ന്യൂദല്‍ഹി: 2 ജി സ്‌പെക്ട്രം ഇടപാടില്‍ വിദേശനാണ്യ വിനിമയ ചട്ടം (ഫെമ) ലംഘിച്ചതിന്റെ പേരില്‍ 7100 കോടി രൂപ പിഴയടയ്ക്കാന്‍ എത്തിസലാത്ത് ഡി.ബി കമ്പനിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രറേറ്റ് (ഇ.ഡി) നോട്ടീസ് അയച്ചു. ഒരു മാസത്തിനകം നോട്ടീസിന് മറുപടി നല്‍കിയില്ലെങ്കില്‍ മൂന്നിരട്ടി പിഴ നല്‍കേണ്ടി വരുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ദുബായ് ആസ്ഥാനമായുള്ള എത്തിസലാത്ത് കമ്പനിയും ജെനെക്‌സ് എക്‌സിമും വിദേശ നിക്ഷേപത്തിന്റെ പരിധി ലംഘിച്ച് സ്വാന്‍ ടെലികോമില്‍ നിക്ഷേപം നടത്തിത്തിയതിനാണ് പിഴ. സ്വാന്‍ ടെലികോമില്‍ എത്തിസലാത്ത് ദുബായിയും ജെനക്‌സ് എക്‌സിം കമ്പനികള്‍ ഓഹരി നേടിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.

316 കോടി രൂപ വിലവരുന്ന മൂന്ന് ഓഹരികളാണ് എത്തിസലാത്തിനു സ്വാന്‍ ടെലികോം നല്‍കിയത്. ഇതിന് ഫോറിന്‍ ഇന്‍വസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡിന്റെ (എഫ്‌ഐപിബിയുടെ) അനുവാദം ലഭിച്ചിരുന്നില്ല. 47.04 ശതമാനം ഓഹരി ഇങ്ങനെ എത്തിസലാത്ത് നേടി. ജെനെക്‌സ് എക്‌സിം നേടിയ ഓഹരി കൂടി ചേര്‍ന്നാല്‍ ആകെ 49 ശതമാനം വരും. എത്തിസലാത്തിന്റെ നിയന്ത്രണത്തിലാണു സ്വാന്‍ ടെലികോം എന്ന് ഇഡി കണ്ടെത്തി. സ്വാന്‍ എത്തിസലാത്ത് സംയുക്ത സംരംഭത്തില്‍ എത്തിസലാദിന് നിയന്ത്രണ അവകാശം ലഭിച്ചതും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിട്ടുണ്ട്. ജെനെക്‌സ് എക്‌സിം റസിഡന്റ് കാറ്റഗറി എന്ന നിലയില്‍ ഓഹരി പങ്കാളിത്തം നേടിയതും ചട്ട ലംഘനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.