ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ യു.എ.ഇ ആസ്ഥാനമായ ഇത്തിസലാത്ത് ടെലികോം ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തി. ഇന്നലെ കമ്പനി വൃത്തങ്ങള്‍ ഔദ്യോഗികമായി പുറത്തു വിട്ടതാണ് ഈ വാര്‍ത്ത. ഇതേത്തുടര്‍ന്ന് ഇന്ത്യയിലെ മുഴുവന്‍ ജീവനക്കാരെയും ഇത്തിസലാത്ത് പിരിച്ചു വിടുമെന്നാണ് അറിയുന്നത്.

ഇന്ത്യയിലെ സ്‌പെക്ട്രം ലേലത്തില്‍ വ്യക്തത ഉണ്ടായ ശേഷമേ ഇനി ലേലത്തില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിക്കുകയുള്ളൂവെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. കൂടുതല്‍ നഷ്ടം ഉണ്ടാകാതിരിക്കാനാണ് ഇപ്പോള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നും ഇത്തിസലാത്ത് പുറത്തിറക്കിയ പ്രസ്താവന പറയുന്നു.

സുപ്രീംകോടതി റദ്ദാക്കിയ 122 2ജി ലൈസന്‍സുകളില്‍ 15 എണ്ണം ഇത്തിസലാത്തിന്റേതായിരുന്നു. ഡൈനാമിക്‌സ് ബല്‍വാസ് ഗ്രൂപ്പുമായി ചേര്‍ന്ന് സംയുക്ത സംരംഭമായാണ് ഇത്തിസലാത്ത് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നത്. 45 ശതമാനം ഓഹരി പങ്കാളിത്തമാണ് ഇത്തിസലാത്തിന് പ്രസ്തുത സംരഭത്തില്‍ ഉണ്ടായിരുന്നത്.

ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച വിവരം വരിക്കാരെ ഉടന്‍ അറിയിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബറിലെ കണക്കുകള്‍ പ്രകാരം ഇവര്‍ക്ക് 16.7 ലക്ഷം ഉപഭോക്താക്കള്‍ ഉണ്ടായിരുന്നു.

നേരത്തെ മറ്റൊരു ഗള്‍ഫ് ടെലിക്കോം കമ്പനിയായ ബഹറൈന്‍ ടെലിക്കോമും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയിരുന്നു.