കോഴിക്കോട്: സമസ്തയെ വേദനിപ്പിക്കുന്ന നിലപാട് ലീഗിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. ഇ.കെ സുന്നി വിഭാഗത്തിന്റെ പരാതികള്‍ ലീഗ് അവഗണിക്കില്ല. ഏതായാലും ഇക്കാര്യത്തില്‍ പരസ്യപ്രസ്താവനയ്ക്കില്ല. വിഷയങ്ങള്‍ ഗൗരവമായെടുത്ത് ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മകന്റെ കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മൗനം ഇരട്ടത്താപ്പാണെന്ന് മുഹമ്മദ് ബഷീര്‍ കുറ്റപ്പെടുത്തി. ആര്‍ ബാലകൃഷ്ണപിള്ള ഫോണ്‍ ചെയ്തതിന് അദ്ദേഹത്തിന്റെ മകന്‍ കെ.ബി ഗണേഷ്‌കുമാര്‍ രാജിവെക്കണമെന്ന് പറയുന്ന വി.എസ് മകന്റെ കാര്യത്തില്‍ സ്വീകരിക്കുന്നത് അവസരവാദപരമായ സമീപനമാണ്. മകനെതിരായ ആരോപണങ്ങള്‍ ലോകായുക്തയ്ക്ക് വിട്ടത് അനുചിതമെന്ന് ഹൈക്കോടതി പോലും അഭിപ്രായപ്പെട്ടിട്ടും അതിനെക്കുറിച്ചെല്ലാം വി.എസ് മൗനം പാലിക്കുകയായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ തീരുമാനങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

Subscribe Us:

അഞ്ചാം മന്ത്രി സ്ഥാനത്തിലും ഉടന്‍ പരിഹാരമുണ്ടാകും. ഇനി ഇക്കാര്യം യു.ഡി.എഫില്‍ ചര്‍ച്ചചെയ്യില്ല. ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ പങ്കിടുന്നതിലും ഒരാള്‍ക്ക് ഒരു പദവി ബാധകമാക്കണമെന്നാണ് നലപാടെന്നും അദ്ദേഹം പറഞ്ഞു.