എഡിറ്റര്‍
എഡിറ്റര്‍
അയര്‍ലെന്റിനെ മറിച്ച് ക്രൊയേഷ്യ
എഡിറ്റര്‍
Monday 11th June 2012 9:13am

പോസ്‌നാന്യു (പോളണ്ട്): അയര്‍ലന്റിനെതിരെ ക്രൊയേഷ്യയ്ക്ക് മൂന്നു ഗോളിന്റെ ജയം. മൂന്നാംമിനിറ്റില്‍ മാരിയോ മന്‍ഡ്‌സൂകിച്ച് തുടങ്ങിവച്ച ഗോള്‍വേട്ടയില്‍ അയര്‍ലെന്റ് ടീമിന് പിടിച്ചുനില്‍ക്കാനായില്ല.

സ്‌കോര്‍: ക്രൊയേഷ്യ-3, അയര്‍ലന്‍ഡ്-1. ഇതോടെ, ഗ്രൂപ്പ് സിയില്‍ മൂന്നു പോയിന്റുമായി ക്രൊയേഷ്യ ഒന്നാമതെത്തി.

ഫിഫ ലോകറാങ്കിങ്ങില്‍ എട്ടാം സ്ഥാനത്തുള്ള ക്രൊയേഷ്യ മികച്ച പ്രകടനമാണ് കളിയിലുടനീളം പുറത്തെടുത്തത്. എന്നാല്‍ പല അവസരങ്ങളും മുതലെടുക്കാന്‍ അയര്‍ലെന്റിനായില്ല.

20-ാം മിനിറ്റില്‍ അയര്‍ലെന്റിന്റെ വലകുലുങ്ങിയെങ്കിലും ഡിഫന്‍ഡര്‍ സീന്‍ ലെജര്‍ അയര്‍ലന്‍ഡിനെ ഒപ്പമെത്തിച്ചു. മക്‌ഗെഡി ഉയര്‍ത്തിവിട്ട പന്ത് ലെജര്‍ ഹെഡ് ചെയ്തു വലയിലാക്കി.

പക്ഷേ, ആദ്യപകുതി അവസാനിക്കും വരെ പോലും സമനില പിടിക്കാന്‍ അയര്‍ലെന്റിനായില്ല. നികിക ജെലാവിച് നേടിയ ഗോള്‍ ഓഫ് സൈഡ് ആണെന്നു വ്യക്തമായിരുന്നെങ്കിലും ലൈന്‍സ്മാന്‍ കൊടി ഉയര്‍ത്തിയില്ല. രണ്ടാംപകുതിയുടെ മൂന്നാം മിനിറ്റില്‍ മാരിയോ മന്‍ഡൂകിച്ച് ക്രൊയേഷ്യയുടെ മൂന്നാം ഗോള്‍ നേടി ഡബിള്‍ തികച്ചു.

ഇന്നലത്തെ കളിയിലുടനീളം ഫൗളുകളുടെ ഘോഷയാത്രയായിരുന്നു. അവസാന മിനിറ്റുകളില്‍ അയര്‍ലെന്റ് നടത്തിയ നീക്കങ്ങള്‍ പലതും ഫലം കാണാതെ പോയി. അതേസമയം രണ്ടുഗോളിന്റെ ലീഡ് നിലനിര്‍ത്താനുള്ള ക്രൊയേഷ്യയുടെ ശ്രമങ്ങള്‍ കളിയുടെ രസം നഷ്ടപ്പെടുത്തി.

Advertisement