Categories

ബ്ലാക്ക് ബേണ്‍-പൂനെ എഫ്.സി മത്സരം ഇന്ന്

പുനൈ: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ ക്ലബ്ബുകളിലൊന്നായ ബ്ലാക് ബേണ്‍ റോവേഴ്‌സും ഐ ലീഗ് ക്ലബ്ബായ പുനെ എഫ്.സിയും തമ്മില്‍ ഇന്ന് നേര്‍ക്കുനേര്‍ പോരാട്ടം. വൈകീട്ട് 6.30ന് പൂനെയിലെ ഛത്രപതി ശിവജി സ്റ്റേഡിയത്തിലാണ് മത്സരം.

ഇതാദ്യമായാണ് ഒരു ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് ടീം ഇന്ത്യയില്‍ രാജ്യാന്തര പ്രദര്‍ശന മല്‍സരത്തിനെത്തുന്നത്. ലയണല്‍ മെസ്സിയുടെ അര്‍ജന്റീന വെനസ്വാലക്കെതിരെ കൊല്‍ക്കത്തയില്‍ കളിച്ച് പോയതിന് പിന്നാലെയാണ് ബ്ലാക്ക് ബേണിന്റെ ഇന്ത്യയിലേക്കുള്ള വരവ്.

ഇന്ത്യന്‍ വ്യവസായികളും ബ്ലാക്‌ബേണ്‍ ടീം ഉടമകളുമായ വെങ്കി ഗ്രൂപ്പിന്റെ ശ്രമഫലമായാണ് ടീമിന്ത്യയിലേക്കെത്തുന്നത്. കഴിഞ്ഞ ജൂലൈയില്‍ ഇന്ത്യാ സന്ദര്‍ശനം നടത്താന്‍ ക്ലബ്ബ് അധികൃതര്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍ പിന്നീട് മുംബൈ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പര്യാടനം നീട്ടുകയായിരുന്നു.

ന്യൂസീലന്‍ഡ് ക്യാപ്റ്റനായ റിയാന്‍ നെല്‍സണാണ് ബ്ലാക്ക്‌ബേണിന്റേയും ക്യാപ്റ്റന്‍. മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ഡ്യൂണ്‍, മുന്‍ സ്പാനിഷ് താരം മൈക്കല്‍ സാല്‍ഗാഡോ, നൈജീരിയക്കാരന്‍ സ്‌ട്രൈക്കര്‍ അയേഗ്‌ബെനി യാക്കൂബു തുടങ്ങിയ പ്രമുഖരുമായാണ് ബ്ലാക്ക്‌ബേണ്‍ ഇന്ത്യയിലെത്തിയിരിക്കുന്നത്.

അതേസമയം നാട്ടുകാരുടെ പിന്തുണയോടെ ഇംഗ്ലീഷ് ടീമിനെതിരെ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷയിലാണ പൂനെ എഫ്.സി. അടുത്തിടെ സമാപിച്ച ഫെഡറേഷന്‍ കപ്പിന്റെ നോക്ക്-ഔട്ട് സ്‌റ്റേജിനപ്പുറത്തേക്ക് മുന്നേറാന്‍ കഴിഞ്ഞില്ലെങ്കിലും കഴിഞ്ഞ വര്‍ഷം ഐ.ലീഗില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു പൂനെ ടീം.

എന്നാല്‍ പരിക്ക് കാരണം ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായ സുബ്രതോ പാല്‍ ടീമിലില്ലാത്തത് പൂനെ ടീമിന് തിരിച്ചടിയാവും. ക്യാപ്റ്റന്‍ വെങ്കിടേഷ്, ഇന്ത്യന്‍ സ്‌ട്രൈക്കര്‍ ജെ.ജെ ലാല്‍ പുഖേല, ജപ്പാന്‍ താരം ആര്‍ത ഇസ്മി, നൈജീരിയയുടെ ചിക്കാവാലി, ഐവറി കോസ്റ്റിന്റെ ഡോഹു പിയര്‍ എന്നിവരാണ് പൂനെ നിരയിലെ മറ്റ് പ്രമുഖ താരങ്ങള്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.