് പോയി. 85ാം മിനിറ്റില്‍ ബെന്‍സിമയുടെ ഗോള്‍ ശ്രമവും സമാനമായ രീതിയില്‍ പരാജയപ്പെട്ടു. ഇക്കുറി ഷോട്ട് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്റ്റീവന്‍ ജെറാര്‍ഡിന്റെ മുഖത്തിടിച്ചാണ് പുറത്തേയ്ക്ക് പോയത്.

Advertisement