Categories

ചെല്‍സിയില്‍ നിന്നും ആന്ദ്രെ വിലാസ് ബോസോവ് പുറത്ത്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ചെല്‍സി പരിശീലക സ്ഥാനത്തുനിന്ന് പോര്‍ച്ചുഗീസുകാരന്‍ ആന്ദ്രെ വിലാസ് ബോവാസിനെ പുറത്താക്കി. കഴിഞ്ഞ ദിവസം നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ വെസ്റ്റ് ബ്രോംവിച്ചിനോട് ചെല്‍സി തോറ്റതിന് (1-0)തൊട്ടുപിന്നാലെയാണ് നടപടി.

ആദ്യം ചെല്‍സിയുടെയും ഇപ്പോള്‍ റയല്‍ മാഡ്രിഡ് പരിശീലകനുമായ ഹോസെ മൗറീന്യോയുടെ ശിഷ്യനായ ബോവാസ് കഴിഞ്ഞ സീസണില്‍ പോര്‍ച്ചുഗല്‍ ടീം പോര്‍ട്ടോയുടെ കോച്ചായിരുന്നു.

ക്ലബ്ബിന്റെ മോശം ഫോം തുടരുന്ന സാഹചര്യത്തിലാണ് ബോവാസിനെ പുറത്താക്കാന്‍ ക്ലബ്ബുടമ റോമന്‍ അബ്രമോവിച്ച് തീരുമാനിച്ചത്. ബോവാസിന്റെ അസിസ്റ്റന്റായിരുന്ന റോബര്‍ട്ടോ ഡി മറ്റോയെ താത്കാലിക പരിശീലകനായി നിയമിച്ചിട്ടുണ്ട്.

സീസണില്‍ ഒരുമത്സരം പോലും തോല്‍ക്കാതെ പോര്‍ട്ടോയെ പോര്‍ച്ചുഗലിലും യൂറോപ്പ ലീഗിലും ചാമ്പ്യന്മാരാക്കിയതോടെയാണ് അദ്ദേഹത്തെ ചെല്‍സിയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍, ചെല്‍സിയില്‍ ടീമിനെ ഇതേ നിലയിലേക്കുയര്‍ത്താന്‍ ബോവാസിനായില്ല.

കഴിഞ്ഞ ജൂണില്‍ ചുമതലയേറ്റ ബോവാസിനുകീഴില്‍ 40 മത്സരങ്ങളാണ് ചെല്‍സി കളിച്ചത്. 19 എണ്ണത്തില്‍ വിജയിക്കാനായപ്പോള്‍, 10 എണ്ണം തോറ്റു. 11 എണ്ണം സമനിലയിലുമായി. പ്രീമിയര്‍ ലീഗില്‍ ആദ്യ നാലു സ്ഥാനങ്ങളില്‍ എത്തുന്ന കാര്യംപോലും സംശയത്തിലായതോടെയാണ് 105 കോടി രൂപ മുടക്കി ക്ലബ്ബിലെത്തിച്ച പരിശീലകനെ പുറത്താക്കാന്‍ ക്ലബ് തീരുമാനിച്ചത്.

ഇപ്പോള്‍ 46 പോയന്റുള്ള ചെല്‍സി അഞ്ചാം സ്ഥാനത്താണ്. പ്രീമിയര്‍ ലീഗില്‍ ആദ്യ നാല് സ്ഥാനങ്ങളിലൊന്ന് സ്വന്തമാക്കിയില്ലെങ്കില്‍ അടുത്ത സീസണില്‍ ക്ലബ്ബിന് ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനാവില്ല. ബര്‍മിങ്ങാം സിറ്റിയുമായി ചൊവ്വാഴ്ച അഞ്ചാം റൗണ്ട് രണ്ടാംപാദ മത്സരം കളിക്കാനിരിക്കെയാണ് കോച്ചിന്റെ പുറത്താകല്‍. സീസണില്‍ എഫ്.എ.കപ്പില്‍ മാത്രമാണ് ചെല്‍സിക്ക് കിരീടപ്രതീക്ഷയുള്ളത്.

കഴിഞ്ഞ 12 മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രം വിജയിക്കാനായ ചെല്‍സി, പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്താണിപ്പോള്‍. ചാമ്പ്യന്‍സ് ലീഗില്‍ നോക്കൗട്ടിലെ ആദ്യപാദത്തില്‍ ഇറ്റാലിയന്‍ ടീം നാപ്പോളിയോട് 31നും ചെല്‍സി തോറ്റിരുന്നു.

Malayalam news

Kerala news in English