തിരുവനന്തപുരം: കേരളത്തില്‍ യഥാര്‍ത്ഥ തൗഹീദ് പ്രചരിപ്പിച്ചത് സലഫികളാണെന്ന വാദവുമായി മുസ്‌ലീം ലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബീഷീര്‍ എം.പിയും കെ.പി.എ മജീദും.

മുജാഹിദ് സമ്മേളന പ്രചാരണത്തിന് തയ്യാറാക്കിയ വീഡിയോ ക്ലിപ്പിംഗിലാണ് സുന്നി വിശ്വാസത്തിനെതിരായ ഇരുവരുടേയും പ്രസ്താവന.

കേരളത്തില്‍ യഥാര്‍ത്ഥ തൗഹീദ് പ്രചരിപ്പിച്ചത് സലഫികളാണെന്ന വാദമാണ് ഇരുവരും ഉന്നയിക്കുന്നത്. മുജാഹിദ് വിഭാവനം ചെയ്യുന്ന തൗഹീദാണ് ശരിയായ നവോത്ഥാനമുണ്ടാക്കിയതെന്നും ഇത് ജനങ്ങളിലെത്തിച്ചത് കെ.എന്‍.എം ആണെന്നുമാണ് ഇ.ടി മുഹമ്മദ് ബഷീര്‍ പറയുന്നത്.


Dont Miss തങ്ങളുടെ ജഡ്ജിമാരെ മോദി സര്‍ക്കാര്‍ അനുകൂലികളായി ചിത്രീകരിക്കുന്നത് തെറ്റാണെന്ന് സുപ്രീം കോടതി


എന്നാല്‍ ഇ.ടിയുടെ പ്രസ്താവന അതിരുകടന്നതും അനുചിതവുമാണെന്ന നിലപാടുമായി സമസ്ത രംഗത്തെത്തി. മുജാഹിദ് വിഭാഗം വിഭാവനം ചെയ്യുന്ന തൗഹീദാണ് ശരിയായ നവോഥാനമുണ്ടാക്കിയതെന്ന് വരുത്തിത്തീര്‍ക്കുവാനുള്ള പരിശ്രമം സുന്നി ആശയത്തെ അവമതിക്കലാണെന്ന് സമസ്ത നേതാക്കള്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

മുന്‍കാല ലീഗ് നേതാക്കളായ കെ.എം സീതിസാഹിബ്, എം.കെ ഹാജി, സീതി ഹാജി, അവുക്കാദര്‍കുട്ടി നഹ, എ.വി അബ്ദുറഹ്മാന്‍ ഹാജി തുടങ്ങിയ മുജാഹിദ് നേതാക്കള്‍ സ്വീകരിച്ച പൊതുമര്യാദ പാലിക്കാന്‍ ഇ.ടിയും ബാധ്യസ്ഥനാണെന്ന് പറയുന്ന പ്രസ്താവന കേരളത്തില്‍ സമാധാന അന്തരീക്ഷം വളര്‍ത്തിയതും തൗഹീദ് പരിചയപ്പെടുത്തിയതും മുജാഹിദ് പ്രസ്ഥാനമാണെന്ന് ഇ.ടിയെ പോലുള്ളൊരു രാഷ്ട്രീയ നേതാവ് പറയാന്‍ പാടില്ലാത്തതാണെന്നും കൂട്ടിച്ചേര്‍ത്തു.

പാരമ്പര്യ മുസ്‌ലീം വിശ്വാസത്തെ അന്ധവിശ്വാസമായാണ് കെ.പി.എ മജീദ് വിശേഷിപ്പിക്കുന്നത്. മുസ്‌ലീം സമൂഹം ഇരുട്ടിലും അന്ധവിശ്വാസത്തിലുമായിരുന്ന ഘട്ടത്തില്‍ അവരെ നേര്‍വഴിയിലേക്ക് നയിച്ചവര്‍ സലഫികളാണ് എന്നാണ് അദ്ദേഹം പറയുന്നത്.

മുസ്‌ലീം സമൂഹത്തിലെ അനാചാരം ഇല്ലാതാക്കിയവരും വിദ്യാഭ്യാസമുള്ളവരാക്കിയതും സലഫികളാണെന്ന വാദവും അദ്ദേഹം ഉയര്‍ത്തുന്നു.

മഖ്ബറകള്‍ക്ക് ഇസ്‌ലാമില്‍ പ്രാധാന്യമില്ലെന്ന പ്രസ്താവനക്ക് പിന്നാലെയാണ് കെ.പി.എ മജീദിന്റെ പുതിയ പ്രസ്താവനയും. നാടുകാണിയിലെ മഖ്ബറ തകര്‍ത്ത സംഭവത്തിലും മജീദ് സ്വീകരിച്ചത് സലഫി അനുകൂല നിലപാടായിരുന്നു. മഖ്ബറകള്‍ക്ക് ഇസ് ലാമില്‍ പ്രാധാന്യമില്ലെന്ന മുജാഹിദ് വാദമാണ് മജീദ് ഉയര്‍ത്തിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് തിരുത്തി രംഗത്തെത്തുകയായിരുന്നു മജീദ്.

അതേസമയം ഭൂരിപക്ഷ മുസ് ലീങ്ങളെ അവഹേളിക്കുംവിധമുള്ള രണ്ട് ലീഗ് നേതാക്കളുടേയും നിലപാടിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇ.ടിയുടെ പ്രസ്താവന അതിരു കടന്നതും അനുചിതവുമാണെന്ന് സുന്നി വിഭാഗം നേതാക്കള്‍ സംയുക്തി പ്രസ്താവയില്‍ പറഞ്ഞു. ഇത്തരം പല പ്രസ്താവനകളും അടിക്കടി ആവര്‍ത്തിച്ചതിന് ഇ.ടിയെ പലവട്ടം തിരുത്താന്‍ ശ്രമിച്ചതാണെന്നും പ്രസ്താവനയില്‍ ഇവര്‍ പറഞ്ഞു.