എഡിറ്റര്‍
എഡിറ്റര്‍
സ്വീഡനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് കരകയറി
എഡിറ്റര്‍
Saturday 16th June 2012 8:16am

കീവ് (യുക്രെയ്ന്‍): ഇംഗ്ലണ്ടും സ്വീഡനും തമ്മില്‍ നടന്ന തകര്‍പ്പന്‍ പോരാട്ടത്തിനൊടുവില്‍ ഇംഗ്ലണ്ടിനു വിജയം. അടവുകള്‍ മുഴുവന്‍ പയറ്റി കളിച്ച ഇംഗ്ലണ്ട് 3-2ന് സ്വീഡനെ തറപറ്റിച്ചു. ഇംഗ്ലണ്ടിനായി ആന്‍ഡി കാരള്‍, തിയോ വാല്‍കോട്ട്, ഡാനി വെല്‍ബെക്ക് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ സ്വീഡന്റെ രണ്ടു ഗോളുകളും ഒലോഫ് മെല്‍ബര്‍ഗിന്റെ വകയായിരുന്നു.

ആദ്യപകുതിയില്‍ ഇംഗ്ലണ്ട് കാരളിന്റെ ഗോളില്‍ മുന്നിട്ടുനിന്നു. ഈ വിജയത്തോടെ ഇംഗ്ലണ്ടിന് നാലു പോയിന്റായി. ഒരു കളി കൂടി ബാക്കിയുണ്ടെങ്കിലും ആദ്യ രണ്ടു കളികളും തോറ്റ സ്വീഡന്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.

23-ാംമിനിറ്റില്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ സ്റ്റീവന്‍ ജെറാര്‍ഡിന്റെ ലോങ് റേഞ്ചറിലേക്കു പറന്നുയര്‍ന്നു തലവയ്ക്കുകയായിരുന്നു കാരള്‍. രണ്ടു സ്വീഡിഷ് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെയായിരുന്നു ഈ ഹെഡര്‍. ആ ഒരു ഗോള് തന്നെ ഇംഗ്ലണ്ടിന് ഏറെ ആശ്വാസകരമായിരുന്നു

രണ്ടാം പകുതിയുടെ തുടക്കത്തില്‍ സ്വീഡന്‍ ഗോള്‍ മടക്കി. 49-ാംമിനിറ്റില്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെ ഫ്രീക്കിക്കില്‍നിന്നായിരുന്നു സമനില ഗോളിന്റെ തുടക്കം. ഇംഗ്ലിഷ് മതിലില്‍ ഇടിച്ചു തെറിച്ച പന്ത് ഒലോഫ് മെല്‍ബര്‍ഗ് കറക്കിയെടുത്ത് ഗോളിലേക്കു തൊടുത്തു. ഡിഫന്‍ഡര്‍ ജോണ്‍സന്റെ കാലില്‍ തട്ടി പന്ത് വല തൊട്ടു. (1-1).

സമനിലയുടെ ആവേശം മൂത്തതോടെ സ്വീഡന്‍ ഇരട്ടിവേഗത്തിലെത്തി. 54-ാംമിനിറ്റില്‍ ഏതാണ്ട് മധ്യവരയ്ക്കടുത്തുനിന്ന് സെബാസ്റ്റിയന്‍ ലാര്‍സന്റെ ഫ്രീകിക്ക്. പോസ്റ്റിനു മുന്നിലേക്കു മഴവില്ലുപോലെ വളഞ്ഞിറങ്ങിയ പന്തിന് മെല്‍ബെര്‍ഗിന്റെ തലസ്പര്‍ശം. (2-1).

64-ാം മിനിറ്റില്‍ ഇംഗ്ലണ്ട് സമനില ഗോള്‍ കണ്ടെത്തി. മൂന്നു മിനിറ്റ് മുമ്പ് കളത്തിലിറങ്ങിയ തിയോ വാല്‍ക്കോട്ടിന്റെ വകയായിരുന്നു അത്. (2-2).
ഇതോടെ സമനില വഴങ്ങിയത് ഇരുടീമുകള്‍ക്ക് സമ്മര്‍ദ്ദം ഇരട്ടിച്ചു.

78-ാംമിനിറ്റില്‍ ഡാനി വെല്‍ബെക്കിന്റെ സൂപ്പര്‍ ഗോള്‍ സ്വീഡന്റെ വലതകര്‍ത്തു. ഇതോടെ വിജയം ഇംഗ്ലണ്ടിന്റെ കൈകളില്‍ ഭദ്രം.

Advertisement