കോഴിക്കോട്: അഞ്ചാം മന്ത്രി വിഷയത്തില്‍ മുസ്‌ലീം ലീഗ് അധികമായോ അനര്‍ഹമായോ ഒന്നും നേടിയിട്ടില്ലെന്ന് മുസ് ലീം ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. പ്രശ്‌നത്തെ വര്‍ഗീയ വത്കരിക്കാനും സാമുദായികവത്കരിക്കാനുമുള്ള ശ്രമം ഖേദകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് ചേര്‍ന്ന് ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചാം മന്ത്രി പദവിക്ക് പിന്നാലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ മുസ്‌ലിം ലീഗിനെതിരെ തിരിഞ്ഞ സാഹചര്യം ചര്‍ച്ച ചെയ്യുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യം. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കോണ്‍ഗ്രസിനുളളിലെ ഗ്രൂപ്പ് വടംവലികളുടെ ഭാഗമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍.  കോണ്‍ഗ്രസിനുളളിലെ ചില ഗ്രൂപ്പ് താല്‍പര്യങ്ങളാണ് അഞ്ചാം മന്ത്രി വിവാദമുണ്ടാക്കിയത്. മന്ത്രിസഭാ രൂപീകരണ സമയത്ത് കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് ഫോര്‍മൂലയുടെ ഭാഗമായാണ് ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം ലഭിച്ചത്.

സദുദ്ദേശം മനസിലാക്കാതെ അതിനെ വര്‍ഗീയവല്‍ക്കരിക്കാനുളള നീക്കം ഖേദകരമാണ്. ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കാന്‍ കോണ്‍ഗ്രസ് വലിയ വിട്ടുവീഴ്ച്ചയാണ് നടത്തിയത്. ലീഗും വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്. അര നൂറ്റാണ്ടായി ലീഗിന്റെ കൈവശമുണ്ടായിരുന്ന രാജ്യസഭാസീറ്റ് കോണ്‍ഗ്രസിന് വിട്ടു നല്‍കി. അഞ്ചാം മന്ത്രിവിഷയത്തില്‍ ലീഗിനെയും കോണ്‍ഗ്രസിനെയും അകറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

ലീഗിനെതിരെ കുതിര കയറുന്ന ചില കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്കെതിരെ ഹൈക്കമാന്റില്‍ പരാതി നല്‍കുന്ന കാര്യം ഈ ഘട്ടത്തില്‍ ആലോചിക്കുന്നില്ലെന്നും ലീഗ് നേതാക്കള്‍ വ്യക്തമാക്കി.