കൊച്ചി: ആര്‍.എസ്.എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നിര്‍ബന്ധപൂര്‍വം വാഹനങ്ങള്‍ തടഞ്ഞ് ബി.ജെ.പി.

കൊച്ചിയില്‍ നിരത്തിലിറങ്ങിയ ഓട്ടോയുള്‍പ്പെടെയുള്ള വാഹനങ്ങളാണ് ബി.ജെ.പിക്കാര്‍ തടഞ്ഞത്. അതേസമയം സ്വകാര്യ കാറുകളുള്‍പ്പെടെയുള്ള വാഹനങ്ങളെ പോകാന്‍ അനുവദിക്കുകയും ചെയ്യുന്നുണ്ട്.

പൊലീസ് നോക്കിനില്‍ക്കെയായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ ഓട്ടോകള്‍ തടഞ്ഞത്. ഓട്ടോയുടെ താക്കോല്‍ ഡ്രൈവറുടെ പക്കല്‍ നിന്നും നിര്‍ബന്ധപൂര്‍വം പ്രവര്‍ത്തകര്‍ ഊരിവാങ്ങിക്കുകയും ചെയ്തു. ഹര്‍ത്താലിന്റെ പ്രയാസം സാധാരണക്കാര്‍ മാത്രം അനുഭവിക്കുന്ന തരത്തിലായിരുന്നു ബി.ജെ.പിയുടെ ഹര്‍ത്താല്‍.


Dont Miss ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വധം; മൂന്ന്‌ പേര്‍ കസ്റ്റഡിയില്‍


രാവിലെ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിരുന്നെങ്കിലും പിന്നീട് കൂടുതല്‍ പ്രവര്‍ത്തകര്‍ നഗരത്തിലിറങ്ങി വാഹനങ്ങള്‍ നിര്‍ബന്ധപൂര്‍വം തടയുകയായിരുന്നു. ഇന്നലെ അര്‍ധരാത്രിയില്‍ മുന്നൊരുക്കങ്ങളില്ലാതെ പെട്ടെന്ന് പ്രഖ്യാപിച്ചതിനാല്‍ തന്നെ ദീര്‍ഘദൂര യാത്രക്കാരൊക്കെ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. പലരും ഇന്ന് രാവിലെയാണ് ഹര്‍ത്താല്‍ വിവരം അറിഞ്ഞതുതന്നെ.

അക്രമസാധ്യത കണക്കിലെടുത്ത് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ സര്‍വീസ് നടത്തേണ്ടെന്ന് ഔദ്യോഗികമായി നിര്‍ദേശം നല്‍കിയിരുന്നു. കൊല്ലത്ത് സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസ്സിന് നേരെ കല്ലേറുണ്ടായിരുന്നതിനെ തുടര്‍ന്നായിരുന്നു ഇത്. ബംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. മൂന്ന് യുവാക്കള്‍ ബസ്സിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ ബസ്സ ഡ്രൈവര്‍ ശ്രീകുമാറിന് പരിക്കേല്‍ക്കുകയും ചെയ്തു.