KUNHALIKUTY-BASHEERപൊളിറ്റിക്കല്‍ ഡസ്‌ക്

കോഴിക്കോട്: പി.കെ കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെ പ്രമുഖര്‍ മന്ത്രി പദവിയിലെത്തിയ സാഹചര്യത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയില്‍ അഴിച്ചുപണി ഉടന്‍. ഒരാള്‍ക്ക് ഒരു പദവി എന്ന തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് അഴിച്ചുപണി. നിലവില്‍ ലീഗ് സംസ്ഥാന സെക്രട്ടറിമാരിലൊരാളായ ഇ.ടി മുഹമ്മദ് ബഷീറിനെയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കുഞ്ഞാലിക്കുട്ടിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ബഷീര്‍ അല്ലാതെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ മറ്റൊരു പേരില്ലെന്നാണ് ലീഗ് കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഇ.ടി മുഹമ്മദ് ബഷീറിന് പുറമെ സെക്രട്ടറി സ്ഥാനത്തുള്ള അബ്ദുസ്സമദ് സമദാനി, എം.കെ മുനീര്‍ എന്നിവര്‍ക്കും സ്ഥാനം ഒഴിയേണ്ടി വരും. ഇവര്‍ക്ക് പകരമായി കുട്ടി അഹമ്മദ്കുട്ടി, പി.എം.എ സലാം,പി.വി അബ്ദുല്‍ വഹാബ് എന്നിവരെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

മുസ്‌ലിം ലീഗ് വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് സി.ടി അഹമ്മദലി, ചെര്‍ക്കളം അബ്ദുല്ല, പി.കെ.കെ ബാവ എന്നിവരെയാണ് പരിഗണിക്കുന്നത്. വൈസ്പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്ന ടി.പി അബ്ദുല്‍ ഗഫൂര്‍ മൗലവിയും എ.സി അഹമ്മദും നേരത്തെ മരിച്ചിരുന്നു. ഇവരുടെ ഒഴിവും പുതിയ സ്ഥാനാരഹണത്തോടെ നികത്തപ്പെടും.

ജില്ലാ സെക്രട്ടറിമാരുടെ സ്ഥാനങ്ങളിലും മാറ്റമുണ്ടാവും. വയനാട്ടില്‍ സി മമ്മൂട്ടിക്കും കോഴിക്കോട്  മോയിന്‍കുട്ടിക്കും മലപ്പുറത്ത് പി.വി അബ്ദുല്‍ വഹാബിനും എറണാകുളത്ത് വി.കെ ഇബ്രാഹിംകുഞ്ഞിനും സ്ഥാനമൊഴിയേണ്ടിവരും.

പാര്‍ട്ടിയിലും സര്‍ക്കാറിലും എം.കെ മുനീറിനെ ഒതുക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് കുഞ്ഞാലിക്കുട്ടി. മുനീറിന് അപ്രധാനമായ തദ്ദേശ സ്വയംഭരണ വകുപ്പ് നല്‍കിയപ്പോള്‍ തന്നെ അദ്ദേഹത്തിന് പാര്‍ട്ടിയിലുള്ള ഭാരവാഹിത്വം നഷ്ടപ്പെടുകയും ചെയ്യും. ഇതിന് പുറമെ ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ സ്ഥാനം മുനീര്‍ രാജിവെക്കുകയും ചെയ്തു. ഇതോടെ മുനീറിനെ നിരായുധനാക്കുകയെന്ന ലക്ഷ്യം കുഞ്ഞാലിക്കുട്ടി ഏറെക്കുറെ നിറവേറ്റിയിരിക്കയാണ്.

തിരഞ്ഞെടുപ്പില്‍ സുരക്ഷിതമായ കൊടുവള്ളി മണ്ഡലമായിരുന്നു മുനീര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോഴിക്കോട് സൗത്താണ് ലഭിച്ചത്. ഇവിടെ മുനീര്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ജയിച്ചു കയറിയ ശേഷം തനിക്ക് വിദ്യാഭ്യാസ വകുപ്പ് വേണമെന്നായിരുന്നു മുനീറിന്റെ ആവശ്യം. എന്നാല്‍ പകരം തദ്ദേശ സ്വയംഭരണമാണ് ലഭിച്ചത്.

തിരുവനന്തപുരത്ത് ഇന്ന് ചേരുന്ന മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗത്തില്‍ അഴിച്ചുണിക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.