കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറണാകുളം യു.ഡി.എഫിന് ഒപ്പം നിന്നു. തുടക്കത്തിലേ യു.ഡി.എഫിന് ജില്ലയില്‍ മുന്‍തൂക്കമുണ്ടായിരുന്നു. യു.ഡി.എഫ് 10 എല്‍.ഡി.എഫ് നാല് എന്ന നിലയിലാണ് ആദ്യം മുന്നോട്ടുപോയത്. എന്നാല്‍ അവസാന നിമിഷം പിറവം എല്‍.ഡി.എഫിനെ ചതിക്കുകയായിരുന്നു. പിറവത്ത് തുടക്കം മുതല്‍ വ്യക്തമായ ലീഡിന്‍ മുന്നിട്ടു നിന്നിരുന്ന സിറ്റിംങ് എം.എല്‍.എ എം.ജെ ജേക്കബ് അവസാന നിമിഷം പിന്നിലായത് എല്‍.ഡി.എഫിനെ ഞെട്ടിച്ചു. ഇവിടെ യു.ഡി.എഫിന്റെ ടി.എം ജേക്കബ് വെറും 157 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

പറവൂരും തുടക്കത്തില്‍ എല്‍.ഡി.എഫിന് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ മണ്ഡലത്തിലെ പകുതി വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഫലം വിഡി സതീശന് അനുകൂലമാവുകയായിരുന്നു. തുടക്കത്തില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന് ഒപ്പത്തിനൊപ്പം എന്ന നിലയില്‍ മുന്നോട്ടുപോയ സതീശന്‍ അവസാന മണിക്കൂറുകളില്‍ 11,349 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നതാണ് കാണാനായത്.

ഏറണാകുളത്ത് സെബാസ്റ്റ്യന്‍ പോളിനെ നിര്‍ത്തിയത് യു.ഡി.എഫിന് കനത്ത വെല്ലുവിളിയായിരിക്കുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാല്‍ ആ പ്രതീക്ഷകളെ തകിടം മറിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മുന്നേറ്റം. മൂവാറ്റുപുഴയില്‍ കഴിഞ്ഞ തവണ 13,225 വോട്ടുകള്‍ക്ക് വിജയിച്ച ബാബു പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസഫ് വാഴക്കാന്റെ മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു.

പുതുതായി രൂപീകരിച്ച കളമശ്ശേരി, തൃക്കാക്കര മണ്ഡലങ്ങള്‍ യു.ഡി.എഫിനൊപ്പം നില്‍ക്കുന്നതായാണ് കാണാന്‍ കഴിയുന്നത്. കൂടാതെ കഴിഞ്ഞ തവണ എല്‍.ഡി.എഫിനൊപ്പം നിന്ന പിറവം, മൂവാറ്റുപുഴ, കുന്നത്തുനാട്, ആലുവ, കോതമംഗലം തുടങ്ങിയ മണ്ഡലങ്ങള്‍ വലതുവശം ചാഞ്ഞു. എന്നാല്‍ ഇതില്‍ ആലുവയിലേത് ഒഴിച്ചാല്‍ തിളക്കമാര്‍ന്ന വിജയം എന്ന് യു.ഡി.എഫിന് ചൂണ്ടിക്കാട്ടാവുന്ന ഒന്നുതന്നെ ഇല്ല. അതുകൊണ്ടുതന്നെ മുന്നണി ബന്ധങ്ങളിലുണ്ടായ മാറ്റമാണ് ഈ തോല്‍വിക്ക് പിന്നിലെന്ന് അനുമാനിക്കാം.

എന്നാല്‍ ഏറണാകുളം, തൃപ്പൂണിത്തറ, ആലുവ, തുടങ്ങിയ മണ്ഡലങ്ങളിലെ യു.ഡി.എഫിന്റെ വന്‍ഭൂരിപക്ഷം എല്‍.ഡി.എഫിന് തിരിച്ചടിയായിട്ടുണ്ട്. പ്രത്യേകിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഹൈബി ഈഡന്റെ ഏറണാകുളത്തെ വിജയം. 2006ലെ തിരഞ്ഞെടുപ്പില്‍ വെറും 8,620 വോട്ടുകള്‍ക്ക് യു.ഡി.എഫി വിജയിച്ച ഇവിടെ ഇത്തവണ 32,437 വോട്ടുകള്‍ക്കാണ് ഈഡന്‍ വിജയിച്ചിരിക്കുന്നത്. അങ്ങനെനോക്കുമ്പോള്‍ ഏറണാകുളം ജില്ലയില്‍ മുന്നണി സമവാക്യത്തിലുണ്ടായ മാറ്റങ്ങള്‍ക്കുപുറമേ, സാമുദായിക വോട്ടുകളുടെ ധ്രുവീകരണവും ഉണ്ടായിട്ടുണ്ടെന്ന് ഉറപ്പിച്ചു പറയാം. ലത്തീന്‍ കത്തോലിക്കാ സ്വാധീനമുളള പ്രദേശങ്ങളില്‍ ഭൂരിപക്ഷം വര്‍ധിച്ചതും ഈ വാദത്തിന് ശക്തിപകരുന്നതാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെത്തുടര്‍ന്ന് ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള സമീപനത്തില്‍ എല്‍.ഡി.എഫ് വരുത്തിയ മാറ്റങ്ങള്‍ കാര്യമായ ഗുണമൊന്നുമുണ്ടാക്കിയില്ലെന്നാണ് വ്യക്തമാകുന്നത്.

എല്‍.ഡി.എഫില്‍ വിജയിച്ച ജോസ് തെറ്റയിലിന് ഭൂരിപക്ഷം വര്‍ധിപ്പിച്ചത് ഭരണ വിരുദ്ധ വികാരം പരാജയത്തിന് കാരണമായിട്ടില്ല എന്ന സൂചിപ്പിക്കുന്നു. എങ്കിലും പ്രതീക്ഷിച്ചത്ര തിരിച്ചടി എല്‍.ഡി.എഫിനുണ്ടായിട്ടില്ല എന്നതിനാല്‍ യു.ഡി.എഫിന് അഭിമാന വിജയമല്ല മറിച്ച് ആശ്വാസ വിജയമാണ് ജില്ലയില്‍ ലഭിച്ചിരിക്കുന്നതെന്ന് പറയാം.

ERNAKULAM

Assembly Leading Vote Party Nearest Rival Vote Party Lead
PERUMBAVOOR SAJU PAUL 59628 CPI (M) ADV.JAISON JOSEPH 56246 INC 3382
ANGAMALY ADV.JOSE THETTAYIL 61500 JD (S) ADV.JOHNY NELLUR 54330 KC (J) 7170
ALUVA ANWAR SADATH 64244 INC A.M.YOUSAF 51030 CPI (M) 13214
KALAMASSERY V.K.EBRAHIM KUNJU 62843 MLKSC CHANDRAN PILLAI 55054 CPI (M) 7789
PARAVUR ADV.V.D.SATHEESAN 74632 INC PANNIAN RAVEENDRAN 63283 CPI 11349
VYPEN S.SHARMA 60814 CPI (M) AJAY THARAYIL 55572 INC 5242
KOCHI DOMINIC PRESENTATION 56352 INC M.C. JOSPHINE 39849 CPI (M) 16503
THRIPUNITHURA K.BABU 69886 INC C.M. DINESH MANI 54108 CPI (M) 15778
ERANAKULAM HIBI EDEN 59919 INC DR.SEBASTIAN PAUL 27482 IND(LDF) 32437
THRIKKAKARA BENNY BEHANAN 65854 INC M.E.HASSAINAR 43448 CPI (M) 22406
KUNNATHUNAD V.P. SAJEENDRAN 63624 INC M.A. SURENDRAN 54892 CPI (M) 8732
PIRAVOM T M JACOB 66503 KC (J) M J JACOB 66346 CPI (M) 157
MUVATTUPUZHA JOSEPH VAZHAKKAN 58012 INC BABU PAUL 52849 CPI 5163
KOTHAMANGALAM SHEV.T.U. KURUVILLA 52924 KC (M) COMM. SKARIAH THOMAS 40702 IND(LDF) 12222
LDF – 3 UDF – 11 BJP – 0 OTH – 0